Connect with us

Malappuram

ജിന്ന് ചികിത്സക്കിടെ യുവാവിന്റെ മരണം: മുജാഹിദ് വിഭാഗങ്ങൾ പ്രതിരോധത്തിൽ

Published

|

Last Updated

ഫിറോസ് അലി

മലപ്പുറം: കരൾ രോഗബാധിതനായ യുവാവ് ജിന്ന് ചികിത്സാ കേന്ദ്രത്തിലെ പീഡനത്തെ തുടർന്ന് മരിച്ച സംഭവം വിവാദമായതോടെ മുജാഹിദ് ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ. സംഭവത്തിൽ ജനവികാരമുയരുകയും അന്വേഷണ ആവശ്യം ശക്തമാകുയും ചെയ്തതോടെ പരസ്പരം പഴിചാരുകയാണ് സലഫീ ഗ്രൂപ്പുകൾ. മൗലവി വിഭാഗവും വിസ്ഡം ഗ്രുപ്പും പഴയ മടവൂർ വിഭാഗവും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തു വന്നത് മുജാഹിദിലെ ഗ്രൂപ്പ് പോര് രൂക്ഷമാക്കി.
കരൾ രോഗത്തെ തുടർന്ന് വിദേശത്ത് നിന്ന് വന്ന മലപ്പുറം കരുളായിയിലെ ഫിറോസിന് അലോപ്പതി ചികിത്സയിൽ ഫലം കാണാത്തതിനെ തുടർന്ന് ഹോമിയോ-ആയുർവേദ ചികിത്സ നടത്തിവരികയായിരുന്നു. ഇതിനിടെ വിസ്ഡം ഗ്രൂപ്പിലെ ചിലർ കെ എൻ എം അനുഭാവിയായ ഫിറോസിന് ബാധയേറ്റതാണെന്ന് കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ച് മഞ്ചേരി ചെരണിയിലെ ചികിത്സാകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നുവെന്നും 26 ദിവസത്തോളം മരുന്നോ മറ്റോ നൽകാതെ പീഡിപ്പിച്ചെുവെന്നും പറയുന്ന ഫിറോസിന്റെ ശബ്ദസന്ദേശം പുറത്തുവന്നതാണ് മുജാഹിദ് ഗ്രൂപ്പുകളെ പ്രതിസന്ധിയിലാക്കിയത്.

കഴിഞ്ഞ കാലം വരെ ജിന്ന് ബാധയേൽക്കില്ലെന്നും സിഹ്‌റ് ഫലിക്കില്ലെന്നും പ്രചരിപ്പിച്ചിരുന്ന മുജാഹിദുകൾ ഇപ്പോൾ സിഹ്‌റ് ഫലിക്കുമെന്നും ബാധയേൽക്കുമെന്നും ഉദ്ബോധിപ്പിക്കുന്നുണ്ട്. വിസ്ഡം ഗ്രൂപ്പ് എന്നറിയപ്പെടുന്ന ജിന്ന് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ജിന്ന് ചികിത്സാ കേന്ദ്രങ്ങൾ വരെ പ്രവർത്തിക്കുന്നുമുണ്ട്. ജിന്ന് ചികിത്സയെക്കുറിച്ച് ഉദ്ബോധിപ്പിക്കാൻ നിരവധി പുസ്തകങ്ങളും ഇവർ മുജാഹിദ് പ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കുന്നു. മുജാഹിദ് ഐക്യത്തിന് ശേഷവും അബ്ദുറഹിമാൻ സലഫിയുടെ നേതൃത്വത്തിൽ ഈ ആശയം മുഖ്യ പ്രബോധന വിഷയമാക്കിയതിനെ തുടർന്നാണ് പഴയ മടവൂർ ഗ്രൂപ്പിൽ നിന്ന് ഒരു വിഭാഗം വേറിട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചത്.

ഫിറോസിന്റെ മരണം വിവാദമായതോടെ നവോത്ഥാനത്തിന്റെ പിന്മുറക്കാരും പുരോഗമന ആശയക്കാരുമായി പൊതുസമൂഹത്തിൽ സ്വയം പരിചയപ്പെടുത്താറുള്ള മുജാഹിദ് ഗ്രൂപ്പുകൾ ജാള്യതയിലാണ്. ഈ സാഹചര്യത്തിൽ മുഖം രക്ഷിക്കാനാണ് പഴയ മടവൂർ വിഭാഗം ഐ എസ് എം ജില്ലാ കമ്മിറ്റി “ജിന്ന് ചികിത്സാ കൊലപാതകം-പ്രതിഷേധവും ധർണയും” എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.

ഫിറോസിന്റെ മരണത്തെ തുടർന്ന് മുജാഹിദ് വിസ്ഡം വിഭാഗവും മൗലവി ഗ്രൂപ്പും ആരോപണ പ്രത്യോരോപണങ്ങളുമായി സാമൂഹിക മാധ്യമങ്ങളിൽ ഏറ്റുമുട്ടുകയാണ്. ഇരു വിഭാഗങ്ങൾക്കുമെതിരെ പ്രചാരണവുമായി പഴയ മടവൂർ വിഭാഗവും രംഗത്തുണ്ട്. ഇത്തരം “അന്ധവിശ്വാസങ്ങൾ” മുജാഹിദുകൾക്കിടയിൽ പ്രചരിപ്പിച്ചതിൽ കെ എൻ എം സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ സലഫിക്ക് വലിയ പങ്കുണ്ടെന്ന് ഐ എസ് എം ആരോപിക്കുന്നു.

2002ൽ മുജാഹിദ് പിളർന്നതിനെ തുടർന്ന് ഇത്തരം “അന്ധവിശ്വാസങ്ങൾ” പ്രോത്സാഹിപ്പിക്കുകയായിരുന്നു അബ്ദുർറഹിമാൻ സലഫി ചെയ്തതെന്നും കെ എൻ എമ്മിന്റെ ഉടമസ്ഥതയിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കടുത്തുള്ള ഒരു സ്ഥാപനത്തിൽ ഇത്തരം ചികിത്സാ രീതികൾക്ക് പരിശീലനം സംഘടിപ്പിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. മുജാഹിദ് പ്രസംഗകരായിരുന്ന ശംസുദ്ദീൻ പാലത്ത്, ജമാൽ ചെറുവാടി എന്നിവരുടെ ഇത്തരം പ്രചാരണങ്ങളെ ന്യായീകരിക്കുന്ന സലഫിയുടെ വീഡിയോ ക്ലിപ്പ് ഐ എസ് എം കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പ്രചരിപ്പിച്ചത് കെ എൻ എം മൗലവി വിഭാഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

എൻ എം സുഹൈൽ
മലപ്പുറം

 

പോലീസ് ചോദ്യം ചെയ്തതായി സൂചന

നിലമ്പൂർ: കരൾ രോഗം ബാധിച്ച് മരിച്ച യുവാവ് മുജാഹിദ് മന്ത്രവാദ ചികിത്സാ കേന്ദ്രത്തിൽ കൊടിയ പീഡനത്തിനിരയായെന്ന പ്രചാരണത്തിനിടെ ആരോപണ വിധേയരായവരെ പോലീസ് ചോദ്യം ചെയ്തതായി സൂചന. യുവാവിന്റേതായി പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ ചികിത്സയുടെ പേരിൽ മുജാഹിദ് വിഭാഗത്തിലെ ജിന്ന് ചികിത്സകർ പീഡിപ്പിച്ചതായി വ്യക്തമാക്കിയിരുന്നു. മഞ്ചേരി ചെരണി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രത്തിനും ചികിത്സകർക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഓഡിയോ സന്ദേശത്തിലുള്ളത്. കരുളായി സ്വദേശിയായ യുവാവാണ് ലിവർ സിറോസിസ് പിടിപെട്ട് കഴിഞ്ഞദിവസം മരിച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾക്ക് കരൾ രോഗം പിടിപെടുകയും നാട്ടിലെത്തി അലോപ്പതി ചികിത്സകൾ നടത്തി. തുടർന്ന് ആയുർവേദ ചികിത്സയിലേക്ക് മാറി.

