Connect with us

Palakkad

ആലത്തൂരിന്റെ ഇരട്ട മനസ്സ്

Published

|

Last Updated

ഏഷ്യാഡ് വരെ കരിമരുന്നിന്റെ പെരുമയെത്തിച്ച ആലത്തൂരിന് രണ്ട് മനസ്സാണ്. സംവരണ മണ്ഡലമായ ആലത്തൂരിൽ നിന്ന് ജയിക്കണമെങ്കിൽ തൃശൂരിലെ ജനങ്ങൾ കൂടി വിചാരിക്കണം. തൃശൂരിലെ വടക്കാഞ്ചേരി, ചേലക്കര, കുന്നംകുളം മണ്ഡലങ്ങളും പാലക്കാട്ടെ ആലത്തൂർ, നെന്മാറ, ചിറ്റൂർ, തരൂർ മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് ആലത്തൂർ ലോക്‌സഭാ മണ്ഡലം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളക്കൂറുള്ള മണ്ണ്. സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ, പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കെ പി കേശവമേനോൻ എന്നിവരുടെ ജന്മദേശം. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം കുറിച്ച് ഒറ്റപ്പാലം മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ ആർ നാരായണൻ രാഷ്ട്രപതിഭവനിലേക്ക് ചേക്കേറിയതും ചരിത്രത്തിലുണ്ട്.

1977ലാണ് ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിന്റെ പിറവി. കോൺഗ്രസ് ഒറ്റപ്പാലം സമ്മേളനം മുതൽ ദേശീയ രാഷ്ട്രീയത്തിന്റെ ചൂരറിഞ്ഞ ഭൂമികയിൽ ആദ്യമായി വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ കുഞ്ഞമ്പുവാണ്. 1980ൽ അന്നത്തെ യുവനേതാവായിരുന്ന എ കെ ബാലനാണ് സി പി എം സ്ഥാനാർഥിയായി വിജയിച്ചത്. 1984ലാണ് നയതന്ത്രജ്ഞനായ കെ നാരായണൻ കോൺഗ്രസ് സ്ഥാനാർഥിയായി എത്തുന്നത്. 84ലും 89ലും 91ലും കെ ആർ നാരായണനായിരുന്നു വിജയി. പിന്നെ കെ ആർ നാരായണൻ ഉപരാഷ്ട്രപതിയായി. 1993ൽ നടന്ന തിരെഞ്ഞടുപ്പിൽ അന്ന് നിയമവിദ്യാർഥിയായിരുന്ന എസ് ശിവരാമൻ സി പി എം സ്ഥാനാർഥിയായി മണ്ഡലം പിടിച്ചെടുത്തു. കെ കെ ബാലകൃഷ്ണനെതിരെ 1,32,652 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം. 1996ലും 98, 99, 2004 വർഷങ്ങളിൽ തുടർച്ചയായി സി പി എമ്മിന്റെ എസ് അജയ് കുമാറിനായിരുന്നു വിജയം. ഒറ്റപ്പാലം മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ചത് എസ് അജയ്കുമാറാണ്.

2009ലെ തിരഞ്ഞടുപ്പിൽ മണ്ഡലങ്ങളുടെ പുനർനിർണയമുണ്ടായപ്പോൾ തൃത്താല പുതിയ പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായി. പട്ടാമ്പി മുതൽ മലമ്പുഴ വരെയുള്ള മണ്ഡലങ്ങൾ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗവുമായി. കുഴൽമന്ദം ( ഇപ്പോഴത്തെ തരൂർ), നെന്മാറ (പഴയ കൊല്ലങ്കോട്), ആലത്തൂർ, ചിറ്റൂർ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര മണ്ഡലങ്ങളും ചേർന്ന് ആലത്തൂർ മണ്ഡലം പിറന്നു. മണ്ഡലം പിറന്ന ശേഷം രണ്ട് തവണ നടന്ന തിരഞ്ഞെടുപ്പിലും സി പി എമ്മിലെ പി കെ ബിജുവാണ് വെന്നിക്കൊടി പാറിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ആലത്തൂരിനോളം വിശ്വാസമുള്ള മറ്റൊരു ലോക്‌സഭാ മണ്ഡലം എൽ ഡി എഫിനുണ്ടാകില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലും എൽ ഡി എഫ്. എം എൽ എ മാർ. യു ഡി എഫ് വിജയിച്ച ഏക മണ്ഡലമായ വടക്കാഞ്ചേരിയിൽ തോറ്റത് 43 വോട്ടിന്. കുന്നംകുളത്തിന്റെ പ്രതിനിധിയായ എ സി മൊയ്തീനും തരൂരിന്റെ പ്രതിനിധിയായ എ കെ ബാലനും മന്ത്രിമാരാണെന്നത് ഇടതിന്റെ കരുത്തിന് വീര്യം കുട്ടൂന്നു. ആലത്തൂരിന്റെ പഴയ രൂപമായ ഒറ്റപ്പാലത്ത് കെ ആർ നാരായണനാണ് അവസാനമായി വിജയിച്ച യു ഡി എഫ് സ്ഥാനാർഥി.

2009ൽ താരതമ്യേന ചെറിയ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് തോറ്റത്. അതിനാൽ ശക്തമായ പോരാട്ടം നടത്തിയാൽ ആലത്തൂരിൽ അത്ഭുതം സംഭവിക്കുമെന്നാണ് യു ഡി എഫ് കരുതുന്നത്. എൻ ഡി എ യിൽ കഴിഞ്ഞ തവണ ബി ഡി ജെ എസ് സ്ഥാനാർഥി 87,803 വോട്ട് നേടിയിരുന്നു. ഇത്തവണയും ബി ഡി ജെ എസിനാണ് സീറ്റെന്നാണ് സൂചന. നിലവിലെ എം പി. പി കെ ബിജുവിനെ മൂന്നാം വട്ടവും സ്ഥാനാർഥിയാക്കുന്നതിനോട് പാർട്ടിക്കുള്ളിൽ അമർഷമുണ്ട്. വിജയിച്ച ശേഷം മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്നാണ് പ്രധാന ആരോപണം. ഇത് പ്രതിപക്ഷവും മുഖ്യവിഷയമാക്കുന്നതിനാൽ പുതുമുഖത്തെ നിർത്തി ഭൂരിപക്ഷം ഉയർത്താനാണ് സി പി എം തീരുമാനം. യു ഡി എഫും ശക്തനായ സ്ഥാനാർഥിയെ നിർത്താനുള്ള ശ്രമത്തിലാണ്. ആലത്തൂരിൽ ആകെ 12,34,294 വോട്ടർമാരാണുള്ളത്. സ്ത്രീകൾ- 6,30,438. ഭിന്ന വിഭാഗത്തിൽപ്പെട്ടവർ രണ്ട് എന്നിങ്ങനെയാണ് കണക്ക്.

Latest