Connect with us

Ongoing News

കൃഷി ഭൂമിയിൽ കൊയ്യുന്നതാര്?

Published

|

Last Updated

ഇന്ത്യയുടെ കൃഷി ഭൂമിയാണ് പഞ്ചാബ്. സംസ്ഥാനത്തിന്റെ എൺപത് ശതമാനം ഭൂപ്രദേശവും കൃഷിയോഗ്യമായ മണ്ണാണ്. പഞ്ചാബിലെ പ്രധാന വരുമാന മാർഗം കൃഷിയും കൃഷിയധിഷ്ഠിത വ്യവസായവുമാണെങ്കിൽ രാഷ്‌ട്രീയ ആധിപത്യം അകാലിദളിനും കോൺഗ്രസിനുമാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 58 ശതമാനവും സിഖുകാരായതിനാൽ പഞ്ചാബിന്റെ രാഷ്‌ട്രീയത്തിൽ സിഖ് വിഷയങ്ങൾക്ക് പ്രധാന്യമേറും. ലോക സിഖ് ജനസംഖ്യയുടെ 75 ശതമാനവും പഞ്ചാബിലാണ്. 38 ശതമാനം ഹിന്ദുക്കളും രണ്ട് ശതമാനം മുസ്‌ലിംകളും 1.26 ശതമാനം ക്രിസ്‌ത്യൻ വിഭാഗങ്ങളും അടങ്ങിയതാണ് സംസ്ഥാനത്തെ ജനസംഖ്യ. പഞ്ചാബിൽ കോൺഗ്രസ്, എ എ പി പാർട്ടികൾ ഒറ്റക്കും ശിരോമണി അകാലിദളും (എസ് എ ഡി) ബി ജെ പി സഖ്യവുമാണ് പ്രധാനമായും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി എസ് പി, ഇടതുപാർട്ടികൾ തുടങ്ങിയവരും തിരഞ്ഞെടുപ്പിൽ മത്സരിക്കാറുണ്ട്. 2002 വരെ ഇടതുപാർട്ടികൾക്ക് നിയമസഭയിൽ പ്രാതിനിധ്യമുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള പതിമൂന്ന് ലോക്‌സഭാ സീറ്റിൽ ശിരോമണി അകാലി ദളും അവരുടെ സഖ്യ കക്ഷിയായ ബി ജെ പിയും കൂടി ആറ് സീറ്റിൽ (അകാലിദൾ നാലിടത്തും ബി ജെ പി രണ്ടിടത്തും) വിജയിച്ചു. കന്നി അംഗത്തിനിറങ്ങിയ എ എ പി നാല് സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് മൂന്ന് സീറ്റിൽ ഒതുങ്ങി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റിൽ കോൺഗ്രസ് വിജയിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരച്ചുവരവിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. 117 അംഗ സഭയിൽ 77 സീറ്റ് നേടി കോൺഗ്രസ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ഇരുപതിടത്ത് വിജയിച്ച എ എ പി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി ഉയർന്നു. ഭരണകക്ഷികളായിരുന്ന ശിരോമണി അകാലി ദൾ 15 സീറ്റിലും ബി ജെ പി മൂന്നിടത്തും ഒതുങ്ങി. 2007 മുതൽ തുടർച്ചയായി പത്ത് വർഷത്തെ ശിരോമണി അകാലിദളിന്റെ ഭരണത്തിന് അന്ത്യം കുറിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. അടുത്തിടെ ലോക്‌സഭയിലേക്ക് നടന്ന രണ്ട് ഉപതിരഞ്ഞടുപ്പും കോൺഗ്രസിനൊപ്പമായിരുന്നു. ബി ജെ പിയുടെ ഒരു സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് കോൺഗ്രസ് ശക്തിതെളിയിച്ചത്.
ലോക്‌സഭയിലേക്ക് ഇക്കുറി പഞ്ചാബ് കോൺഗ്രസിനെ തന്നെ തിരഞ്ഞെടുക്കുമെന്നാണ് പൊതു വിലയിരുത്തൽ. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ദുവും ഇതിനനുസൃതമായ രാഷ്‌ട്രീയം നിരന്തരം കൈകാര്യം ചെയ്യുന്നുണ്ട്. അടുത്തിടെ പാക്കിസ്ഥാനിലെ സിഖ് തിർഥാടന കേന്ദ്രത്തിലേക്കുള്ള കർതാർപൂർ ഇടനാഴി സാധ്യമാക്കിയത് പഞ്ചാബ് സർക്കാറിന്റെ ഇടപെടലിനെ തുടർന്നാണെന്ന പ്രചാരണം ശക്തമാണ്. അമരീന്ദറിനും സിദ്ദുവിനും പാക്കിസ്ഥാൻ ഭാഗത്തെ ഇടനാഴി തറക്കല്ലിടൽ ചടങ്ങിന് ക്ഷണം ലഭിച്ചതും ഇതിന്റെ ഭാഗമായി വിലയിരുത്തുന്നു.

അതേസമയം, കാർഷിക മേഖലക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്ന വിലയിരുത്തലും സംസ്ഥാനത്തുണ്ട്. വ്യാപകമായ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പുപോലും പാലിക്കാനായില്ലെന്ന് എ എ പി ഉൾപ്പടെയുള്ള കക്ഷികൾ ഉന്നയിക്കുന്നുണ്ട്.
പ്രധാന പ്രതിപക്ഷ കക്ഷികൾക്കിടയിലെ ആഭ്യന്തര പ്രശ്‌നങ്ങൾഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. പാർട്ടിയുടെ നേതാക്കളും എം പിമാരുമായ രണ്ട് പേരെ എ എ പി പുറത്താക്കിയിരുന്നു. പട്യാല മണ്ഡലത്തിൽ നിന്ന് വിജയിച്ച ധരംവീർ ഗാന്ധി, ഫതേഹ് ഗഢ് സാഹിബിൽ നിന്നുള്ള ഹരീന്ദർ സിംഗ് ഖൽസ എന്നിവരെ 2015 ആഗസ്റ്റിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ധരംവീർ ഗാന്ധി പിന്നീട് പഞ്ചാബ് മഞ്ച് എന്ന പേരിൽ രാഷ്‌ട്രീയ പാർട്ടിക്ക് രൂപം നൽകുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും എ എ പിയിൽ പൊട്ടിത്തെറികൾ തുടർന്നു. മുതിർന്ന എ എ പി നേതാവും മുതിർന്ന അഭിഭാഷകനുമായ എച്ച് എസ് ഫൂൽക്കെ കഴിഞ്ഞ വർഷം പാർട്ടി വിട്ടു. പഞ്ചാബ് ഘടകം എ എ പിയിലെ പ്രശ്‌നങ്ങളായിരുന്നു കാരണം. പിന്നീട്, കഴിഞ്ഞ മാസം സുഖ്പാൽ ഖൈറയും എ എ പി വിട്ടു. പാർട്ടി അടിസ്ഥാന തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ചായിരുന്നു രാജി.

പ്രതിപക്ഷ നേതാവിനെ പലവട്ടമാണ് എ എ പി മാറ്റിയത്. എച്ച് എസ് ഫൂൽകെ, സുഖ്പാൽ സിംഗ് ഖൈറ, ഹർപൽ സിംഗ് ചീമ എന്നിവർ പലകാരണങ്ങളാൽ പ്രതിപക്ഷ കസേരയിൽ മാറിമാറി വന്നു. അകാലിദളും ബി ജെ പിയും തമ്മിലുള്ള പടലപിണക്കങ്ങൾ എൻ ഡി എയെയും അസ്വസ്ഥമാക്കുന്നുണ്ട്. ബി ജെ പി ബന്ധം ഉപേക്ഷിക്കാൻ വരെ അകാലിദൾ തയ്യാറെടുത്തിരുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ചതായാണ് ഇരു പാർട്ടിയിലെയും നേതാക്കൾ പറയുന്നത്.