Articles
ആഘോഷിക്കപ്പെടുന്നത് വര്‍ഗീയ അജൻഡകളാണ്
തിരഞ്ഞെടുപ്പുകള്‍ ജനതയുടെയും രാജ്യത്തിന്റെയും ഭാഗധേയം നിര്‍ണയിക്കുന്ന ഗൗരവമേറിയ പ്രക്രിയയായിരിക്കെ തന്നെ വലിയ ആഘോഷം കൂടിയാണ്. ദേശം, ഭാഷ, മതം, ജാതി തുടങ്ങിയവയിലെ ഭിന്നതകളെല്ലാം മറന്ന് ജനതയൊന്നാകെ ആഘോഷിക്കുന്ന ഒന്ന്. അതുകൊണ്ടുതന്നെ പൊതുതിരഞ്ഞെടുപ്പ്, അതിന്റെ സകല ഗൗരവവും നിലനില്‍ക്കെ, ദേശീയ ആഘോഷമാണ്. അതിനെ ആവേശം ചോരാതെ പ്രതിഫലിപ്പിക്കുകയാണ് മാധ്യമങ്ങള്‍. എല്ലാക്കാലത്തുമെന്നപോലെ കേരളത്തില്‍ ആവേശം ഒരുപടി മുന്നില്‍ നില്‍ക്കും. ചില്ലറ തര്‍ക്കങ്ങളുടെ അകമ്പടിയോടെ ഇടതുജനാധിപത്യ മുന്നണി സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. എത്ര നേരത്തെ തുടങ്ങിയാലും അവസാന ഘട്ടത്തിലെ പൊട്ടിത്തെറികള്‍ ഒഴിവാക്കാന്‍ സാധിക്കാറില്ല ഐക്യജനാധിപത്യ മുന്നണിക്കും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനും. അത് നടക്കുകയാണ്. പൊട്ടിത്തെറിയുടെ പൊടി അടങ്ങാന്‍ ഒന്നോ രണ്ടോ ദിവസം. അതിനുശേഷം ഐക്യജനാധിപത്യ മുന്നണി പ്രചാരണത്തില്‍ സജീവമാകും. അതൃപ്തിയുടെ മൂര്‍ധന്യത്തില്‍ കാവി പുതയ്ക്കുക എന്ന വിഡ്ഢിത്തം ടോം വടക്കനെപ്പോലെ കൂടുതല്‍പ്പേര്‍ കാട്ടുമെന്ന് തത്കാലം പ്രതീക്ഷിക്കേണ്ടതില്ല.
കെ പി സി സി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രനും സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മുന്‍ മുഖ്യമന്ത്രിയും ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും കെ പി സി സിയുടെ മുന്‍ പ്രസിഡന്റ് വി എം സുധീരനും ലോക്‌സഭയിലേക്ക് മത്സരിക്കുന്നില്ല എന്നതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ ശ്രദ്ധേയമായ സംഗതി. ഈ നാല് പേരുടെയും സ്ഥാനാര്‍ഥിത്വം ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ വാര്‍ത്തയായിരുന്നു. ഇവര്‍ മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്നത്, തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന രാഷ്ട്രീയം കണക്കിലെടുക്കുമ്പോള്‍ പ്രധാനമല്ല. പക്ഷേ ഇവര്‍ മത്സര രംഗത്തുണ്ടായിരുന്നുവെങ്കില്‍ അതാത് മണ്ഡലങ്ങളിലെ യു ഡി എഫിന്റെ സാധ്യതകള്‍ വര്‍ധിക്കുമായിരുന്നുവെന്ന് മാത്രം. ഇവരുടെ വിട്ടുനില്‍ക്കല്‍, ഭാവിയില്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിലെ ബലാബലത്തെ പുനര്‍ നിര്‍ണയിക്കുമെന്ന് ഉറപ്പ്. ഉമ്മന്‍ ചാണ്ടി – രമേശ് ചെന്നിത്തല ദ്വന്ദ്വത്തില്‍ ഒതുങ്ങിയിരുന്ന കേരളത്തിലെ ഗ്രൂപ്പ് ബലാബലം മുല്ലപ്പള്ളിയും കെ സി വേണുഗോപാലും ചേരുന്നതായി മാറും. ഈ മുന്‍നിരയുടെ പാര്‍ശ്വങ്ങളില്‍ സ്വന്തമിടം കണ്ടെത്താനുള്ള ശ്രമം വി എം സുധീരനും തുടരും.
