Connect with us

Articles

ഭീകരവാദം: വൈകാരികത പരിഹാരമല്ല

Published

|

Last Updated

രാജ്യം നേരിട്ട ഭീകരാക്രമണങ്ങളിൽ ഒടുവിലത്തേതാണ് പുൽവാമയിൽ നാൽപതോളം സൈനികരുടെ ജീവൻ അപഹരിച്ച ചാവേറാക്രമണം. 1980ന് ശേഷം ഏറ്റവും കൂടുതൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്ന തീവ്രവാദ ആക്രമണവുമായിരുന്നു പുൽവാമയിൽ അരങ്ങേറിയത്. ഹീനവും കിരാതവുമായ ആക്രമണത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുകയും സ്വദേശിയായ ആദിൽ അഹ്മദാണ് ചാവേറായി പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്തു. ക്രൂരവും പൈശാചികവുമായ ആക്രമണത്തിനെതിരെ രാജ്യമൊട്ടുക്കും വൈകാരികമായ പ്രതികരണങ്ങൾ മുഴങ്ങുന്നുണ്ട്. തീവ്രവാദികൾക്കെതിരെയും പരോക്ഷമായി അവർക്ക് പിന്തുണ നൽകുന്ന പ്രതിലോമശക്തികൾക്കെതിരെയും കടുത്ത തിരിച്ചടി നൽകുന്നതിനുള്ള സാധ്യതകൾ വിദൂരത്തുമല്ല. എന്നാൽ അൽപ്പായുസ്സ് മാത്രമുള്ള അതിവൈകാരികമായ പ്രതികരണങ്ങളും പ്രതിപ്രവർത്തനങ്ങളും എത്രത്തോളം പരിഹാരമാവുന്നുണ്ട് എന്ന് ആലോചിക്കേണ്ടതുണ്ട്. തീവ്രവാദികൾക്കെതിരെയുള്ള അപ്രതീക്ഷിതമായ തിരിച്ചടികളിലൂടെ ജനങ്ങളുടെ വൈകാരിക പ്രതികരണങ്ങൾക്ക് ശമനം വരുത്താൻ സാധിക്കുമെങ്കിലും ഇത് ഒരിക്കലും എന്നെന്നേക്കുമുള്ള പരിഹാര മാർഗമല്ല, മറിച്ച് എതിരാളികൾക്ക് കൂടുതൽ ശക്തിയോടെ തിരിച്ചടിക്കാനുള്ള പ്രചോദനമായി മാറുകയാണ്. പ്രത്യുത ഇത്തരം ആക്രമണങ്ങളുടെ കാരണങ്ങളെയും സാഹചര്യങ്ങളെയും അപഗ്രഥിച്ച് ബൗദ്ധിക ഇടപെടലുകളിലൂടെ പരിഹാരം കണ്ടെത്താനുള്ള വഴികളാണ് ഭരണകൂടവും ബന്ധപ്പെട്ടവരും തേടേണ്ടത്.

