National
മമതയുടെ സ്വപ്നം, തന്ത്രം കൊൽക്കത്ത: ബി ജെ പിക്കും കോൺഗ്രസിനും പിന്നിൽ
മൂന്നാമത്തെ ഒറ്റക്കക്ഷിയായി ലോക്‌സഭയിലെത്തി പ്രധാനമന്ത്രി പദം വരെ സ്വപ്‌നം കാണുന്ന നേതാവാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. അതിനുവേണ്ടിയുള്ള തന്ത്രപൂർവമായ നീക്കങ്ങളാണ് ദീദി നടത്തുന്നത്. സ്ഥാനാർഥി നിർണയം തൊട്ട് പ്രചാരണം വരെയുള്ള കാര്യങ്ങളിലാണ് മമതയുടെ തന്ത്രങ്ങൾ കിടക്കുന്നത്.
സിറ്റിംഗ് എം പിമാരിൽ മൂന്നിൽ ഒന്നിന് ഇത്തവണ തൃണമൂൽ കോൺഗ്രസ് സീറ്റ് അനുവദിച്ചില്ല. 34 സിറ്റിംഗ് എം പിമാരിൽ എട്ട് പേരാണ് ഇങ്ങനെ തഴയപ്പെട്ടത്. രണ്ട് സിറ്റിംഗ് എം പിമാർ പാർട്ടി വിട്ട് ഇതിനകം ബി ജെ പിയിൽ ചേർന്നുകഴിഞ്ഞു. ഇത്തവണ മുന്നോട്ടുവെക്കുന്ന അഞ്ചിൽ രണ്ട് സ്ഥാനാർഥികൾ (42ൽ 17 പേർ) ഇതുവരെ പാർലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തവരോ പുതിയ മണ്ഡലത്തിൽ മത്സരിക്കുന്നവരോ ആണ്. ഇതുവഴി ഭരണവിരുദ്ധ വികാരം മറികടക്കാമെന്ന് മമത കണക്കുകൂട്ടുന്നു. സ്ഥാനാർഥി പട്ടികയിൽ നാൽപ്പത് ശതമാനത്തിലേറെ സീറ്റുകൾ സ്ത്രീകൾക്ക് നീക്കിവെച്ചതാണ് മമതയുടെ മറ്റൊരു സുപ്രധാന തന്ത്രം.
ഒരുകാലത്ത് സി പി എം നേതൃത്വം നൽകുന്ന ഇടത് പക്ഷം നിർണായകമായിരുന്ന പശ്ചിമ ബംഗാളിൽ, മത്സരം തൃണമൂൽ- ബി ജെ പി എന്ന നിലയിലേക്ക് മാറിമറിഞ്ഞിട്ടുണ്ട്. മിക്ക ജില്ലകളിലും ഇടത് പാർട്ടികൾക്ക് അടിത്തറ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കോൺഗ്രസും സംസ്ഥാനത്ത് നിർണായക ശക്തിയൊന്നുമല്ല.
ഈ സാഹചര്യത്തിൽ ബി ജെ പി തന്നെയാണ് തന്റെ പ്രബല വൈരിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മമതാ ബാനർജി. എസ് പി നേതാവ് അഖിലേഷ് യാദവോ ബി എസ് പി നേതാവ് മായാവതിയോ ക്ഷണിക്കുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയിൽ അദ്ദേഹത്തിനെതിരെ പ്രചാരണത്തിനെത്തുമെന്നാണ് ദീദിയുടെ പ്രഖ്യാപനം.
സംസ്ഥാനത്തെ പ്രതിപക്ഷ സ്വരത്തെ “ദുർബലം” എന്ന നിലയിലാണ് മമത വിലയിരുത്തുന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ വിള്ളൽ വീണിരിക്കുന്നു. ദക്ഷിണ ബംഗാളിലും മുർഷിദാബാദിലുമൊക്കെ കഴിഞ്ഞ തവണ അതു കണ്ടതാണ്.
ന്യൂനപക്ഷങ്ങൾക്ക് മേൽക്കൈയുള്ള ജില്ലകളിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ബി ജെ പിക്ക് അനുകൂലമാകുമെങ്കിലും പരോക്ഷമായി തങ്ങൾക്ക് നേട്ടമാകുമെന്ന കണക്കുകൂട്ടലും മമതക്കുണ്ട്.
ബി ജെ പിയോട് നേരിട്ടുള്ള ഏറ്റുമുട്ടലിനിറങ്ങുമ്പോൾ സ്ഥാനാർഥി പട്ടിക കുറ്റമറ്റതാക്കുക എന്ന പ്രാഥമിക തന്ത്രത്തിൽ തന്നെ മമത ബാനർജി വിജയിച്ചിരിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറ്റമുണ്ടാക്കിയ മേഖലകളിലെല്ലാം കരുത്തരായ സ്ഥാനാർഥികളെയാണ് തൃണമൂൽ കോൺഗ്രസ് നിശ്ചയിച്ചിട്ടുള്ളത്.