Connect with us

Articles

ക്രിക്കറ്റും സമാധാനവും

Published

|

Last Updated

പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഇന്ത്യ- പാക്കിസ്ഥാൻ ബന്ധം അങ്ങേയറ്റം വഷളാക്കിയിരിക്കുന്നു. അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം. പാക്കിസ്ഥാന്റെ ഉറ്റവ്യാപാര പങ്കാളി പദവി (എം എഫ് എൻ) ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. റാവി, ബ്യാസ്, സത്‌ലജ് നദികളിലെ വെള്ളം പാക്കിസ്ഥാന് നൽകേണ്ടതില്ലെന്ന കടുത്ത തീരുമാനവും കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുണ്ട്. നയതന്ത്ര ബന്ധങ്ങൾക്കെല്ലാം ഉലച്ചിൽ തട്ടിയെന്ന് നിസ്സംശയം പറയാം. ഇന്ത്യൻ വ്യോമസേനാ കമാൻഡർ പാക് സൈന്യത്തിന്റെ പിടിയിലായതോടെ സ്ഥിതി സങ്കീർണമായി.

ഇന്ത്യ- പാക് മുറുക്കം ഒന്ന് കുറക്കാൻ ക്രിക്കറ്റ് നയതന്ത്രം രംഗപ്രവേശം ചെയ്യാറുണ്ട്. വലിയൊരു ചരിത്രം തന്നെ ക്രിക്കറ്റ് കളിച്ചു കൊണ്ടുള്ള നയതന്ത്രത്തിന് പറയാനുണ്ട്. 1971ലെ യുദ്ധത്തിന് ശേഷം ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ മഞ്ഞുരുക്കമുണ്ടായത് ഏഴ് വർഷങ്ങൾക്ക് ശേഷമാണ്. പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയും പാക്കിസ്ഥാൻ പ്രസിഡന്റ് ജനറൽ സിയാ ഉൽ ഹഖുമായിരുന്നു അന്ന് ക്രിക്കറ്റ് മത്സരത്തിന് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ മൊറാർജി ദേശായ് പാക്കിസ്ഥാനിലെ ചാരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ റിസർച് ആൻഡ് അനാലിസിസ് വിംഗിന് നിർദേശം നൽകി. പാക്കിസ്ഥാനിൽ മൊറാർജി ദേശായിയുടെ ജനപ്രീതി ഉയർന്നു. 1990 ൽ പാക്കിസ്ഥാൻ പരമോന്നത ബഹുമതിയായ നിഷാൻ ഇ പാക്കിസ്ഥാൻ നൽകി മൊറാർജി ദേശായിയെ ആദരിച്ചുവെന്നത് ചരിത്രം. അന്ന് പക്ഷേ, ക്രിക്കറ്റ് നയതന്ത്രം എന്ന പ്രയോഗം ഉത്ഭവിച്ചിട്ടില്ല. എന്നാൽ, ഇത്തരം ഇടച്ചിലുകൾക്ക് ശമനം വരുത്താൻ ക്രിക്കറ്റ് ഒരു നല്ല മരുന്നാണെന്ന് ജനറൽ സിയാ ഉൽ ഹഖിന് ബോധ്യം വന്നു. 1987 ൽ സിയാ ഉൽ ഹഖ് ഇന്ത്യ – പാക് ടെസ്റ്റ് മത്സരം കാണാൻ ഇന്ത്യയിലെത്തി. അതിർത്തിയിൽ ഇന്ത്യ അന്ന് വരെ ചെയ്തിട്ടില്ലാത്ത വിധത്തിൽ സൈനികാഭ്യാസപ്രകടനം നടത്തിയതാണ് പാക് പ്രസിഡന്റിനെ ചിന്തിപ്പിച്ചത്. ഫെബ്രുവരിയിലെ ആ മത്സരം കാണുക എന്നതിനേക്കാൾ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി കൂടിക്കാഴ്ചയായിരുന്നു സിയാ ഉൽ ഹഖിന്റെ ലക്ഷ്യം. പിന്നീട് സംഭവിച്ച ക്രിക്കറ്റ് നയതന്ത്രങ്ങളുടെയെല്ലാം തുടക്കം അതായിരുന്നു. പാക്കിസ്ഥാന്റെ ആവനാഴിയിൽ അണുബോംബുണ്ടെന്ന് സിയാ ഉൽ ഹഖ് രാജീവ് ഗാന്ധിയെ അറിയിക്കുന്നത് അന്നത്തെ ക്രിക്കറ്റ് നയതന്ത്ര കൂടിക്കാഴ്ചയിലായിരുന്നുവെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തിരുന്നു.