കശ്മീർ തർക്കത്തിന് ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തോളം പഴക്കമുണ്ട്. സ്വാതന്ത്ര്യാനന്തരം ഇരു രാജ്യങ്ങും കശ്മീരിന് മേൽ ചരിത്രപരവും മതപരവുമായ കാരണങ്ങൾ നിരത്തി അവകാശവാദം ഉന്നയിച്ചു. ഇന്ത്യയുടെ ഔദ്യോഗിക നിലപാട് പ്രകാരം കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പാക്കിസ്ഥാന്റെ വീക്ഷണ പ്രകാരം കശ്മീർ അവരുടെ ജുഗുലാർ( കഴുത്തിലെ) സിരയുമാണ്. ഇതപര്യന്തം രാജ്യങ്ങൾക്കിടയിൽ നാല് യുദ്ധങ്ങളുണ്ടാകുകയും സൈനികരും പ്രദേശവാസികളുമുൾപ്പെടെ മുപ്പതിനായിരത്തോളം പേരുടെ ജീവൻ പൊലിയാൻ കാരണമാവുകയും ചെയ്തു. ഇതേ തുടർന്ന് രൂപപ്പെട്ട തർക്കങ്ങൾ എല്ലാ സീമകളെയും ലംഘിച്ച് അതിന്റെ മൂർത്തീഭാവം പ്രകടിപ്പിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കിടയിൽ നയതന്ത്രചർച്ചകളിലൂടെ യു എൻ വെടിനിർത്തൽ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇതിന്റെ നഗ്നമായ ലംഘനമാണ് കാണാനായത്. കശ്മീർ പ്രശ്‌നം ലോകവേദികളിൽ ചർച്ചയാവുന്നതും ഇരു രാജ്യങ്ങളും അവിടെ അനഭിമതരാക്കപ്പെടുന്നതും സാധാരണയായി മാറി. ആദ്യ കാലങ്ങളിൽ വിദേശത്ത് നിന്നുള്ള ഭീഷണിയായിരുന്നു രാജ്യം നേരിട്ടതെങ്കിലും പിന്നീട് പ്രാദേശികമായി ഭീകരപ്രവർത്തനങ്ങൾ വ്യാപിക്കുകയുണ്ടായി. അതിന്റെ ഉപോത്പന്നമാണ് അവസാനമായി ചാവേറായി പൊട്ടിത്തെറിച്ച ആദിൽ അഹ്മദ് ദർ.
സൈന്യത്തിൽ നിന്നുള്ള ദുരനുഭവമാണ് ആദിൽ അഹ്മദിനെ ഈ ദുഷ്‌ചെയ്തികൾക്ക് പ്രേരിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ വ്യക്തമാക്കുന്നുണ്ട്. പിതാവ് ഗുലാം ഹസ്സൻ ദർ ഇന്ത്യൻ എക്‌സ്പ്രസ്സിനോട് വ്യക്തമാക്കുന്നതിങ്ങനെ: ഒരു ദിവസം സ്‌കൂളിൽ നിന്ന് മടങ്ങുന്ന നേരം അവന് സൈന്യത്തിൽ നിന്ന് അകാരണമായി ശകാരവാക്കുകളും ആക്രമണങ്ങളും ഏൽക്കേണ്ടി വന്നു, കല്ലേറിൽ പങ്കെടുത്തു എന്നാരോപിച്ചായിരുന്നു മർദ്ദനം. ശേഷം എപ്പോഴും പ്രതികാരത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഈ പ്രതികാരദാഹമാണ് അവനെ തീവ്രവാദിയാക്കിയതെന്നാണ് എനിക്ക് തോന്നുന്നത്.

മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി നമ്മുടെ നിയന്ത്രണത്തിലുള്ള കശ്മീരിൽ നിന്ന് തന്നെ രാജ്യം ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. 2014 ൽ ഭീകരവാദപ്രസ്ഥാനങ്ങളിലേക്ക് ചേക്കേറിയവരുടെ എണ്ണം 53 ആയിരുന്നു. 2017 ആവുമ്പോഴേക്കും 126 ഉം എന്നാൽ 2018 ആവുമ്പോഴേക്കും അത് 191 ലേക്കും എത്തിയിട്ടുണ്ട് എന്ന ഔദ്യോഗിക വിവരങ്ങൾ നൽകുന്ന സൂചനകൾ നല്ലതല്ല. രാജ്യത്തെ ഭരണകൂടങ്ങളിലുള്ള വിശ്വാസ്യതയും പ്രതീക്ഷയും അസ്തമിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നീക്കു പോക്കുകളിലേക്ക് യുവാക്കൾ നീങ്ങുന്നത്.
സൈന്യത്തിൽ നിന്നുള്ള ദുരനുഭവങ്ങൾ, വിദ്യാഭ്യാസത്തിന്റെ അഭാവം, തൊഴിലില്ലായ്മ, പൊതു ഇടങ്ങളിലെ അപഹാസ്യങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളാണ് തീവ്രവാദത്തിലേക്കും ഭീകരപ്രസ്ഥാനങ്ങളിലേക്കും യുവാക്കളെ കൊണ്ടെത്തിക്കുന്നത്. പുൽവാമ ആക്രമണത്തിന് ആദിൽ മുതിർന്നത് സൈന്യത്തിൽ നിന്നുള്ള ദുരനുഭവം മൂലമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് വ്യക്തമാക്കുന്നുമുണ്ട്. ഇത്തരം പ്രതിസന്ധികൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം തേടുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന കർമരേഖകളും പദ്ധതികളും ആവിഷ്‌കരിച്ച് കൊണ്ടായിരിക്കണം രാജ്യം ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് പരിഹാരക്രിയ തേടേണ്ടത്.
പ്രധാനമായും തങ്ങൾ അരക്ഷിതരും അരികുവത്കരിക്കപ്പെട്ടവരാണെന്നുമുള്ള ബോധം മാറ്റിയെടുക്കുന്നതിലാണ് ഭരണകൂടം ശ്രദ്ധ പതിപ്പിക്കേണ്ടത്. തർക്ക പ്രദേശമായതിനാൽ തന്നെ നിരന്തരം സൈനിക നിരീക്ഷണത്തിലുള്ള മേഖലകളാണ് കശ്മീരിന്റെ പല ഭാഗങ്ങളും. ഇവിടങ്ങളിൽ അഫ്‌സ്പ, പബ്ലിക് സേഫ്റ്റി ആക്ട് തുടങ്ങിയ പ്രത്യേക അധികാരങ്ങൾ ഭരണകൂടം സൈന്യത്തിന് അനുവദിക്കുന്നുമുണ്ട്. രാജ്യത്തിന്റെ സുരക്ഷക്കും സംരക്ഷണത്തിനും ഇത് ആവശ്യമാണെങ്കിലും പലപ്പോഴും ഇത് ചുരുക്കം ചിലരാൽ ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്ന പരാതികളും ഉയരുന്നു. കുറ്റമാരോപിച്ച് അഭിമാനക്ഷതവും ആക്രമണങ്ങളും നടത്തുന്നത് പ്രദേശവാസികളിൽ സൃഷ്ടിക്കുന്ന അലോസരത ചെറുതല്ല. ദേശീയ ഏജൻസികൾ നടത്തിയ അന്വേഷണങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ കശ്മീരിൽ സാധാരണയായിട്ടുണ്ട് എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. പ്രദേശവാസികളിൽ ഇത്തരം പ്രവണതകൾ രാജ്യവിരുദ്ധമായ ചിന്തകൾ മുളച്ച് പൊന്താൻ വഴിവെക്കുകയും ചെയ്യുന്നു. 2016 മാർച്ചിന്റെയും 2017 ഏപ്രിലിന്റെയും ഇടയിലായി സ്ത്രീ പുരുഷ ഭേദമന്യേ ആയിരത്തോളം പേരാണ് തടവിലാക്കപ്പെട്ടത്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. കശ്മീർ നിയമസഭയിൽ 2018 ജനുവരി 18ന് മുഖ്യമന്ത്രി അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം 6,221 പേർക്ക് പരുക്കേറ്റുവെന്നാണ് വിവരം. പെല്ലറ്റ് ബോംബാക്രമണത്തിന് കൂടുതലും ഇരയായത് പ്രദേശവാസികളായ നിരപരാധികളായിരുന്നു. അതിർത്തികളിൽ ആക്രമണങ്ങളിൽ കൂടുതലായും ഇരയാക്കപ്പെടുന്നത് പ്രദേശവാസികളാണെന്നാണ് കണക്കുകൾ സംസാരിക്കുന്നത്. ഈ രീതിയിലുള്ള ഇടപെടലുകൾ പ്രദേശവാസികളിൽ നിഷേധ ചിന്താഗതി വളർത്തിയെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

ഇന്ത്യൻ ആര്യൻ നാഗരിക വത്കരണത്തിന്റെ പ്രാരംഭകാലത്ത് പേർഷ്യൻ, സംസ്‌കൃത ഭാഷകളുടെ പഠനകേന്ദ്രമായിരുന്നു ജമ്മു കശ്മീർ. ദൗർഭാഗ്യകരമെന്ന് പറയാം, വിഭജനാനന്തരം വൈജ്ഞാനിക മേഖലയിൽ കാര്യമായ മുന്നേറ്റം ഈ പ്രദേശങ്ങളിൽ സൃഷ്ടിച്ചെടുക്കാനായില്ല. 2009ലെ സെൻസസ് പ്രകാരം കശ്മീരിന്റെ സാക്ഷരതാ നിരക്ക് 59 ശതമാനമാണ്. വിദ്യാഭ്യാസം മനുഷ്യന്റെ വൈയക്തിക, സാമൂഹിക ഇടപെടലുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. മികച്ച സാമൂഹ്യ കാഴ്ചപ്പാടും വ്യക്തിത്വവും ഒരു മനുഷ്യനിൽ രൂപീകരിക്കുന്നതിൽ വിദ്യാഭ്യാസത്തിന് നിസ്തുലമായ പങ്കുണ്ട്. ഇന്ത്യ- പാക് തർക്കങ്ങൾ വിദ്യാഭ്യാസ മേഖലയെ നിർജീവമാക്കുന്നതിന് ഹേതുവായിട്ടുണ്ട്. ആക്രമണ പ്രത്യാക്രമണങ്ങളിൽ ഈ മേഖലയിലെ നൂറുക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ സൗകര്യങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. 2016 ലെ ഷെല്ലാക്രമണത്തിൽ ജമ്മു, സാമ്പ, കത്വ ജില്ലകളിലെ 300 ഓളം സ്‌കൂളുകൾ തകർക്കപ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരന്തരം തുടരുന്ന ആക്രമണങ്ങൾ കാരണമായി വിദ്യാഭ്യാസ മേഖല അതിഭീകരമായ ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. തുടരെത്തുടരെയുള്ള ആക്രമണങ്ങൾ വിദ്യാർഥികളിൽ അരക്ഷിതബോധവും അസഹിഷ്ണുതാ മനോഭാവവും ഉണ്ടാക്കുന്നതിന് കാരണമാവുന്നുണ്ട്. 2014 ൽ കൊൽക്കത്തയിലെയും ശ്രീനഗറിലെയും സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ നടത്തിയ താരതമ്യ പഠനം വ്യക്തമാക്കുന്നത് കശ്മീരിലെ വിദ്യാർഥികൾ വൈകാരിക സ്വഭാവമുള്ളവരും നിഷേധ മനോഭാവം വെച്ചുപുലർത്തുന്നവരുമാണെന്നുമുള്ള യാഥാർഥ്യമാണ്. ഇത് വിദ്യാഭ്യാസത്തോടുള്ള താത്പര്യം കുറക്കുകയും മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതരാവാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കശ്മീരിലെ സൈനിക ക്യാമ്പുകളിൽ 79 ശതമാനവും സ്‌കൂളുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കൊളംബിയ കേന്ദ്രമാക്കിയുള്ള പഠനസംഘത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വളർന്ന് വരുന്നതിനാൽ തന്നെ അരക്ഷിതബോധവും ഇടുങ്ങിയ ചിന്താഗതിയും വിദ്യാർഥികളിൽ രൂപപ്പെടുകയും അത് ഇതര പ്രവർത്തനങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. ഈയടുത്ത കാലത്തായി വിദ്യാഭ്യാസത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അതിലേക്ക് അടുപ്പിക്കാനും ഭരണകൂടങ്ങൾ പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും അത് പൂർണ വിജയം കണ്ടിട്ടില്ല. പ്രാദേശിക ഭീകരവാദം വളർന്നു വരുന്നതിനെ തടയിടാനായി വൈകാരിക പ്രതികരണങ്ങളും പ്രതിഷേധങ്ങളുമല്ല ആവശ്യം; വിവേക പൂർണമായ ഇടപെടലുകളാണ്. അത്തരത്തിലുള്ള ഇടപെടലുകളുടെ പ്രകടമായ ഉദാഹരണങ്ങളാണ് മർകസ് കശ്മീരി ഹോമും കശ്മീർ കേന്ദ്രീകരിച്ചുള്ള മർകസിന്റെ പ്രവർത്തനങ്ങളും. ഇത്തരം ഇടപെടലുകളിലൂടെ രാജ്യത്തോട് പ്രതിബദ്ധതയും കൂറുമുള്ള യുവതലമുറയെ വാർത്തെടുക്കാനാവുമെന്നതിൽ സന്ദേഹമേതുമില്ല.
യുവാക്കൾ ഭീകരവാദ പ്രസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതിൽ രൂക്ഷമായ തൊഴിലില്ലായ്മ കാരണമാകുന്നുണ്ട്. തൊഴിൽ സാധ്യതകളുടെ അഭാവവും ഇതരസ്ഥലങ്ങളിൽ നിന്ന് കശ്മീരിയാണെന്നതിന്റെ പേരിൽ അനുഭവിക്കുന്ന അവഗണനകളും അവരുടെ ഉപബോധ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നു. ഇത് നിഷേധ ചിന്ത വളർത്തിയെടുക്കുകയും ഉത്തരവാദപ്പെട്ടവർക്കെതിരെയുള്ള അസംതൃപ്തി വർധിക്കാനിടവരുത്തുകയും ചെയ്യുന്നു. 2001 ലെ സെൻസസ് പ്രകാരം ജമ്മുകശ്മീരിലെ ജനസംഖ്യ 101.44 ലക്ഷമായിരുന്നു, എന്നാൽ 2011 ആവുമ്പോഴേക്കും ഇത് 125.49 ലക്ഷമായി ഉയർന്നു. പക്ഷേ, ഇതിന് ആനുപാതികമായി തൊഴിൽ സാധ്യതകൾ വർധിച്ചിട്ടില്ല. അവസാനമായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി നടത്തിയ പഠനപ്രകാരം സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 12.13 ശതമാനമാണ്. അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് പോലും അനുയോജ്യമായ ജോലിസാധ്യതകൾ ഈ മേഖലകളിൽ ലഭ്യമല്ല. എംപ്ലോയ്‌മെന്റ് ആൻഡ് കൗൺസിലിംഗ് സെന്ററിൽ തൊഴിലിനായി രജിസ്റ്റർ ചെയ്തത് 85,944 പേരാണ്. ഇതിൽ 42,219 കശ്മീർ സ്വദേശികളും 45,821 ജമ്മു സ്വദേശികളുമാണ്. രൂക്ഷമായ തൊഴിലില്ലായ്മ മൂലം വലയുന്ന, അസംതൃപ്തരായ യുവാക്കളെ പ്രലോഭനങ്ങളിൽ വീഴ്ത്തി തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിപ്പിക്കുന്ന സംഘങ്ങൾ കശ്മീരിൽ സജീവമാണ്. ഇതിന്റെ തെളിവാണ് ഭീകരതയിലേക്കുള്ള യുവാക്കളുടെ ചേക്കേറൽ വർധിച്ചുവെന്ന റിപ്പോർട്ടുകൾ. തൊഴിലില്ലായ് പോലുള്ള സാമൂഹിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായാൽ പ്രാദേശിക ഭീകരവാദത്തിന്റെ വളർച്ചക്ക് തടയിടാനാവുമെന്നതിൽ തർക്കമില്ല.