രോഗം സുഖപ്പെട്ട് വരുന്നതിനിടെയാണ് മുജാഹിദ് ജിന്ന് വിഭാഗത്തിലെ ചിലർ മഞ്ചേരി ചെരണിയിലെ ജിന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിച്ചത്. കരൾ രോഗമില്ലെന്നും വയറ്റിൽ ഗണപതിയാണെന്നും അതിനെ ഇല്ലാതാക്കാൻ അവിടെ ചികിത്സ നടത്താൻ നിർദേശിക്കുകയുമായിരുന്നു. 26 ദിവസം അവിടെ നിർത്തി മരുന്നും ഭക്ഷണം നൽകാതെയും ശാരീരികമായും പീഡിപ്പിച്ചുവെന്നും മരുന്ന് നൽകാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. ഒരു ദിവസത്തെ ചികിത്സക്ക് 10,000 രൂപയാണെന്നും ഫിറോസ് സന്ദേശത്തിൽ പറയുന്നുണ്ട്.

മഞ്ചേരി ചെരണിയിലെ വാടക വീടും ക്വാർട്ടേഴ്‌സും കേന്ദ്രീകരിച്ചാണ് ചികിത്സ നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി പോലീസ് ആരോപണവിധേയനായ ചികിത്സകനെ ചോദ്യം ചെയ്തു വിട്ടയച്ചതായാണ് വിവരം. ജിദ്ദയിലെയും നാട്ടിലെയും സുഹൃത്തുക്കൾക്കാണ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് യുവാവ് ഓഡിയോ അയച്ചുകൊടുത്തത്. ആരും ഇനി ചതിയിൽപ്പെടരുതെന്നും ചികിത്സകനെതിരെ നടപടിയെടുക്കാൻ ശ്രമിക്കണമെന്നും ഓഡിയോയിൽ യുവാവ് പറയുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവ് മരണപ്പെട്ടത്. സംഭവത്തിൽ ജനവികാരം ശക്തമാണ്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

സമഗ്ര അന്വേഷണം വേണമെന്ന് മർകസുദ്ദഅ്‌വ

മഞ്ചേരി: ജിന്ന് ചികിത്സക്കിടെ മരണപ്പെട്ട നിലമ്പൂർ കരുളായി പത്തുതറപ്പടി കൊളപ്പറ്റ ഫിറോസ് അലി(38)യുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മുജാഹിദ് മർക്കസുദ്ദഅവ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മഞ്ചേരി ചെരണി റഹ്മത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് ജിന്ന് ചികിത്സ നടന്നത്. ശാരീരിക മാനസിക പീഡനങ്ങൾക്ക് പുറമേ സാമ്പത്തിക തട്ടിപ്പും ഈ വീട് കേന്ദ്രീകരിച്ച് നടക്കുന്നതായി ഇവർ ആരോപിച്ചു.
മഞ്ചേരി പട്ടർകുളം ചക്കിണി സ്വദേശിയുടെ നേതൃത്വത്തിൽ വർഷങ്ങളായി ജിന്ന് ചികിത്സയെന്ന പേരിൽ വ്യാജ ചികിത്സാ കേന്ദ്രം പ്രവർത്തിച്ചുവരുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് ശാഖകളുമുണ്ട്. ജിന്നുകളുമായി നേരിട്ട് സംവദിക്കുന്ന ചികിത്സകൻ ഇതുവഴി രോഗങ്ങൾ ഭേദമാക്കുന്നുവെന്നാണ് പ്രചാരണം. കേസന്വേഷണം തടസ്സപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്നും ഈസ്റ്റ് ജില്ലാ പ്രസിഡന്റ് കെ അലി പത്തനാപുരം, സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, എ നൂറുദ്ദീൻ എടവണ്ണ, ജൗഹർ അയനിക്കോട്, ടി റിയാസ് മോൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മലപ്പുറം

---- facebook comment plugin here -----

Latest