Connect with us

Kasargod

ആവർത്തിക്കുന്ന വിജയം, മങ്ങുന്ന തിളക്കം

Published

|

Last Updated

മൂന്ന് പതിറ്റാണ്ടായി കാസർകോട് മണ്ഡലം ഇടതിനൊപ്പമാണ്. വിജയത്തിന്റെ തിളക്കത്തിന് മങ്ങലേൽപ്പിച്ചുകൊണ്ട് ഭൂരിപക്ഷത്തിൽ ഇടിവുണ്ടായിയെന്നത് മറ്റൊരു യാഥാർഥ്യം. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാസർകോട്ടെത്തുന്നത്. മൂന്ന് തവണയാണ് പി കരുണാകരൻ ഇവിടെ നിന്ന് സഭയിലെത്തിയത്. ആദ്യതവണ ഒരു ലക്ഷത്തിൽപ്പരം വോട്ടിന് വിജയിച്ചപ്പോൾ രണ്ടാം തവണ ഭൂരിപക്ഷം 64,000ത്തിലെത്തി. മൂന്നാം തവണ യു ഡി എഫിലെ ടി സിദ്ദീഖിനെ പരാജയപ്പെടുത്താൻ ഏറെ വിയർക്കേണ്ടി വന്നു. ഏഴായിരത്തിൽ താഴെ മാത്രമായിരുന്നു ഭൂരിപക്ഷം.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കാസർകോട് ലോക്‌സഭാ മണ്ഡലം. കപ്പിനും ചുണ്ടിനുമിടയിൽ കഴിഞ്ഞ തവണ കൈവിട്ട വിജയം കൈപ്പിടിയിലൊതുക്കാനാണ് ഇക്കുറി യു ഡി എഫ് ക്യാമ്പിലെ ശ്രമം. ഇടതുകോട്ടയാണെന്ന് പറയുമ്പോഴും പരിശ്രമിച്ചാൽ കാസർകോട് യു ഡി എഫിനൊപ്പവും നിൽക്കുമെന്ന് ചില തിരഞ്ഞെടുപ്പുകൾ തെളിയിച്ചിട്ടുണ്ട്. പന്ത്രണ്ട് തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയെ പുൽകിയ മണ്ഡലം മൂന്ന് തവണ യു ഡി എഫിനൊപ്പം നിന്നിട്ടുണ്ട്.
വലിയ വെല്ലുവിളിയാണ് ഇത്തവണ ഇടതുമുന്നണിയെ കാത്തിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകം ഉൾപ്പെടെ ചർച്ചയായ തിരഞ്ഞെടുപ്പിൽ ഇടതിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. പ്രാദേശിക സി പി എം നേതാക്കൾ ഉൾപ്പെടെയുള്ളവർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇരട്ടക്കൊലയെ തുടർന്നുണ്ടായ പ്രതിഷേധവും സങ്കടവും സഹതാപ വോട്ടാക്കി മാറ്റാനുള്ള തന്ത്രത്തിലാണ് യു ഡി എഫ് ക്യാമ്പ്. അന്വേഷണം സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങൾ അരങ്ങേറുകയാണ്. ഈ ആവശ്യം ഉന്നയിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന് പുറമെ ശബരിമല വിഷയവും സി പി എമ്മിനെതിരെ ഉപയോഗപ്പെടുത്താൻ ബി ജെ പിക്കൊപ്പം കോൺഗ്രസും ശ്രമിക്കുന്നുണ്ട്.

