Eranakulam
ആസിം യാത്ര തുടരുകയാണ്; ലക്ഷ്യം തുടർ പഠനം മാത്രം
തുടർ പഠനത്തിന് സംവിധാനം ഒരുക്കാൻ സംസ്ഥാന സർക്കാറിന്റെ കനിവ് തേടി മുഹമ്മദ് ആസിമിന്റെ യാത്ര തുടരുന്നു. കോഴിക്കോട് വെളിമണ്ണ മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ വീൽ ചെയർ തള്ളിയുള്ള സഹന സമര കാൽനട യാത്ര കൊച്ചി പിന്നിട്ടു.
സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവും കോഴിക്കോട് വെളിമണ്ണ ഗവൺമെന്റ് യു പി സ് കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുമായ ആസിം തന്റെ സ്‌കൂൾ ഹൈസ്‌കൂൾ ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് യാത്ര നടത്തുന്നത്. ജന്മനാ ഇരു കൈകളും ഇല്ലാത്ത കാലുകൾക്ക് വൈകല്യമുള്ള പതിമൂന്നുകാരനായ ആസിം ഇതിനായി മുട്ടാത്ത വാതിലുകളില്ല. ആസിമിന് അനുകൂലമായി നേരത്തെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും സർക്കാർ അപ്പീൽ നൽകിയതോടെ കാത്തിരിപ്പ് വിഫലമാവുകയായിരുന്നു. എന്നാൽ ഭിന്നശേഷിക്കാരെ സർക്കാർ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചു മിടുക്കൻ.
എൽ പി സ്‌കൂൾ ആയിരുന്ന വെളിമണ്ണ ഗവൺമെന്റ് മാപ്പിള സ്‌കൂൾ യു പി സ്‌കൂൾ ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആസിം നിവേദനം നൽകിയിരുന്നു. ആസിമിന്റെ പഠന മിടുക്ക് തിരിച്ചറിഞ്ഞ അന്നത്തെ സർക്കാറാണ് സ്‌കൂൾ യു പി തലത്തിലേക്ക് ഉയർത്തിയത്.
നിലവിൽ ആസിമിന്റെ വീടിന് അഞ്ച് കിലോമീറ്റർ പരിധിയിൽ സർക്കാർ ഹൈസ്‌കൂളുകളില്ല. അതിനാൽ പ്രാഥമിക കാര്യങ്ങൾക്ക് പോലും രക്ഷിതാക്കളുടെ സഹായം ആവശ്യമുള്ള ഈ വിദ്യാർഥിയുടെ തുടർ പഠനം ചോദ്യചിഹ്നമാവുകയാണ്.
ഉപ്പ മുഹമ്മദ് ഷഹീദ് മദ്രസാ അധ്യാപകൻ ആയതിനാൽ അവധി ദിനങ്ങളിലേ നാട്ടിലുണ്ടാകാറുള്ളൂ. ആസിം പഠിച്ച അതേ വിദ്യാലയത്തിൽ പഠിക്കുന്ന നാല് സഹോദരങ്ങൾ ഉള്ളതിനാൽ ഉമ്മ ജംസീനക്കും വിദൂരത്തുള്ള സ്‌കൂളിലേക്ക് ആസിമിനെ എത്തിക്കുകയെന്നത് പ്രയാസമാണ്. വെളിമണ്ണ സ്‌കൂൾ ഹൈസ്‌കൂൾ ആയി ഉയർത്തിയാൽ പ്രദേശത്തെ പത്ത് വാർഡുകളിലെ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുമെന്നാണ് ആസിം പറയുന്നത്.
ആക്ടിവിസ്റ്റ് ഹാരിസ് രാജിന്റെ നേതൃത്വത്തിലാണ് സഹന സമര കാൽനട യാത്ര നടക്കുന്നത്. ഉപ്പ ശഹീദും ആസിമിന് പിന്തുണയുമായി യാത്രയിലുണ്ട്. വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. ദിവസം 15 കിലോമീറ്റർ വീതം 450 കിലോമീറ്റർ സഞ്ചരിച്ചാണ് തിരുവനന്തപുരം സെക്രട്ടേറിയേറ്റിൽ യാത്രയെത്തുക. ഫെബ്രുവരി 15നായിരുന്നു യാത്ര ആരംഭിച്ചത്. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിൽ നിരാഹാര സമരം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആസിം.