Connect with us

Articles

മനുഷ്യാവകാശ ലംഘനങ്ങളുടെ അസം "തടവറകള്‍'

Published

|

Last Updated

രാജ്യത്തെ ഏറ്റവും വലിയ ഡിറ്റെന്‍ഷന്‍ ക്യാമ്പ് തുറന്നിരിക്കുകയാണ് അസം സര്‍ക്കാര്‍. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍(എന്‍ ആര്‍ സി) പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്ന മനുഷ്യരെ തടങ്കലില്‍ വെക്കാനാണ് “എല്ലാ സൗകര്യങ്ങളോടും കൂടിയ തടവറകള്‍” ആരംഭിച്ചിരിക്കുന്നത്. 2017ല്‍ എന്‍ ആര്‍ സി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അസമില്‍ കഴിഞ്ഞുവരികയായിരുന്ന ഒന്നര ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്മാരല്ല എന്നായിരുന്നു വിവരം. ആറ് മാസങ്ങള്‍ക്ക് ശേഷം പൗര വിവരങ്ങള്‍ വീണ്ടും പട്ടികപ്പെടുത്തിയപ്പോള്‍ അരക്കോടിയോളം ജനങ്ങള്‍ പൗരന്മാരല്ലാതായി. മതിയായ രേഖകള്‍ സമര്‍പ്പിക്കാനുള്ള കുറഞ്ഞ സമയം നല്‍കിയിരുന്നെങ്കിലും അവരിലധികവും പൗരത്വം സംഘടിപ്പിച്ചെടുക്കാന്‍ വേണ്ട രേഖകളെല്ലാം കണ്ടെത്താനുള്ള ത്രാണിയില്ലാത്ത നിര്‍ധനരും നിരക്ഷരരുമായിരുന്നു. രേഖകള്‍ സമര്‍പ്പിക്കാത്തിടത്തോളം കാലം അവരെ വിദേശികളാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇത്രയും കാലം ഇന്ത്യയില്‍ കഴിഞ്ഞുപോന്ന വലിയൊരു ജനസഞ്ചയത്തെ ഒരു വെളുപ്പാന്‍ കാലത്തെന്നോണം രേഖകള്‍ അന്വേഷിച്ചു പരിഭ്രാന്തിയിലാഴ്ത്തി അത് ഹാജരാക്കുന്നത് വരെ വിദേശികളായി കണക്കാക്കുന്നത് തന്നെ കടുത്ത മനുഷ്യാവകാശ ലംഘനമായിരുന്നു.

2017ല്‍ എന്‍ ആര്‍ സി അസമിലെ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ചു പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ തന്നെ അതുവരെ കുമിഞ്ഞു വന്നിരുന്ന അസമിലെ വര്‍ഗീയ ധ്രുവീകരണവും പ്രാദേശിക വാദവും കൂടുതല്‍ രൂക്ഷമായിരുന്നു. സംസ്ഥാന സര്‍ക്കാറാകട്ടെ വിദേശ ട്രിബ്യൂണലുകള്‍ അധികരിപ്പിക്കാനും പൗരന്മാരല്ലെന്ന് കണ്ടെത്തുന്നവരെ പാര്‍പ്പിക്കുന്ന ഡിറ്റെന്‍ഷന്‍ ക്യാമ്പുകള്‍ തുറക്കാനും കേന്ദ്രത്തോട് അനുമതി തേടി. വര്‍ഗീയാടിസ്ഥാനത്തില്‍ പൗരത്വബില്‍ ഭേദഗതി ചെയ്യാനുള്ള വ്യഗ്രതയിലായിരുന്നെങ്കിലും ഡിറ്റെന്‍ഷന്‍ ക്യാമ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്രം തിടുക്കം കാണിച്ചില്ല. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, ഡിറ്റെന്‍ഷന്‍ ക്യാമ്പ് തുറക്കുന്നത് എല്ലാ അര്‍ഥത്തിലും വലിയ ബാധ്യതയാണ് എന്നത്. മറ്റൊന്ന്, ഇന്ത്യക്കാരല്ലാത്ത എല്ലാവരെയും “തുരത്തു”മെന്നായിരുന്നു കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം. അങ്ങനെയാകുമ്പോള്‍ അവരെ ഇവിടെ കയറ്റി പാര്‍പ്പിക്കുകയല്ലല്ലോ, അതിര്‍ത്തി കടത്തുകയല്ലേ വേണ്ടത്. എന്നാല്‍ അതിര്‍ത്തി കടത്തിവിടാന്‍ അതിര്‍ത്തിക്കപ്പുറത്തെ രാജ്യം അവരെ അവിടുത്തെ പൗരന്മാരായി അംഗീകരിക്കാന്‍ തയ്യാറാകണം. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായി തുടങ്ങിയതോടെ വിദേശികളെന്ന് കണ്ടെത്തുന്നവരെ നാടുകടത്താന്‍ വേണ്ട നടപടികളെല്ലാം പൂര്‍ത്തിയാകും വരെ അവരെ പാര്‍പ്പിക്കാന്‍ എന്ന നിലക്കാണ് ഡിറ്റെന്‍ഷന്‍ ക്യാമ്പുകള്‍ക്ക് ഒടുവില്‍ കേന്ദ്രം അനുമതി നല്‍കുന്നത്.