പുൽവാമ ഭീകരാക്രമണത്തിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ കോണുകളിൽ കശ്മീരികൾക്കെതിരെ ആക്രമണമഴിച്ച് വിടുന്ന സാഹചര്യമാണ് കാണുന്നത്. ഇത്തരത്തിലുള്ള വൈകാരിക പ്രത്യാക്രമണങ്ങൾ ഉണ്ടാക്കാൻ പോകുന്ന പ്രത്യഘാതം ചെറുതായിരിക്കില്ല എന്ന യാഥാർഥ്യത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടതുണ്ട്. മികച്ച ജീവിത സൗകര്യങ്ങളും അടിസ്ഥാന വികസനങ്ങളും നടപ്പിലാക്കി ജനങ്ങളെ ചേർത്ത് പിടിക്കാൻ സർക്കാർ ബദ്ധശ്രദ്ധ കാണിച്ചാൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്ക് പരിഹാരം കണ്ടെത്താനാവും. സർക്കാർ ഞങ്ങളോടൊപ്പമാണ് എന്ന ബോധം അവരുടെ ഉപബോധമനസ്സിൽ നിർമിച്ചെടുക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുന്നുവോ എന്നതിനെ അപേക്ഷിച്ചായിരിക്കും കശ്മീരിന്റെ ഭാവി. അതിവൈകാരികതക്ക് അടിമപ്പെട്ട് ഇത്തരത്തിലുള്ള വീണ്ടുവിചാരത്തിന് വൈമനസ്യം കാണിച്ചാൽ അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഭീതിതമായിരിക്കും.
ജനങ്ങളിൽ യുദ്ധോത്സുകത വളർത്തുന്ന പ്രസ്താവനകളാണ് ഇന്ന് രാജ്യത്തിന്റെ ഉത്തരവാദപ്പെട്ടവരിൽ നിന്ന് മുഴങ്ങുന്നത്. കശ്മീർ വിഷയത്തെ മാനുഷിക പരികൽപ്പനയിലൂടെ നോക്കിക്കാണാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഭൂഷണമല്ല. വൈകാരിക പ്രഖ്യാപനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും താത്കാലിക സംതൃപ്തിയടയാമെങ്കിലും അതുണ്ടാക്കിത്തീർക്കുന്ന നഷ്ടങ്ങൾ വിലമതിക്കാനാവാത്തതാണ്. യുദ്ധങ്ങൾക്കും ആക്രമണങ്ങൾക്കും ആവശ്യമായ കോപ്പുകളും മാനുഷികവിഭവങ്ങളും ഇന്ത്യക്ക് സ്വന്തമായുണ്ടെങ്കിലും അത് ഉപയോഗിക്കുന്നതിൽ ചില പരിമിതികളും നിയന്ത്രണങ്ങളുമുണ്ട്.
രാജ്യത്തിന്റെ പല കോണുകളിൽ ഇന്ന് യുദ്ധത്തിനുള്ള മുറവിളിയുയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന വസ്തുത ചരിത്രം പലവട്ടം പഠിപ്പിച്ചിട്ടുണ്ട്. വിവേക മതികളായ ഭരണകർത്താക്കളിൽ നിന്ന് അത്തരം തീരുമാനങ്ങളുണ്ടാവില്ല. ഭീകരർക്കെതിരെയും അവരെ പിന്തുണക്കുന്നവർക്കെതിരെയും സന്ധിയില്ലാ സമരം തുടരേണ്ടതുണ്ട്. അത് വിവേക പൂർവവും മാനുഷിക മൂല്യത്തിന് വില കൽപ്പിച്ചുമാകണമെന്ന് മാത്രം.
കെ സച്ചിദാനന്ദന്റെ യുദ്ധം കഴിഞ്ഞ് എന്ന കവിതയിൽ യുദ്ധാനന്തരം ശവങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയപ്പോൾ കൗരവരും പാണ്ഡവരും പരസ്പരം ചോദിക്കുന്നുണ്ട്: എന്തിനായിരുന്നു യുദ്ധം?

ഫസീഹ് കുണിയ

Latest