തൊണ്ണൂറുകളിൽ കശ്മീരിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായപ്പോഴെല്ലാം ക്രിക്കറ്റിലൂടെയാണ് യുദ്ധം നടന്നത്. 1992, 1996,1999 ലോകകപ്പുകളിൽ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ക്രിക്കറ്റിലെ ആഗോള മത്സരമായിരുന്നു. മൂന്ന് തവണയും ജയിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറി. ഹോക്കി എന്ന ദേശീയ കായിക ഇനത്തെയും ഫുട്‌ബോളിനെയും ബഹുദൂരം പിറകിലാക്കി ക്രിക്കറ്റ് ഇന്ത്യയിൽ വേരുറപ്പിച്ചതിന്റെ മനഃശാസ്ത്രം ഇന്ത്യ- പാക് വൈരം തന്നെയാണ്. ഇരുരാജ്യങ്ങളും തമ്മിൽ കളിക്കുമ്പോൾ അതിർത്തിയിലെ സൈനിക താവളത്തിൽ വലിയ സ്‌ക്രീനിൽ കളി പ്രദർശിപ്പിച്ചതിന്റെയും സച്ചിനും സംഘവും ജയിച്ചപ്പോൾ ലഡു വിതരണം നടത്തിയതിന്റെയുമെല്ലാം വാർത്തകൾ വന്നത് ഓർമയിലെത്തുന്നു.

ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെ അനുകൂലിച്ചതിന്റെ പേരിൽ ഉത്തർപ്രദേശിലെ സ്വകാര്യ സർവകലാശാലയിൽ നിന്ന് കശ്മീരി വിദ്യാർഥികളെ പുറത്താക്കിയ സംഭവമുണ്ടായി. ഇങ്ങനെ ക്രിക്കറ്റ് എന്നത് ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ പ്രധാന രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി.

