Kerala
ഗുരു ശിഷ്യ ബന്ധത്തില്‍ കണ്ണി ചേര്‍ത്ത് മുഖ്യമന്ത്രി
മലപ്പുറം: 1962 65 കാലഘട്ടത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് തുടങ്ങിയ ഗുരു ശിഷ്യ ബന്ധം വിളക്കിച്ചേര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണന്‍ കോളജില്‍ ബി എ ഇക്കണോമിക്‌സ് വിഭാഗത്തില്‍ നിന്നാണ് മലപ്പുറം മോങ്ങം സ്വദേശിയായ സാമ്പത്തിക വിഭാഗം പ്രൊഫ. ബംഗളത്ത് മമ്മദുണ്ണിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധം തുടങ്ങുന്നത്.
ഗതാഗത സൗകര്യം കുറവായിരുന്ന അക്കാലത്ത് ധര്‍മടം പുഴ, പിണറായി പുഴ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പുഴ കടന്നാണ് പിണറായി വിജയനും സഹപാഠികളും ക്യാമ്പസിലെത്തിയിരുന്നത്. പുഴ കടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കടത്തുകൂലി നല്‍കേണ്ടി വന്നിരുന്നു. കടത്തുകൂലിയില്‍ വിദ്യാര്‍ഥി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച തോണിക്കാര്‍ക്കെതിരെ എസ് എഫ് ഐയുടെ പൂര്‍വസംഘടനയായ കെ എസ് എഫിന്റെ കീഴില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഈ സമരത്തോടെ ആ ഗുരു ശിഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുകയുമായിരുന്നു.
താത്കാലിക അധ്യാപകനായി 1959 മൂന്ന് മാസം ബ്രണ്ണന്‍ കോളജില്‍ പഠിപ്പിച്ച മമ്മദുണി പിന്നീട് 1960 മുതല്‍ 62 വരെ ഫാറൂഖ് കോളജിലേക്ക് മാറി. 1962 ഡിസംബറില്‍ പി എസ് സി എഴുതി ബ്രണ്ണന്‍ കോളജില്‍ സ്ഥിരം ജോലിയില്‍ പ്രവേശിച്ചു. 70 വരെ ഇവിടെ അധ്യാപകനായി ജോലി ചെയ്തു.
ഈ കാലഘട്ടത്തിലാണ് പിണറായിയുമായി കൂട്ടായത്. തുടര്‍ന്ന് പട്ടാമ്പി ഗവ. കോളജ്, കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പെരിന്തല്‍മണ്ണ പി ടി എം ഗവ. കോളജ്, തിരുവനന്തപുരം ഇന്റര്‍ മീഡിയറ്റ് കോളജ്, കോഴിക്കോട് ഗവ. കോളജ് എന്നിവിടങ്ങളിലും ജോലി ചെയ്തു. കൂടാതെ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളജിയറ്റ് എജ്യൂക്കേഷന്‍, പി എസ് എസി എക്‌സാമിനര്‍, കാലിക്കറ്റ് സെനറ്റ് അംഗം, പി എസ് സി ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സി പി എം സംസ്ഥാന സെക്രട്ടറിയായപ്പോഴും മുഖ്യമന്ത്രിയായ ഘട്ടത്തിലും പിണറായി സൗഹൃദം മറന്നില്ലെന്ന് മമ്മദുണ്ണി ഓര്‍ക്കുന്നു. സംസ്ഥാനത്ത് പ്രളയമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു നിശ്ചിത തുക കൈമാറണമെന്ന് ഇദ്ദേഹം തീരുമാനിച്ചിരുന്നു. അത് നേരിട്ട് ശിഷ്യന്റെ കൈയില്‍ ഏല്‍പ്പിക്കാന്‍ നേരത്തെ ബന്ധപ്പെട്ടെങ്കിലും വിവിധ കാരണങ്ങളാല്‍ നീണ്ടുപോയി. തുടര്‍ന്ന് തന്റെ മറ്റൊരു ശിഷ്യനും പിണറായി വിജയന്റെ സഹപാഠിയുമായ എസ് എം കോളജിലെ പ്രൊഫ. മുകുന്ദനുമൊത്ത് ഫണ്ട് കൈമാറാന്‍ തിരുവന്തപുരത്തേക്ക് പോകാന്‍ നിശ്ചയിച്ചു. പക്ഷേ വിധിയുടെ നിയോഗം മറിച്ചായിരുന്നു. മുകുന്ദനെ ദൈവം നേരത്തെ വിളിച്ചു. ഇതോടെ പണം കൈമാറാന്‍ കഴിയാതെ വന്നു.
ഇതിന് പരിഹാരമുണ്ടായത് ഇന്നലെയാണ്. ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി മലപ്പുറം ഗസ്റ്റ് ഹൗസില്‍ രാവിലെ 9.30ന് പ്രത്യേക കൂടികാഴ്ചക്ക് ഗുരുവിന് അനുമതി നല്‍കി. ഗുരുവിനെ കൃത്യ സമയത്ത് സ്ഥലത്തെത്തിക്കാന്‍ സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ മുഖാന്തിരമാണ് 44 വര്‍ഷത്തെ ബന്ധത്തിന് വീണ്ടുമൊരു മുഖംമിനുക്കലിന് വഴിയൊരുങ്ങിയത്. ഈ സൗഹൃദ സംഭാഷണത്തിന്റെ ഭാഗമാകാന്‍ മന്ത്രിമാരായ കെ ടി ജലീല്‍, എ സി മൊയ്തീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 15 മിനുറ്റ് നീണ്ട കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അമ്പതിനായിരം രൂപ ഗുരു കൈമാറി.