ഇടത് ജനാധിപത്യ മുന്നണിയില്‍ സി പി ഐ (എം)യും സി പി ഐയും മാത്രമാണ് മത്സരിക്കുന്നത്. രണ്ട് പാര്‍ട്ടികളെയും സംബന്ധിച്ച് ലോക്‌സഭയിലെ പ്രാതിനിധ്യം കേരളത്തില്‍ നിന്ന് ലഭിക്കുന്ന സീറ്റുകളെ ആശ്രയിച്ചിരിക്കുന്നു. വിജയമെന്ന ഒറ്റലക്ഷ്യം മുന്‍നിറുത്തി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ബി ജെ പിയെ (ഇപ്പോഴത്തെ സാഹചര്യത്തില്‍ നരേന്ദ്ര മോദിയെ) അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റുകള്‍ ലഭിക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസിലേക്ക് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടാകാനുള്ള സാധ്യത ഇടത് ജനാധിപത്യ മുന്നണി കാണുന്നുണ്ട്. സ്ഥാനാര്‍ഥികളുടെ മികവിലൂടെ അതിനെ മറികടക്കനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ബി ജെ പി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യവും സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവുമൊക്കെയായി സജീവമാണ്. പതിവുപോലെ വലിയ അവകാശവാദങ്ങള്‍ ബി ജെ പി നിരത്തുന്നു. വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍, ശക്തമായ മത്സരം കാഴ്ചവെക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ എന്നിങ്ങനെ തിരിച്ച്, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) കാര്‍മികത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് മാസങ്ങളായി. എന്നിട്ടും ഏതൊക്കെ സീറ്റില്‍ ഏതൊക്കെ കക്ഷികള്‍ മത്സരിക്കുമെന്നോ അവിടങ്ങളില്‍ ആരൊക്കെ സ്ഥാനാര്‍ഥിയാകുമെന്നോ തിട്ടമാകുന്നതെയുള്ളൂ. ആ മുന്നണിയുടേതായി ഏറ്റവും ആഘോഷിക്കപ്പെട്ടത് തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനായി മിസോറാം ഗവര്‍ണര്‍ സ്ഥാനത്തു നിന്നുള്ള കുമ്മനം രാജശേഖരന്റെ രാജിയായിരുന്നു.
ഇടത് ജനാധിപത്യ മുന്നണിയിലെയും ഐക്യ ജനാധിപത്യ മുന്നണിയിലെയും ഭിന്നാഭിപ്രായങ്ങളോ തര്‍ക്കത്തിന്റെ വക്കോളമെത്തുന്ന വാഗ്വാദങ്ങളോ ആഘോഷിക്കപ്പെടുന്നതിന് കാരണമുണ്ട്.
കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹിക രംഗങ്ങളില്‍ ആ മുന്നണികള്‍ക്കും അതിന്റെ ഭാഗമായ പാര്‍ട്ടികള്‍ക്കും അവകള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തികള്‍ക്കുമുള്ള വലിയ സ്ഥാനം. കേരളത്തെ ഇന്ന് നാം കാണുന്ന (നല്ലതും ചീത്തയുമായ) ഇടമായി മാറ്റുന്നതില്‍ പങ്ക് അവകാശപ്പെടാന്‍ സാധിക്കുന്നത് അവര്‍ക്കാണ്. പരസ്പരം തര്‍ക്കിച്ചും ഗ്രൂപ്പ് – വിഭാഗീയ കളികളുടെ ഭാഗമായുമൊക്കെയാണ് അവര്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. അതിന്റെ യുക്തിയും അയുക്തിയും വിലയിരുത്തിയാണ് ജനം അവരെ ജയിപ്പിച്ചതും തോല്‍പ്പിച്ചതും. അതിലേക്ക് എന്തെങ്കിലും സംഭാവന ഇതുവരെ നല്‍കാന്‍ ബി ജെ പിക്കോ അത് നേതൃത്വം നല്‍കുന്ന എന്‍ ഡി എക്കോ സാധിച്ചിട്ടില്ല. അങ്ങനെ സാധിക്കും വിധത്തിലേക്ക് അവരെ വളര്‍ത്താന്‍ കേരളത്തിലെ വോട്ടര്‍മാര്‍ തയ്യാറായിട്ടുമില്ല. അത്തരമൊരു മുന്നണിയുടെ സ്ഥാനാര്‍ഥിയാകാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ‘നേതാവ്” എത്തുന്നത് അര്‍ഹിക്കുന്നതിലധികം വലുപ്പത്തില്‍ ആഘോഷമാക്കപ്പെടുന്നുണ്ട്. ബി ജെ പി അംഗത്വം മിസ്കോള്‍ സംവിധാനത്തിലൂടെ പോലും നേടാതിരുന്ന കുമ്മനം രാജശേഖരനെയാണ് കേരള ഘടകത്തിന്റെ പ്രസിഡന്റായി നിയോഗിക്കുന്നത്. അതിന് മുമ്പ് അദ്ദേഹത്തിനുള്ള രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം കുറച്ചുകാലം കോണ്‍ഗ്രസിന്റെ ബ്ലോക്ക് തലത്തില്‍ ഭാരവാഹിയായിരുന്നുവെന്നത് മാത്രം. അതിനു ശേഷം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥന്‍. കേരളത്തില്‍ അറിയപ്പെടുന്നത് അയ്യപ്പസേവാ സംഘത്തിന്റെ ഭാരവാഹിയെന്ന നിലയില്‍. അറിയപ്പെടാനിടയായ കാരണം നിലയ്ക്കല്‍ പ്രക്ഷോഭമായിരുന്നു. നിലയ്ക്കലില്‍ പള്ളി പണിയാന്‍ ക്രിസ്തുമത വിശ്വാസികള്‍ ശ്രമിച്ചതും അതിനെ അന്ന് അധികാരത്തിലിരുന്ന കെ കരുണാകരന്‍ മന്ത്രിസഭ പിന്തുണച്ചതും ചരിത്രമാണ്.
നിലയ്ക്കല്‍ അയ്യപ്പന്റെ പൂങ്കാവനത്തിന്റെ ഭാഗമാണെന്നും അവിടെ പള്ളി പണിയാനാകില്ലെന്നും പ്രഖ്യാപിച്ച് വിശ്വ ഹിന്ദു പരിഷത്തിനെപ്പോലുള്ളവര്‍ രംഗത്തുവന്നപ്പോള്‍ അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നു കുമ്മനം. ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തിയെടുക്കാന്‍ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ തീവ്രശ്രമമായിരുന്നു നിലയ്ക്കല്‍ പ്രക്ഷോഭം. ഭരണ നേതൃത്വത്തിന്റെ വീണ്ടുവിചാരമില്ലാത്ത നടപടികള്‍ അതിനവര്‍ക്ക് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു.
