Connect with us

Ongoing News

മലപ്പുറം: ഉറച്ച കോട്ടയിൽ വെല്ലുവിളി ഉയരുമോ?

Published

|

Last Updated

പ്രവാസി മേഖലയാണ് മലപ്പുറത്തിന്റെ നാഡീവ്യൂഹം. ഗൾഫ് മേഖലയിലെ പ്രതിസന്ധി പ്രവാസികൾക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മണ്ഡലത്തിൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് വർഷം മുമ്പാണ് മലപ്പുറം മണ്ഡലം നിലവിൽ വന്നത്. അതുവരെ മഞ്ചേരി മണ്ഡലത്തിന്റെ ഭാഗമായിരുന്നു. മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. മണ്ഡല രൂപവത്കരണത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗിനൊപ്പമായിരുന്നു മലപ്പുറം. രണ്ട് തവണയും ഇ അഹമ്മദ് ആയിരുന്നു സഭയിലെത്തിയത്. ഇ അഹമ്മദിന്റെ മരണത്തോടെ 2017ൽ എം എൽ എ സ്ഥാനം രാജിവെച്ച് പി കെ കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് വഴിയൊരുക്കിയതും മലപ്പുറം തന്നെ.

എന്നും മുസ്‌ലിം ലീഗിനൊപ്പം അടിയുറച്ചുനിന്ന മണ്ഡലത്തിലെ ഇടതു മുന്നണിയുടെ സാധ്യതയും അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. 1999ൽ ഇ അഹമ്മദ് 1,23,411 വോട്ടുകൾക്ക് സി പി എമ്മിന്റെ അഡ്വ. ഐ ടി നജീബിനെ പരാജയപ്പെടുത്തിയാണ് മലപ്പുറം മണ്ഡലം രൂപവത്കരണത്തിന് മുമ്പുള്ള മഞ്ചേരി മണ്ഡലത്തിൽ നിറഞ്ഞുനിന്നത്. അന്ന് 4,37,563 വോട്ടാണ് ലീഗിന്റെ പെട്ടിയിൽ വീണത്. ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ സി പി എം മഞ്ചേരിയിൽ ചെങ്കൊടി പാറിച്ച് ചരിത്രമെഴുതി. ലീഗിലെ കെ പി എ മജീദിനെ 47,743 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് ടി കെ ഹംസ അടിയറവ് പറയിച്ചത്. 4,26,920 വോട്ട് നേടിയാണ് ഹംസ ഡൽഹിയിലേക്ക് പറന്നത്.

മലപ്പുറം മണ്ഡലം നിലവിൽ വന്ന ശേഷം ഹംസ രണ്ടാമൂഴത്തിന് ഇറങ്ങിയെങ്കിലും ചുവട് പിഴച്ചു. 1,15,597 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി പി എമ്മിൽ നിന്ന് ഇ അഹമ്മദ് വിജയം പറിച്ചെടുത്തു. മലപ്പുറത്ത് നിന്ന് 2014ൽ രണ്ടാം തവണയും ജനവിധി തേടിയ ഇ അഹമ്മദ്, 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സഭയിൽ എത്തിയത്. അഹമ്മദിന്റെ മരണത്തെ തുടർന്ന് 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും വിജയം ലീഗിനൊപ്പം നിന്നു. പക്ഷേ, ഇ അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് നേടാനായില്ല. ഭൂരിപക്ഷം 1,71,023 വോട്ടിലേക്ക് കുറഞ്ഞു. സി പി എം സ്ഥാനാർഥി പി കെ സൈനബക്ക് 2014ൽ ലഭിച്ച വോട്ടിനെക്കാളും 1,01,323 വോട്ടാണ് സി പി എമ്മിന്റെ സ്ഥാനാർഥി അഡ്വ. എം ബി ഫൈസൽ ഉപതിരഞ്ഞെടുപ്പിൽ അധികമായി സ്വന്തമാക്കിയത്. ഇത് ഇടതു മുന്നണിക്ക് ആവേശം നൽകുന്നതാണ്.

ഈ സാഹചര്യം മുന്നിൽക്കണ്ട് ഉറച്ച ചുവട് വെക്കാൻ തന്നെയാണ് സി പി എം തീരുമാനം. എം പിയുടെ പാർലിമെന്റിലെ ഹാജർ നിലയും ന്യൂനപക്ഷങ്ങളോടുള്ള സമീപനവും ഇടത് പാളയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കും. ഇതിനായി കരുത്തനായ സ്ഥാനാർഥിയെ തന്നെയായിരിക്കും മണ്ഡലത്തിൽ പാർട്ടി നിർദേശിക്കുകയെന്ന് സി പി എം ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം. സ്ഥാനാർഥി നിർണയം സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടക്കുകയാണ്. ഈ മാസം പത്തിന് ശേഷമേ സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനമുണ്ടാകൂവെന്ന് സി പി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു.

സിറ്റിംഗ് സീറ്റിൽ പി കെ കുഞ്ഞാലിക്കുട്ടി തന്നെ മത്സരരംഗത്തുണ്ടാകാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്ന് പാണക്കാട് ചേരുന്ന പ്രത്യേക യോഗത്തിൽ ധാരണയാകും. വികസന നേട്ടങ്ങളിൽ ഊന്നിയായിരിക്കും ലീഗിന്റെ പ്രചാരണം. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനായി പ്രത്യേക കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതും പ്രവാസികൾക്കായി ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ കുറവും മൂന്നാം മുന്നണിയായ എൻ ഡി എ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ ആയുധമാക്കും.

Latest