1999 മെയ് മുതൽ ജൂലൈ വരെ കശ്മീരിലെ കാർഗിൽ മേഖലയിൽ യുദ്ധം. കശ്മീരിൽ ഇന്ത്യയും പാക്കിസ്ഥാനും തത്വത്തിൽ അംഗീകരിച്ചിരുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാക്കിസ്ഥാനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ് യുദ്ധത്തിലേക്ക് വഴിതെളിച്ചത്. ഇരുരാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ചതിന് ശേഷമുണ്ടായ ആദ്യ യുദ്ധം എന്ന നിലക്ക് അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു കാർഗിൽ യുദ്ധം. അന്തിമ ജയം ഇന്ത്യക്ക്. പാക്കിസ്ഥാനിലാകട്ടെ യുദ്ധം സർക്കാറിന്റെയും സാമ്പത്തികാവസ്ഥയുടെയും സ്ഥിരതയെ ബാധിച്ചു. 1999 ഒക്ടോബർ 12ന് പാക്കിസ്ഥാൻ പട്ടാള മേധാവി പർവേസ് മുശറഫ് പട്ടാളവിപ്ലവത്തിലൂടെ അധികാരത്തിലേറി.
കാർഗിൽ യുദ്ധത്തിന് ശേഷം ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നത് 2004ൽ വാജ്പയി സർക്കാറിന്റെ കാലത്താണ്. പാക്കിസ്ഥാനിൽ സാർക് ഉച്ചകോടിയിൽ പങ്കെടുത്ത വാജ്പയി പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ധാരണയിലെത്തി. പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അയക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ടീം പാക്കിസ്ഥാനിലേക്ക് പുറപ്പെടും മുമ്പ് വാജ്പയി സ്വവസതിയിൽ വിരുന്ന് നൽകി. നിങ്ങൾ പോകുന്നത് ക്രിക്കറ്റിൽ ജയിക്കാൻ മാത്രമല്ല, പാക് ജനതയുടെ ഹൃദയം കീഴടക്കാൻ കൂടിയാണെന്ന് വാജ്പയി ഓർമിപ്പിച്ചു. ആ പര്യടനം വലിയൊരു അനുഭവമായിരുന്നു ഇന്ത്യൻ ടീമിനും പാക് ജനതക്കും. ഇന്ത്യൻ താരങ്ങൾക്ക് എവിടെയും വലിയ സ്വീകാര്യത. മത്സരത്തിന്റെ ഇടവേളകളിൽ കളിക്കാർ പൊതുപരിപാടികളിൽ പങ്കെടുത്തു. പാക്കിസ്ഥാനിലെ കോളജ് വിദ്യാർഥികളുമായി കളിക്കാർ സംവദിക്കുകയുണ്ടായി. ഇതൊന്നും മുമ്പ് സംഭവിച്ചിട്ടില്ലാത്തതാണ്. പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തിയപ്പോഴും സമാനമായ വരവേൽപ്പായിരുന്നു ലഭിച്ചത്. രാജ്യങ്ങൾക്കിടയിലെ അകൽച്ച കുറക്കാൻ ക്രിക്കറ്റ് വഹിക്കുന്ന പങ്ക് കണ്ട് ലോകരാഷ്ട്രങ്ങൾ അത്ഭുതപ്പെട്ടു. 2004 മുതൽ 2008 വരെയുള്ള കാലഘട്ടത്തെ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധത്തിലെ സുവർണകാലമെന്ന് പിൽക്കാലത്ത് മുശറഫ് സി എൻ എൻ ഐ ബി എൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. 2007 ൽ സംജോത എക്‌സ്പ്രസ് ആക്രമണമുണ്ടായിട്ട് പോലും ക്രിക്കറ്റ് ബന്ധത്തിന് പോറലേറ്റില്ല. നയതന്ത്രം മുന്നോട്ട് തന്നെ പോയി. പക്ഷേ, 26/11 മുംബൈ ഭീകരാക്രമണത്തോടെ സുവർണകാലം അവസാനിച്ചു. അതിന് ശേഷം ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല. ഐ പി എല്ലിൽ പാക് കളിക്കാർക്ക് വിലക്ക് വരികയും ചെയ്തു.

ക്രിക്കറ്റ് നയതന്ത്രം വീണ്ടും രംഗപ്രവേശം ചെയ്തത് ഇന്ത്യ ആതിഥേയത്വം വഹിച്ച 2011 ലോകകപ്പ് കാലത്താണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഒരുമിച്ചിരുന്ന് ഇന്ത്യ-പാക് സെമിഫൈനൽ കണ്ടു. ബന്ധം പതിയെ മെച്ചപ്പെട്ടു. 2012 ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് പര്യടനത്തിന് വന്നു. ട്വന്റി20യും മൂന്ന് ഏകദിന മത്സരങ്ങളും കളിച്ച് മടങ്ങി.

പുൽവാമ സംഭവത്തിന് ശേഷം ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിലേക്ക് ചർച്ച പോയതിന് പിറകിൽ രാഷ്ട്രീയവും ക്രിക്കറ്റും ഇന്ത്യ-പാക് ബന്ധത്തിൽ അത്രമാത്രം ഇഴചേർന്ന് നിൽക്കുന്നതിനാലാണ്. ജൂൺ 16ന് മാഞ്ചസ്റ്ററിലെ ഓൾഡ്ട്രഫോർഡിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിനുള്ള ടിക്കറ്റ് അപേക്ഷ അഞ്ച് ലക്ഷം കവിഞ്ഞിരിക്കുന്നു. ഐ സി സി ലോകകപ്പിന്റെ ആഗോള ബ്രാൻഡ് ഇന്ത്യ-പാക് മത്സരമാണ്. ലോകം കാത്തിരിക്കുന്ന പോരാട്ടം എന്നൊക്കെ വിശേഷിപ്പിക്കാം.