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഹിന്ദുക്കളില്‍ ഭൂരിഭാഗവും പിന്നാക്ക വിഭാഗക്കാരാണെന്നും അതങ്ങനെ തുടര്‍ന്നാല്‍ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ വേഗം കുറയുമെന്നും വിലയിരുത്തിയ സഭാ നേതൃത്വം, നിലയ്ക്കലിലൊരു പള്ളി പണിത് ശബരിമലയിലേക്കുള്ള ഭക്തരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണെന്ന യുക്തിരഹിതമായ വാദം ആവര്‍ത്തിച്ചുന്നയിക്കപ്പെട്ട നിലയ്ക്കല്‍ പ്രക്ഷോഭകാലത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഹിന്ദു മുന്നണിയുടെ സ്ഥാനാര്‍ഥി പി കേരള വര്‍മ രാജ ഒരു ലക്ഷത്തിലധികം വോട്ടുനേടുന്നത്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അരങ്ങേറിയ പ്രക്ഷോഭ പ്രഹസനങ്ങള്‍, ഇതര രാഷ്ട്രീയ – ജീവല്‍ പ്രശ്‌നങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടൊരു വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സംഘ്പരിവാരം വിലയിരുത്തുന്നത്. അതിന്റെ ഫലം കൊയ്യാന്‍ നിലയ്ക്കല്‍ പ്രക്ഷോഭത്തിലൂടെ വര്‍ഗീയതയുടെ നിലമൊരുക്കിയ നേതാവിന് സാധിക്കുമെന്നും അവര്‍ കണക്ക് കൂട്ടുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ നേടിയ രണ്ടാം സ്ഥാനം, പുതിയ ‘വര്‍ഗീയ ധ്രുവീകരണത്തിന്റെ” സാഹചര്യത്തില്‍ ഒന്നാം സ്ഥാനമാകുമെന്ന പ്രതീക്ഷ. അതൊക്കെ അറിഞ്ഞുകൊണ്ട്, രാജിയും തിരിച്ചുവരവും ആഘോഷിക്കപ്പെടുമ്പോള്‍ വര്‍ഗീയ അജണ്ടകള്‍ക്കുള്ള വളമിടലാണ് നടക്കുന്നത്.
ബി ജെ പിയുടെ കേരള ഘടകത്തെ സംബന്ധിച്ച് അനിവാര്യമാണ് കുമ്മനം രാജശേഖരന്റെ സാന്നിധ്യമെന്നാണ് ഒരു വാദം. കുമ്മനം വരുന്നതോടെ തിരുവനന്തപുരമൊരുങ്ങുന്നത് വലിയ മത്സരത്തിനെന്ന് വിശേഷണം. അത്രയും തലപ്പൊക്കമുള്ള നേതാവെങ്കില്‍, പത്ത് മാസം മുമ്പ് ഈ നേതാവിനെ ഗവര്‍ണറായി നിയമിച്ച് കേരളത്തിലെ ബി ജെ പി ഘടകത്തില്‍ നിന്ന് ‘നാടുകടത്തിയത്” എന്തിനാണ്? പ്രസിഡന്റ്സ്ഥാനത്തേക്ക് പകരമൊരാളെ കാണാതെ, ‘നാടുകടത്തപ്പെട്ട” നേതാവ് എത്രയെളുപ്പത്തിലാണ് അനിവാര്യ സാന്നിധ്യമായി മാറുന്നത്? കേരളത്തിലെ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം വാങ്ങിക്കൊടുക്കാന്‍ ബി ജെ പിയുടെ നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് പാര്‍ട്ടി നിയോഗിച്ച സമിതി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ തുടര്‍ച്ചയായിരുന്നു കുമ്മനത്തിന്റെ മിസോറാം യാത്ര.
മുമ്പേയുണ്ടായിരുന്ന ഗ്രൂപ്പ് യുദ്ധം, അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ തീവ്രമായപ്പോള്‍ സ്ഥാനം നഷ്ടപ്പെടാനുള്ള ശക്തിയേ കുമ്മനം രാജശേഖരന് ബി ജെ പിയിലുണ്ടായിരുന്നുള്ളൂ. ആ നേതാവ്, പാര്‍ട്ടിയിലെ അനിവാര്യ സാന്നിധ്യമാണെന്ന വാദം തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍, ഉറപ്പുള്ള വിജയം ലാക്കാക്കി ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചെത്തുന്ന സ്ഥാനാര്‍ഥിയെന്ന പട്ടം ചാര്‍ത്തിക്കൊടുക്കുകയാണ്. അതുവഴി കുമ്മനത്തിന്റെയും ബി ജെ പിയുടെയും പ്രചാരണം ഏറ്റെടുക്കുകയും. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി കുമ്മനത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ്, സമകാലിക സംഗതികളെയൊക്കെ മറച്ചുവെച്ചുള്ള ആഘോഷം/പ്രചാരണം അരങ്ങേറുന്നത് എന്നത്, അതിന് പിറകില്‍ ഗൂഢലക്ഷ്യങ്ങളുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.
ആര്‍ വിജയലക്ഷ്മി