Connect with us

Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ അധ്യാപക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുന്നു

Published

|

Last Updated

അജ്മാന്‍: ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ കൂടുതല്‍ അധ്യാപക തൊഴിലവസരങ്ങള്‍ വരുന്നു. സ്‌കൂളുകളുടെ എണ്ണം വര്‍ധിച്ചതും അധ്യാപകരുടെ യോഗ്യതയുടെ കാര്യത്തില്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ വന്നതും ഈ മേഖലയില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യു എ ഇയിലെ വിവിധ എമിറേറ്റുകളിലായി 50ഓളം പുതിയ സ്‌കൂളുകളാണ് തുറന്നത്. 2017 ല്‍ ദുബൈയില്‍ മാത്രം 20 ഓളം പുതിയ സ്‌കൂളുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2017 വരെ ദുബൈയില്‍ 194 സ്വകാര്യ സ്‌കൂളുണ്ടായിരുന്നത് 2018ഓടെ ഇരുനൂറ് കടന്നു.

ദുബൈക്ക് പുറമെ ഷാര്‍ജ, അജ്മാന്‍, അബൂദാബി എന്നിവിടങ്ങളിലും പുതിയ സ്‌കൂളുകള്‍ ആരംഭിക്കുകയുണ്ടായി. അബൂദാബിയില്‍ കഴിഞ്ഞ വര്‍ഷം ഏഴ് സ്വകാര്യ സ്‌കൂളുകള്‍ പുതുതായി തുറന്നു. 9000 വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഇതുവഴി ലഭിച്ചു. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
സിബിഎസ്ഇ, കാംബ്രിഡ്ജ് കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളാണ് ഇവയില്‍ കൂടുതലും.
ഇന്ത്യന്‍ സ്‌കൂളുകളേക്കാള്‍ ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന സ്‌കൂളുകളാണ് അടുത്തിടെയായി യു എ ഇയില്‍ വര്‍ധിക്കുന്നത്. ലോകത്തെ മിക്ക രാജ്യത്തെയും കുട്ടികള്‍ക്കും പ്രവേശനം നല്‍കാമെന്നതും കൂടുതല്‍ പേര്‍ ബ്രിട്ടീഷ് കരിക്കുലം സ്‌കൂളുകളിലേക്ക് മാറുന്നതിന് കാരണമാകുന്നുണ്ട്.

പ്രമുഖ സ്‌കൂള്‍ സ്ഥാപകരായ ജെംസിന്റെ കീഴില്‍ മാത്രമായി കഴിഞ്ഞ വര്‍ഷം പുതിയ ഏഴ് സ്‌കൂളുകളാണ് ആരംഭിച്ചത്. ഇതില്‍ രണ്ടെണ്ണം വീതം അമേരിക്കന്‍, ഇന്ത്യന്‍ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ളതാണ്. ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന മൂന്ന് സ്‌കൂളുകളും തുടങ്ങിവയിലുണ്ട്.
യുഎഇയിലെ മികച്ച നിലവാരമുള്ള പതിനാല് സ്‌കൂളുകളില്‍ പത്ത് സ്‌കൂളുകളും ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്നതാണെന്നാണ് ദുബൈ വിദ്യാഭ്യാസ വകുപ്പ് (കെഎച്ച്ഡിഎ ) നേരത്തെ കണ്ടെത്തിയിരുന്നു. 350 ലേറെ സ്വകാര്യ സ്‌കൂളുകളിലായി 4,70,000ത്തിലേറെ വിദ്യാര്‍ഥികളാണ് യുഎഇയിലെ സ്‌കൂളുകളില്‍ പഠിക്കുന്നത്. ഇതില്‍ 17 ശതമാനം ഇമാറാത്തി സ്‌കൂളുകളും 32 ശതമാനം ബ്രിട്ടീഷ് പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള സ്‌കൂളുകളുമാണ്.

ശരാശരി 3500 ദിര്‍ഹം മുതലാണ് മിക്ക സ്‌കൂളുകളും അധ്യാപകര്‍ക്ക് ശമ്പളം. അബൂദാബി സ്‌കൂളുകളാണ് കൂടുതല്‍ ശമ്പളം നല്‍കിവരുന്നതെന്ന് അബുദാബിയിലെ സ്വകാര്യ സ്‌കൂളില്‍ അറബി അധ്യാപകനായി സേവനം ചെയ്യുന്ന ശരീഫ് ആമയൂര്‍ പറഞ്ഞു. 5500 മുതല്‍ എട്ടായിരം ദിര്‍ഹം വരെ ശരാശരി സ്‌കൂളുകള്‍ ശമ്പളം ഇവിടങ്ങളില്‍ നല്‍കിവരുന്നുണ്ട്. ശമ്പളത്തിന് പുറമെ താമസ സൗകര്യവും വിമാന ടിക്കറ്റ് ചാര്‍ജും നല്‍കുന്ന നിരവധി സ്‌കൂളുകളും പ്രവര്‍ത്തിച്ച് വരുന്നു.

ദുബൈയിലെ പ്രമുഖ വിദ്യാലയ ഗ്രൂപ്പായ ഫോര്‍ട്‌സ് എജ്യുക്കേഷന്റെ വെബ്‌സൈറ്റില്‍ മാത്രം 15 ഓളം വിഭാഗങ്ങളിലായി നിരവധി അധ്യാപക-അനധ്യാപക തൊഴിലവസരങ്ങള്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തു. സപ്തംബറില്‍ 50 ഓളം വിഭാഗം തൊഴിലവസരങ്ങളിലായി നിരവധി ഒഴിവുകള്‍ ജെംസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്‍ വിഭാഗം കരിയര്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഇവ കൂടാതെ അജ്മാന്‍, ഷാര്‍ജ, ദുബൈ തുടങ്ങിയ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി അധ്യാപകരുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയിതിട്ടുള്ളത്.

---- facebook comment plugin here -----

Latest