പൗരത്വം ഉറപ്പാക്കുക സങ്കീര്‍ണമായ ഒരു നടപടിയായി മാത്രമേ എന്‍ ആര്‍ സി പട്ടികയില്‍ കയറാതെ പോയ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും തോന്നിയുള്ളൂ. അത് ലഘൂകരിക്കാനോ വേണ്ട നിയമ സഹായങ്ങള്‍ ഉറപ്പു വരുത്താനോ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ ഒരുതരത്തിലുള്ള ആത്മാര്‍ഥതയും കാണിച്ചില്ല. വിദേശ ട്രിബ്യൂണലുകള്‍ തുറന്ന് അവക്ക് മുമ്പിലേക്ക് ഈ ജനങ്ങളെ മുഴുവന്‍ തള്ളിവിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒരിക്കല്‍ അങ്ങനെയൊരു കൗണ്ടറിനു മുമ്പിലെത്തിയാല്‍ പിന്നെ, താന്‍ വിദേശിയാണെന്ന് സര്‍ക്കാറിന് മുന്നില്‍ അയാള്‍ സമ്മതിച്ചെന്നും വരും. നൂറുകണക്കിന് നൂലാമാലകളുണ്ടാക്കി പൗരത്വം തടയുക എളുപ്പവുമാണല്ലോ. അതുകൊണ്ടുതന്നെ എന്‍ ആര്‍ സി പട്ടികയിലില്ലാത്തവരെ നേരെ വിദേശ ട്രിബ്യൂണലുകളിലേക്ക് അയക്കാന്‍ തീരുമാനിച്ചത് തന്നെ കൊടിയ വഞ്ചനയുമാകുന്നു. തുടക്കത്തില്‍ അത്തരം 36 ട്രിബ്യൂണലുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് നൂറെണ്ണം വരും.

1951ലാണ് എന്‍ ആര്‍ സി ആരംഭിക്കുന്നത്. അന്നത്തെ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അസമിലെ ജനങ്ങള്‍ അവിടുത്തെ പരമ്പരാഗത തദ്ദേശ വാസികളും ബ്രിട്ടീഷുകാരുടെ കാലത്ത് തേയിലത്തോട്ടങ്ങളില്‍ പണിയെടുപ്പിക്കാന്‍ കൊണ്ടുവന്ന മറുനാട്ടുകാരുടെ പിന്മുറക്കാരുമായിരുന്നു. തൊഴിലാളികളായി കുടിയേറിയവരോട് തന്നെ അസമിലെ മറ്റു ജനങ്ങള്‍ക്ക് രണ്ടാംതര നോട്ടമുണ്ടായിരുന്നു. അത് പിന്നീട് പല തരത്തിലുള്ള അസം പ്രാദേശിക വാദത്തിലേക്കും പില്‍ക്കാലത്ത് ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിലേക്കും മാറി. ഇപ്പോള്‍ എന്‍ ആര്‍ സി പൗരത്വ നിര്‍ണയം നടത്തുന്നത് 1971ലെ ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധ കാലത്തിന് മുമ്പെങ്കിലും ഇന്ത്യയില്‍ ഉള്ളവര്‍ക്കേ/ ഉള്ളവരുടെ പിന്മുറക്കാര്‍ക്കേ ഇന്ത്യന്‍ പൗരത്വം ലഭ്യമാകൂ എന്നതിന്റെ അടിസ്ഥാനത്തിലാണ്.
ഒടുവില്‍ എന്‍ ആര്‍ സി പട്ടിക വന്നതിന് ശേഷം രണ്ട് പ്രധാന സംഗതികള്‍ ഉണ്ടായി. ഒന്ന്, മതാടിസ്ഥാനത്തില്‍ പൗരത്വ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം രാജ്യസഭ കടക്കാതെ വീണു. ആ ഭേദഗതി പ്രകാരം, അയല്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്‌ലിംകളല്ലാത്ത മതക്കാര്‍ക്ക് സംരക്ഷണാര്‍ഥം പൗരത്വം അനുവദിക്കാം എന്നതായിരുന്നു. അതായത് പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മറ്റും ഹിന്ദുക്കള്‍ക്ക് അവിടുത്തെ “മതകീയമായ അസഹിഷ്ണുതയില്‍” നിന്ന് മോചനമെന്നോണം ഇന്ത്യയില്‍ അഭയം തേടാനും പൗരത്വം നേടാനുമുള്ള അവസരം കൊണ്ടുവരുന്ന മനുഷ്യാവകാശ പ്രശ്‌നം!. സര്‍ക്കാര്‍ പറയുന്നത് പോലെയൊക്കെയാണ് അയല്‍ നാട്ടിലെ സാഹചര്യങ്ങളെങ്കില്‍, ഏറ്റവും കുറഞ്ഞത് പാക്കിസ്ഥാനില്‍ നിന്ന് വരുന്ന അഹമ്മദിയാക്കള്‍ക്കും മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യകള്‍ക്കെങ്കിലും അങ്ങനെയൊരു അവസരം കൊടുക്കേണ്ടതല്ലേ? എന്തായാലും ആ ബില്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നില്ല. മറ്റൊരു കാര്യം, പട്ടികയില്‍ ഇടമില്ലാതെ പോയ നല്ലൊരു ശതമാനം ആളുകള്‍ക്കും മതിയായ രേഖകള്‍ സംഘടിപ്പിച്ചു കൊടുക്കാനും നിയമ സഹായം ഉറപ്പു വരുത്താനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
എന്നാല്‍ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുകയായിരുന്ന, സര്‍ക്കാര്‍ സംവിധാനങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് ഒടുവില്‍ ബാക്കിയാകുന്നത്. അതുപോലെ നാടോടി ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായവര്‍ക്കും അന്നന്നത്തെ ജീവിതം കഴിച്ച് രേഖകളുണ്ടാക്കാനെല്ലാം വഴിയെവിടെ? ഒടുവില്‍, നിസ്സഹായരായ ഈ ജനങ്ങളെ ഇപ്പോള്‍ ഡിറ്റെന്‍ഷന്‍ ക്യാമ്പുകളിലേക്ക് പിടിച്ചുകൊണ്ടുപോകുകയാണ്. ഭരണഘടനാപരമായി, ഈ ഡിറ്റെന്‍ഷന്‍ ക്യാമ്പുകള്‍ക്ക് എന്തെങ്കിലും സാധുതയുണ്ടെങ്കില്‍ അത് വിദേശികളായ ആളുകളെ ഒരു നിശ്ചിത സമയത്തേക്ക്, അതായത് അവര്‍ ഏതു രാജ്യക്കാര്‍ ആണോ ആ രാജ്യത്തേക്ക് കൈമാറും വരെ, സുരക്ഷിതരായി പാര്‍പ്പിക്കാനുള്ള ഇടം ആണെന്നിരിക്കണം. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ പൗരത്വ രേഖകളില്ലാത്ത ആ മനുഷ്യര്‍ക്ക് മറ്റു രാജ്യങ്ങളുടെ പൗരത്വ രേഖകളുമില്ല. എങ്കില്‍ അവരെ എന്തുകണ്ടിട്ടാണ് ഡിറ്റെന്‍ഷന്‍ ക്യാമ്പുകളില്‍ താമസിപ്പിക്കുക? അതും എത്ര കാലത്തേക്ക്?
ഈ ചോദ്യമാണ് ഇപ്പോള്‍ സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ചോദിച്ചിട്ടുള്ളത്. മാത്രമല്ല, മുഴുവന്‍ ക്യാമ്പുകളുടെയും കണക്കും അതില്‍ പാര്‍പ്പിച്ചവരുടെ വിവരങ്ങളും സ്ഥിതിയും ക്യാമ്പുകളുടെ പ്രവര്‍ത്തന രീതിയുമടക്കം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയമ സഹായങ്ങളും ഉറപ്പു വരുത്താതെയുള്ള അസമിലെ ഡിറ്റെന്‍ഷന്‍ ക്യാമ്പുകള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദിര്‍ കൊടുത്ത ഹരജിയുടെ തുടര്‍ച്ചയാണ് ഇത്. തീര്‍ത്തും നിസ്സഹായരായ, അതും പതിറ്റാണ്ടുകളായി ഇവിടെ കഴിഞ്ഞു പോരുന്ന ഈ ജനങ്ങളെ ഇങ്ങനെ തടവില്‍ പാര്‍പ്പിക്കുന്നത് നമ്മുടെ ഭരണഘടനയുടെ മഹത്തായ മനുഷ്യാവകാശ ദര്‍ശനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറയേണ്ടി വരും. അമേരിക്കന്‍- മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപും ഉയ്ഗൂര്‍ പ്രവിശ്യകളില്‍ സി ജിന്‍പിംഗും തുറന്നിരിക്കുന്ന ഡിറ്റെന്‍ഷന്‍ ക്യാമ്പുകളോളം ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമെന്ന് തന്നെ ഇതിനെ കാണണം. നമ്മുടെ ഭരണഘടനയുടെ സാന്നിധ്യമാകട്ടെ മറ്റു രാജ്യങ്ങളിലെ സംഭവങ്ങളെ അപേക്ഷിച്ച് ഇത് കൂടുതല്‍ ഗുരുതരമായ ഒന്നാണെന്ന് അടിവരയിടുക കൂടി ചെയ്യുന്നു.