മണ്ഡലത്തിൽ എം പി മുൻകൈയെടുത്തുകൊണ്ടുവന്ന വികസനപ്രവർത്തനങ്ങൾ ഉയർത്തിയായിരിക്കും ഇടതുമുന്നണി ഇതിനെ പ്രതിരോധിക്കുക. കാഞ്ഞങ്ങാട്- കാണിയൂർ പാതക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാനായതും യു ഡി എഫ് ഭരണകാലത്ത് അനിശ്ചിതാവസ്ഥയിലായിരുന്ന ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് സമുച്ചയം തുറന്നുകൊടുക്കാൻ കഴിഞ്ഞതും എൻഡോസൾഫാൻ ഇരകൾക്ക് പുതിയ പാക്കേജുണ്ടാക്കിയതും കാസർകോട് മെഡിക്കൽ കോളജ് നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും തിരഞ്ഞെടുപ്പിൽ അനുകൂല ഘടകങ്ങളാകുമെന്ന് ഇടതുമുന്നണി കരുതുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സാഹചര്യത്തിൽ കുറച്ചൊക്കെ മാറ്റം വന്നെങ്കിലും ചില മേഖലകളിലുണ്ടായ അടിയൊഴുക്കുകൾ സി പി എം ഗൗരവത്തിലെടുക്കേണ്ടിവരും. കരിവെള്ളൂർ, പയ്യന്നൂർ, ബേഡകം മേഖലകളിലും ഉദുമ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലുണ്ടായ വിള്ളലുകളും ബി ജെ പിക്കുണ്ടായ വോട്ട് വർധനവും വെല്ലുവിളികളായി ഇപ്പോഴും അവശേഷിക്കുന്നു.

സി പി എം കേന്ദ്ര കമ്മിറ്റിയംഗമായ പി കരുണാകരൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പാണ്. സി പി എം മുൻ ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനോ കണ്ണൂരിൽ നിന്നുള്ള എം വി ഗോവിന്ദൻ മാസ്റ്ററോ സ്ഥാനാർഥിയാകാനാണ് സാധ്യത. മുൻ എം എൽ എയും സി പി എം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ പി സതീഷ് ചന്ദ്രന്റെ സ്ഥാനാർഥിത്വം ഉറപ്പാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. ഇതിനെ ശരിവെക്കുന്ന രീതിയിൽ സി പി എമ്മിന്റെ ഉരുക്കുകോട്ടകളായ കല്യാശ്ശേരി, പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ പ്രവർത്തക ശിൽപ്പശാലകൾ സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തത് നൽകുന്നത് വ്യക്തമായ സന്ദേശമാണ്. സി പി എം ജില്ലാ കമ്മിറ്റി കാസർകോട് ജില്ലയിൽ നടത്തിയ ജാഥയിൽ സതീഷ് ചന്ദ്രന്റെ പങ്കാളിത്തം നിറഞ്ഞുനിന്നു.
കഴിഞ്ഞ തവണ ഉയർത്തിയ വെല്ലുവിളി പിൻബലമാക്കി ആഞ്ഞുപിടിച്ചാൽ കാസർകോട് ബാലികേറാമലയല്ലെന്ന് തെളിയിക്കാനാകുമെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു. സിദ്ദീഖ് ഇക്കുറി ഇവിടെ മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. മുമ്പ് ഇവിടെ വിജയിച്ച അന്തരിച്ച കോൺഗ്രസ് നേതാവ് രാമറായിയുടെ മകൻ സുബ്ബയ്യറായ്, ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നിൽ, മുൻ എം എൽ എ എ പി അബ്ദുല്ലക്കുട്ടി, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.

ബി ജെ പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ കരുതലോടെയാണ് ഇരുമുന്നണികളും നീങ്ങുന്നത്. ബി ജെ പിക്കും ആർ എസ് എസിനുമെതിരെ ഇരുമുന്നണികളും ശക്തമായ പ്രചാരണം നടത്തും. പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥിയെ നിർത്താനാണ് ബി ജെ പി ആലോചിക്കുന്നത്. സുരേഷ് ഗോപിയെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. മംഗളൂരു എം പി നളിൻ കുമാർ കട്ടീലിനെ മത്സരിപ്പിച്ച് ശക്തിതെളിയിക്കണമെന്ന ആവശ്യവും വിവിധ മണ്ഡലം കമ്മിറ്റികൾ ജില്ലാ നേതൃത്വത്തോട് ഉന്നയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest