Ongoing News
"ധർമപുരാണം' നോക്കി ആര് രചിക്കും "ഇതിഹാസം'
ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലൂടെ മലയാള നോവൽ സാഹിത്യ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച ഒ വി വിജയന്റെ തട്ടകമായ പാലക്കാട് രാഷ്ട്രീയ രംഗത്ത് നവകാഹളം മുഴക്കാൻ രാഷ്ട്രീയ കക്ഷികൾ ഒരുങ്ങുകയാണ്. ചെങ്കോട്ടയെന്ന ഖ്യാതി നിലനിൽക്കുമ്പോഴും ത്രിവർണ പതാക പാറിച്ച ചരിത്രവും ടിപ്പുവിന്റെ പടയോട്ട ഭൂമിക്കുണ്ട്. മുൻകാലങ്ങളിൽ ഇടത് അല്ലെങ്കിൽ വലത് എന്നതായിരുന്നു ജില്ലയുടെ പ്രത്യേകത. എന്നാൽ ഇടതിനും വലതിനും ഒപ്പം കുറുക്കന്റെ കൗശലത്തോടെ ബി ജെ പിയും രംഗത്ത് വന്നതോടെ തിരഞ്ഞെടുപ്പിന് പുതിയമാനം കൈവന്നിരിക്കുകയാണ്.
ഇനി വരുന്ന ദിവസങ്ങളിൽ മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകും. “ധർമപുരാണം” എന്ന ഒ വിയുടെ ആക്ഷേപ രാഷ്ട്രീയ സാഹിത്യത്തിൽ പറയുന്ന ധർമപുരിയിലെ ഭരണാധികാരിയായ പ്രജാപതിയുടെ ജൽപ്പനങ്ങൾ കേട്ട് നിസ്സഹായരായി നിൽക്കുന്ന പ്രജകളെ പോലെയാണ് വോട്ടർമാരായ ജനങ്ങളുടെ മാനസികാവസ്ഥ. പരസ്പരം ചെളി വാരിയെറിഞ്ഞും വ്യക്തികളെ തേജോവധം ചെയ്തും തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോൾ ജില്ലയിൽ ഇതുവരെ അനുഭവമില്ലാത്ത തിരഞ്ഞെടുപ്പ് രംഗത്തിനായിരിക്കും സാക്ഷ്യം വഹിക്കുക.
സംസ്ഥാനത്തെ നെല്ലറയായ ജില്ലക്ക് രാഷ്ട്രീയവും കൃഷിയും ജീവവായുവാണ്. നിളാ തീരത്തെ തൃത്താല മുതൽ വാളയാർ ചുരം വരെ നീണ്ടുകിടക്കുന്ന ജില്ലയിൽ പറമ്പിക്കുളം ആദിവാസി മേഖലയും ഉൾക്കൊള്ളുന്നുണ്ട്.
ഇടത്തേക്ക് ചാഞ്ഞ് നിൽക്കുന്ന മണ്ഡലമാണെങ്കിലും ചിലപ്പോൾ പക്ഷം നോക്കാതെ കഴിവുള്ളവരെ തിരഞ്ഞെടുത്തിട്ടുമുണ്ട്. എ കെ ജിയും ഇ കെ നായനാരും ലോക്‌സഭയിലേക്ക് പോയത് പാലക്കാട്ട് നിന്നാണ്. കഴിഞ്ഞ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലെ ചരിത്രം നോക്കിയാൽ പാലക്കാടിന്റെ സമീപകാല നിലപാടുകളുടെ ചിത്രം കൂടി വ്യക്തമാകും.
1998ലും 2006ലും ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ ലഭിച്ചിരുന്നു. അതേസമയം 2001ലും 2011ലും യു ഡി എഫ് മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട ഏഴ് നിയോജകമണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രമാണ് യു ഡി എഫ് നേടിയത്. പാലക്കാടും മണ്ണാർക്കാടും യു ഡി എഫ് നേടിയപ്പോൾ ഒറ്റപ്പാലം, പട്ടാമ്പി, ഷൊർണ്ണൂർ, കോങ്ങാട് , മലമ്പുഴ മണ്ഡലങ്ങളിൽ എൽ ഡി എഫ് ചെങ്കൊടി പാറിച്ചു. 1997 മുതൽ പാലക്കാട് പാർലിമെന്റ് മണ്ഡലം നിലവിലുണ്ടെങ്കിലും ഇന്നത്തെ പല നിയമസഭാ മണ്ഡലങ്ങളും അന്നില്ലായിരുന്നു.