മുമ്പ്, ജയിലുകളോട് ചേര്‍ന്നുള്ളതായിരുന്നു ഡിറ്റെന്‍ഷന്‍ ക്യാമ്പുകളെന്നും ഇപ്പോള്‍ അവ മാറ്റി കൂടുതല്‍ കാര്യക്ഷമമാക്കി എന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണങ്ങള്‍ വരുന്നത്. ഈ ക്യാമ്പുകള്‍ക്കുള്ളില്‍ നടക്കുന്നത് എന്തൊക്കെയാണെന്ന് ഇതുവരെ കൃത്യമായ വിശദീകരണങ്ങളോ റിപ്പോര്‍ട്ടുകളോ പുറത്തുവന്നിട്ടില്ല. ലോകത്ത് ഒരു ഡിറ്റെന്‍ഷന്‍ ക്യാമ്പുകളും ജയിലുകളേക്കാള്‍ ദുസ്സഹമാകാതിരുന്നിട്ടില്ല. എവിടെയും, പ്രാഥമിക അവകാശങ്ങള്‍ തന്നെ ലംഘിക്കപ്പെടാതിരുന്നിട്ടില്ല. ഇവിടെയും അങ്ങനെയാണെങ്കില്‍, എന്‍ ഡി എ കാലത്തെ അനേകം അപമാനങ്ങള്‍ക്കൊപ്പം ലോകത്തിന് മുമ്പില്‍ ഇതു കൂടിയാകും.

എന്‍ എസ് അബ്ദുല്‍ഹമീദ്

Latest