ജൂൺ 16 ലെ മത്സരത്തെ ചൊല്ലി ഇന്ത്യൻ ക്രിക്കറ്റ് സമൂഹത്തിനിടയിൽ തന്നെ ഭിന്നാഭിപ്രായങ്ങളാണ്. സൗരവ് ഗാംഗുലിയും വിരേന്ദർ സെവാഗും ഗൗതം ഗംഭീറും ഹർഭജൻ സിംഗും ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ ഗ്രൂപ്പ് മത്സരം കളിക്കേണ്ടെന്നാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ബഹിഷ്‌കരിക്കണം എന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ, ഇന്ത്യ-പാക്കിസ്ഥാൻ നോക്കൗട്ട് മത്സരം വന്നാൽ എന്ത് ചെയ്യണം എന്ന ചോദ്യം ഇവരെ കുഴക്കുന്നു.
സൗരവ് ഗാംഗുലിക്കെതിരെ പാക്കിസ്ഥാൻ മുൻ നായകൻ ജാവേദ് മിയാൻദാദ് വാക് യുദ്ധം നടത്തിയതും വാർത്താപ്രാധാന്യം നേടി. ഗാംഗുലിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കണ്ണുണ്ട്, മുഖ്യമന്ത്രിയാകാനുള്ള പദ്ധതിയൊക്കെ കാണും എന്നാണ് മിയാൻദാദ് തൊടുത്തുവിട്ടത്. അത് പക്ഷേ, ഗാംഗുലിയിലെ രാഷ്ട്രീയക്കാരൻ ഭംഗിയായി പ്രതിരോധിച്ചു. മിയാൻദാദിന്റെ ബാറ്റിംഗ് എനിക്കിഷ്ടമാണ് എന്നായിരുന്നു ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ കണ്ണിറുക്കിയുള്ള ചിരിയോടെ ഗാംഗുലി മറുപടി നൽകിയത്.

സുനിൽ ഗവാസ്‌കറും സച്ചിൻ ടെണ്ടുൽക്കറും ഈ വിഷയത്തിൽ ഒരേ തൂവൽപക്ഷികളാണ്. പാക്കിസ്ഥാനെതിരെ ലോകകപ്പിൽ ഇന്ത്യ കളിക്കണം എന്നാണിവർ അഭിപ്രായപ്പെട്ടത്. പാക്കിസ്ഥാനെ തോൽപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുതെന്ന് ഗവാസ്‌കർ. പാക്കിസ്ഥാന് വെറുതെ രണ്ട് പോയിന്റ് സമ്മാനിക്കണോ? അവരെ തോൽപ്പിച്ച് വേണം നമ്മുടെ മുന്നേറ്റം എന്ന് സച്ചിൻ. അർണബ് ഗോസാമി സച്ചിന്റെ പ്രസ്താവനയെ രാജ്യദ്രോഹക്കുറ്റം പോലെ ചർച്ച ചെയ്തു. പറഞ്ഞത് സച്ചിനായതു കൊണ്ട് ഇന്ത്യൻ ജനതക്കിടയിൽ അതിന് സ്വീകാര്യതയുണ്ട്.

മഹാരാഷ്ട്രയിൽ മണ്ണിന്റെ മക്കൾവാദം ഉയർത്തി മഹാരാഷ്ട്ര നവനിർമാണ സേന നേതാവ് രാജ്താക്കറെ കലാപം അഴിച്ചുവിട്ടപ്പോൾ മുംബൈ ഇന്ത്യക്കാരുടേത് മുഴുവനാണെന്ന സച്ചിന്റെ പ്രസ്താവന രാജ്യം ഏറ്റെടുത്തു. മറാഠാ വാദ സമരം പരാജയപ്പെടുത്താൻ പോന്ന സ്വാധീനം ഇന്ത്യൻ സമൂഹത്തിൽ സച്ചിനുണ്ട്. അത് ഒരു ദിവസം കൊണ്ടുണ്ടായതല്ല. പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് യുദ്ധത്തിൽ ഇന്ത്യക്ക് വീരേതിഹാസമെഴുതിയ പടനായകനാണ് സച്ചിൻ.

സൗരവ് ഗാംഗുലിക്ക് പോലും ക്ഷീണമുണ്ടാക്കി സച്ചിന്റെ നിലപാട്. അതാണ്, സച്ചിന് രണ്ട് പോയിന്റാണ് വേണ്ടതെങ്കിൽ എനിക്ക് വേണ്ടത് ലോകകപ്പാണെന്ന് തിരുത്തി ബംഗാൾ ടൈഗർ എന്ന വിശേഷണമുള്ള സൗരവ് ഗാംഗുലി ഇമേജ് മെച്ചപ്പെടുത്താനുള്ള അവസാന അടവ് പയറ്റിയത്.
ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഉന്നതതല യോഗത്തിൽ ബി സി സി ഐ എടുത്ത നിലപാട് ശ്രദ്ധിച്ചാൽ മതി. പാക്കിസ്ഥാനെതിരെ കടുത്ത നടപടി വേണമെന്നല്ല, ഇന്ത്യൻ കളിക്കാരുടെയും സ്റ്റാഫുകളുടെയും സുരക്ഷ ഉറപ്പ് വരുത്താൻ ഐ സി സി മുൻകൈയെടുക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്.

ഐ സി സി ചട്ടപ്രകാരം അംഗ രാഷ്ട്രത്തെ ഒരു ടൂർണമെന്റിൽ നിന്ന് വിലക്കാൻ പറയാൻ ബി സി സി ഐക്ക് അധികാരമില്ല. അത് വലിയ തിരിച്ചടിയാവുകയും ചെയ്യും. മറ്റുള്ളവർ വൈകാരികമായി സംസാരിച്ചപ്പോൾ ഗവാസ്‌കറും സച്ചിനും പക്വമായിട്ട് പ്രസ്താവനയിറക്കി.

ഇന്ത്യയിൽ നടന്ന ഇന്റർനാഷനൽ ഷൂട്ടിംഗ് സ്‌പോർട്‌ ഫെഡറേഷൻ (ഐ എസ് എസ് എഫ്) ലോകകപ്പിൽ പങ്കെടുക്കുന്നതിന് പാക്കിസ്ഥാൻ താരങ്ങൾക്ക് വിസ നിഷേധിച്ച ഇന്ത്യൻ നടപടി വലിയ തിരിച്ചടിയായിരിക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ ഒ സി) യുടെ ചാർട്ടറിന് വിരുദ്ധമായിട്ടാണ് ഇന്ത്യ പ്രവർത്തിച്ചതെന്ന് സ്വിറ്റ്‌സർലാൻഡിലെ ലോസെയ്‌നിൽ ചേർന്ന ഐ ഒ സി എക്‌സിക്യൂട്ടീവ് ബോർഡ് വിലയിരുത്തി. ഇന്ത്യയിൽ ഇനി ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ നടക്കണമെങ്കിൽ യോഗ്യതയുള്ള അംഗരാജ്യങ്ങളുടെയെല്ലാം പങ്കാളിത്തം ഉറപ്പുവരുത്തും എന്ന് സർക്കാർ രേഖാമൂലം കത്ത് നൽകണം. ഇന്ത്യയെ ഒരു ചാമ്പ്യൻഷിപ്പിനും വേദിയായി പരിഗണിക്കരുതെന്ന് അന്താരാഷ്ട്ര ഫെഡറേഷനുകളോട് ഐ ഒ സി ശിപാർശ ചെയ്തതും വലിയ തിരിച്ചടിയാണ്.

കായികമേഖലയിലെ വലിയ ശക്തിയായി മാറുക, അതിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വലിയ കുതിപ്പുണ്ടാക്കുക ഏതൊരു വികസ്വര രാഷ്ട്രത്തിന്റെയും സ്വപ്നമാണ്. അതിന് തുരങ്കം വെക്കാൻ പുൽവാമയിലെ ഭീകരാക്രമണം വഴി പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദത്തിന് സാധിച്ചിരിക്കുന്നു. അടിക്ക് തിരിച്ചടി കൊടുക്കുമ്പോഴും, ലോകസമക്ഷം നമുക്കുള്ള പിടിവള്ളിയും സാധ്യതകളും കൈമോശം വരാതെയുള്ള നയതന്ത്രസാധ്യതകൾ പയറ്റേണ്ടതുണ്ട്. സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞത് പോലെ, ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. യുദ്ധമല്ല, ക്രിക്കറ്റ് നയതന്ത്രത്തിന്റെ വഴികളാണ് ആയുധമാക്കേണ്ടതെന്ന ഓർമപ്പെടുത്തലും ചരിത്രം മുന്നോട്ട് വെക്കുന്നു.

വിപുൽനാഥ്

---- facebook comment plugin here -----

Latest