1957ലും 62ലും അവിഭക്ത കമ്മ്യൂണിസ്റ്റ് സ്ഥാനാർഥികളായ (സി പി ഐ) പി കുഞ്ഞനും കെ പി വെട്ടിക്കൽപടിയുമാണ് വിജയിച്ചത്. 67ലും 71ലും സി പി എം സ്ഥാനാർഥികളായ ഇ കെ നായനാരും എ കെ ഗോപാലനും വിജയിച്ചു. കോൺഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ച അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ പാലക്കാട്ട് ചരിത്രത്തിലാദ്യമായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് വിജയം നേടി. എ സുന്നാസാഹിബ് മണ്ഡലത്തിൽ വിജയിക്കുകയായിരുന്നു. തുടർന്ന് 1980, 84, 89, 91 കോൺഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർഥിയായ വി എസ് വിജയരാഘവൻ വിജയചരിത്രം ആവർത്തിച്ചുവെങ്കിലും 96ൽ സി പി എം യുവനേതാവായ എൻ എൻ കൃഷ്ണദാസിനെ സ്ഥാനാർഥിയായി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 98, 99, 2004 തിരഞ്ഞെടുപ്പുകളിലും എൻ എൻ കൃഷ്ണദാസ് സി പി എം സ്ഥാനാർഥിയായി വിജയിച്ചു. 2009ൽ മണ്ഡലം പുനർനിർണയം കഴിഞ്ഞ ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ 1820 വോട്ടുകൾക്കാണ് എം ബി രാജേഷ് എം പി തോൽപ്പിച്ചത്. 2014ൽ യു ഡി എഫിനൊപ്പമായിരുന്ന എം പി വീരേന്ദ്രകുമാർ സ്ഥാനാർഥിയായപ്പോൾ എം ബി രാജേഷ് എം പിയുടെ ഭൂരിപക്ഷം 1.05,300 ആയി ഉയരുകയും ചെയ്തു.
മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടതും വലതും തമ്മിലായിരുന്നു മത്സരമെങ്കിൽ 1989 മുതൽ ബി ജെ പിയും സ്ഥാനാർഥികളെ നിർത്താൻ തുടങ്ങി. ഒരോ വർഷവും ബി ജെ പിയുടെ വോട്ടിംഗ് ഗ്രാഫ് ഉയരാൻ തുടങ്ങിയതോടെ 99 മുതൽ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് മണ്ഡലത്തിലുളവായിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാടും മലമ്പുഴയിലും ബി ജെ പി രണ്ടാം സ്ഥാനത്തായിരുന്നു. പാലക്കാട്ട് നിയമസഭാ മണ്ഡലത്തിൽ സി പി എം സ്ഥാനാർഥിയായ എൻ എൻ കൃഷ്ണദാസിനെയും മലമ്പുഴയിൽ കോൺഗ്രസിനെയും മറികടന്നാണ് ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനായിരുന്നു ബി ജെ പി സ്ഥാനാർഥി. ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ചെങ്കിലും 1,36,541 വോട്ട് മാത്രമേ ഇവർക്ക് നേടാൻ സാധിച്ചുള്ളൂ. ഇത്തവണ ബി ജെ പി കേന്ദ്രത്തിന്റെ ഹിറ്റ്‌ലിസ്റ്റിൽ പാലക്കാടുമുണ്ട്.
പാലക്കാട് മണ്ഡലത്തിൽ നിലവിൽ 12,93,902 വോട്ടർമാരാണുള്ളത്. 6,66,047 സ്ത്രീകൾ, 6,27,854 പുരുഷന്മാ ർ, ഭിന്ന ലിംഗ വിഭാഗത്തിൽ ഒരാളുമുണ്ട്. തിരഞ്ഞെടുപ്പ് വിഷയമായി കശ്മീർ പുൽവാമ, കാസർകോട്ടെ ഇരട്ടക്കൊലപാതകം, പ്രളയം. നെല്ല് സംഭരണം, ശബരിമല വിഷയം,സംവരണം, കോച്ച് ഫാക്ടറി, വികസനം, കേന്ദ്ര സർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും നേട്ടങ്ങളും കോട്ടങ്ങളും എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉയർത്തി കാണിച്ച് മുന്നണികൾ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോൾ ജനങ്ങൾ ആരെയായിരിക്കും തിരഞ്ഞെടുക്കുകയെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ പ്രയാസം.