Articles
ഇത് പാഠപുസ്തകങ്ങളുടെ സവര്‍ണ കാലം
നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനു പോലും ചരിത്രമുണ്ട്. പക്ഷേ ഇത്തരം ചരിത്രങ്ങള്‍ മറക്കാനും ചരിത്രത്തില്‍ നിന്ന് എടുത്തുകളയാനും എളുപ്പമാണ്. എന്‍ സി ഇ ആര്‍ ടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്ന് അടുത്ത വര്‍ഷം ചില പാഠഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒമ്പതാം തരം പാഠപുസ്തകത്തിലെ “വസ്ത്രധാരണം: ഒരു സാമൂഹിക ചരിത്രം” എന്ന പാഠവും മറ്റു രണ്ട് പാഠങ്ങളുമാണ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ളത്.
“വസ്ത്രധാരണം: ഒരു സാമൂഹിക ചരിത്രം” എന്ന പാഠഭാഗം ഒഴിവാക്കാനായി എന്‍ സി ഇ ആര്‍ ടി തിരഞ്ഞെടുത്ത നടപടി സംശയാസ്പദമാണെന്ന് ഇപ്പോഴേ വിമര്‍ശമുയര്‍ന്നിരിക്കുന്നു. പതിവ് ഹിന്ദുത്വവത്കരണത്തിന്റെ ഭാഗമായാണ് ഇതെന്ന് ന്യായമായും സംശയിക്കാം. കാരണം, ഈ പാഠഭാഗത്തിലെ ജാതി സംഘര്‍ഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്തില്‍ സവര്‍ണ ഹിന്ദുക്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചാന്നാര്‍ ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അവര്‍ക്കിഷ്ടമില്ലാത്ത ചരിത്ര വസ്തുതകളാണവ.
പ്രസ്തുത ഭാഗം ആരംഭിക്കുന്നത് ഇങ്ങനെയാണ്. യൂറോപ്പില്‍ വസ്ത്രത്തിന്റെ ചെലവു ചുരുക്കല്‍ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ കര്‍ശന സാമൂഹിക നിയമങ്ങളുണ്ടായിരുന്നു. ഇന്ത്യയിലെ ജാതി സമ്പ്രദായത്തില്‍, ഹിന്ദു മതത്തിലെ താഴ്ന്ന ജാതിയും ഉയര്‍ന്ന ജാതിയും എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു. ഈ നിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണം സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കി.
1822 മെയ് മാസത്തില്‍ കേരളത്തിലെ തിരുവിതാംകൂറിലും പ്രവിശ്യാ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളില്‍ വെച്ച് ചാന്നാര്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണമുണ്ടായി. മാറിടം മറച്ച് മേല്‍മുണ്ട് വസ്ത്രം ധരിച്ചതിനെ തുടര്‍ന്നായിരുന്നു മേല്‍ജാതിക്കാരുടെ ആക്രമണം. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരം ആക്രമണങ്ങളുണ്ടായി.
നായര്‍ പ്രമാണിമാരുടെ കീഴില്‍ ജോലി ചെയ്യാന്‍ വേണ്ടി തെക്കന്‍ തിരുവിതാംകൂറില്‍ നിന്ന് കുടിയേറിയ കള്ളുചെത്ത് തൊഴിലാളികളായിരുന്നു നാടാര്‍ എന്നറിയപ്പെട്ടിരുന്ന ചാന്നാര്‍ വിഭാഗം. കീഴ്ജാതിയായി പരിഗണിക്കപ്പെട്ടിരുന്ന അവരെ കുട, ചെരുപ്പ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകളും മേല്‍മുണ്ട് ധരിക്കാന്‍ പാടില്ലായിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ നേരത്തെ അനുവര്‍ത്തിച്ചിരുന്ന രീതിയായതിനാല്‍ അത് പിന്തുടരാന്‍ വേണ്ടിയായിരുന്നത്രെ ഇപ്രകാരം ചെയ്തിരുന്നത്.
1820ല്‍ ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തന ഫലമായി മാറിടവും മേല്‍ ശരീര ഭാഗങ്ങളും മറക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബ്ലൗസുകളും വസ്ത്രങ്ങളും തയ്പ്പിച്ച് ധരിക്കാന്‍ തുടങ്ങിയതോടെയാണ് മേല്‍ജാതിക്കാരായ നായന്മാര്‍ പൊതുസ്ഥലത്ത് വെച്ച് സ്ത്രീകളുടെ മേല്‍വസ്ത്രം പറിച്ചെടുത്തും മറ്റും അക്രമം അഴിച്ചുവിട്ടത്…
ഇങ്ങനെ തുടങ്ങി ചാന്നാര്‍ ലഹളയെ കുറിച്ച് വിശദമായി തന്നെ ഈ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു ഇക്കാലം വരെ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ പ്രസ്തുത വിഷയം ദേശീയ തലത്തിലുള്ള സിലബസിലും സംസ്ഥാന സിലബസിലും കാലങ്ങളായി പഠിപ്പിച്ചുവരുന്നുണ്ട്.
ഗ്രാമീണരും കര്‍ഷകരും എന്നതാണ് നീക്കം ചെയ്ത രണ്ടാമത്തെ പാഠം. മുതലാളിത്ത വ്യവസ്ഥയെ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കുന്നതാണ് പ്രസ്തുത പാഠഭാഗം. എങ്ങനെയാണ് കാര്‍ഷിക മേഖലയിലെ ആധുനികവത്കരണം ബ്രിട്ടണ്‍, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ കര്‍ഷകരെ ബാധിച്ചതെന്ന് വിശദമായി ഇതില്‍ വ്യക്തമാക്കുന്നു. ആധുനികവത്കരണം ചരിത്രപരമായി മഹത്വവത്കരിക്കപ്പെടുന്നതോടൊപ്പം തന്നെ ധാരാളം പേരുടെ കുടിയൊഴിപ്പിക്കലിനും ദാരിദ്ര്യവത്കരണത്തിനും കാരണമായിട്ടുണ്ടെന്നും പ്രസ്തുത പാഠഭാഗത്തിലുണ്ട്. മുതലാളിത്ത വ്യവസ്ഥയെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്ന വലത് ഭരണ സിരാകേന്ദ്രങ്ങള്‍ക്ക് കര്‍ഷക മുന്നേറ്റം, അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയ വിഷയങ്ങളോട് ഉണ്ടാകുന്ന ഭയവും വെറുപ്പും സ്വാഭാവികമാണല്ലോ. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളില്‍ ഇത്തരം വിഷയങ്ങളിലൂടെ പുരോഗമന ചിന്ത പകരാതിരിക്കാന്‍ തത്പര കക്ഷികള്‍ക്ക് സാധിക്കും. അതുവഴി തങ്ങളുടെ സ്വാര്‍ഥ താത്പര്യവും ഭാവിയും സുരക്ഷിതമാക്കാന്‍ സാധിച്ചേക്കുമെന്ന് അവര്‍ കരുതുന്നുണ്ടാകാം. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാകില്ല.
ക്രിക്കറ്റിന്റെ ചരിത്രം പറയുന്ന മൂന്നാമത്തെ പാഠഭാഗം കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ഒഴിവാക്കിയിരുന്നു. പഠനഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് ഒഴിവാക്കുന്നതെന്നായിരുന്നു അന്നും പറഞ്ഞിരുന്നത്. എങ്ങനെയാണ് ചില കായിക താരങ്ങള്‍ സാമൂഹിക പരസരത്തു നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് വിശദമാക്കുന്ന പാഠഭാഗമായിരുന്നു അത്.
അധ്യയന ദിവസങ്ങള്‍ കുറവും പാഠഭാഗങ്ങളുടെ വ്യാപ്തിയും എണ്ണവും കൂടുതലുമാണെന്നത് വസ്തുത തന്നെയാണ്. 210 അധ്യയന ദിവസങ്ങള്‍ക്കുള്ളില്‍ ശാസ്ത്രീയമായി പഠിപ്പിച്ച് തീരാവുന്ന പാഠഭാഗങ്ങളല്ല സംസ്ഥാന സര്‍ക്കാര്‍ സിലബസുകളിലും എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങള്‍ ഉപയോഗിച്ച് അധ്യയനം നടത്തുന്ന സി ബി എസ് ഇ കേന്ദ്ര സിലബസിലുമുള്ളത് എന്നതും വസ്തുതയാണ്. പക്ഷെ, ഈ പേരില്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുക്കുന്നതാകട്ടെ മിക്കപ്പോഴും സാമൂഹിക ശാസ്ത്ര വിഷയങ്ങളായ ചരിത്രവും രാഷ്ട്രമീമാംസയുമാണ്. എന്തുകൊണ്ടാണ് ചരിത്രത്തെയും രാഷ്ട്രമീമാംസയെയും എപ്പോഴും ഇങ്ങനെ ടാര്‍ഗറ്റ് ചെയ്ത് വെട്ടിച്ചുരുക്കുന്നതും തങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരുകി കയറ്റുന്നതും?
ഓരോ ഭരണകൂടവും തങ്ങള്‍ക്കനുകൂലമായ ചരിത്രം പഠിപ്പിക്കാനും അല്ലാത്തവ ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്. ഇത്തരം പാഠഭാഗങ്ങള്‍ ഒഴിവാക്കിയവര്‍ തന്നെ എട്ടാം തരം പാഠപുസ്തകത്തില്‍ അന്തരിച്ച മുന്‍ പ്രധാന മന്ത്രിയും ബി ജെ പി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയെ കുറിച്ചുള്ള കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ പാഠപുസ്തകത്തിലുള്ള ചില ഭാഗങ്ങള്‍ ഒഴിവാക്കിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും കുട്ടികള്‍ക്ക് ഇല്ല. സി ബി എസ് ഇ ഒമ്പതാം തരത്തിലെ സാമൂഹിക ശാസ്ത്രത്തില്‍ നാല് പാഠപുസ്തകങ്ങളുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം എന്നിവയാണവ. നിലവിലുള്ള എന്‍ സി ഇ ആര്‍ ടി ഒമ്പതാം തരം ചരിത്ര പാഠപുസ്തകത്തില്‍ കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയതടക്കം ആകെ എട്ട് പാഠങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഏഴ് പാഠങ്ങളായിരുന്നു. ഇതില്‍ നാല് പാഠഭാഗങ്ങള്‍ മാത്രമാണ് കുട്ടികള്‍ പഠിക്കേണ്ടത്. ബാക്കിയുള്ള മൂന്ന് പാഠഭാഗങ്ങള്‍ ഒപ്ഷണല്‍ ആയതിനാല്‍ ഏത് തിരഞ്ഞെടുക്കണമെന്ന് സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും സ്വാതന്ത്രമുണ്ടായിരുന്നു.
മൂന്ന് ഭാഗങ്ങളായി വേര്‍തിരിച്ച പാഠപുസ്‌തകത്തില്‍ ആദ്യ ഭാഗത്ത് ഫ്രഞ്ച് വിപ്ലവം, യൂറോപ്പിലെയും റഷ്യയിലെയും സോഷ്യലിസം, നാസിസവും ഹിറ്റ്‌ലറുടെ ഉയര്‍ച്ചയും എന്നീ പാഠഭാഗങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണവും രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെട്ട വന സമൂഹവും കൊളോണിയലിസവും, ആധുനിക കാലത്തെ കാലിവളര്‍ത്തല്‍ സമൂഹം, ഗ്രാമീണരും കര്‍ഷകരും എന്നീ പാഠങ്ങളില്‍ ഏതെങ്കിലും ഒന്നും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഈ അധ്യയന വര്‍ഷം വരെ സ്‌കൂളുകള്‍ക്ക് നല്‍കിയിരുന്നു. ഭാഗം മൂന്നിലാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ട ചരിത്രവും കായികവും, വസ്ത്രധാരണം: ഒരു സാമൂഹിക ചരിത്രം എന്നീ പാഠഭാഗങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. ഈ പാഠങ്ങള്‍ ഒഴിവാക്കിയാലും അഞ്ച് പാഠങ്ങള്‍ ഇനിയും ബാക്കിയാണ്. നാല് പാഠങ്ങളേ പഠിക്കേണ്ടതുള്ളൂ. അപ്പോള്‍ പിന്നെ ഈ മൂന്ന് പാഠങ്ങള്‍ തിരഞ്ഞെടുത്ത് നീക്കിയതെന്തിനാണെന്ന് ചോദ്യമുയരുന്നു. സിലബസില്‍ നിന്ന് പാഠങ്ങള്‍ നീക്കം ചെയ്തത് കൊണ്ട് കുട്ടികള്‍ക്ക് ഒരു പ്രയോജനവുമില്ല. അവര്‍ നേരത്തെ പഠിച്ചുകൊണ്ടിരുന്ന അത്രയും പാഠഭാഗങ്ങള്‍ അടുത്ത അധ്യയന വര്‍ഷവും പഠിക്കേണ്ടതുണ്ട് എന്ന് ചുരുക്കം. ഇവിടെയാണ് പഠന ഭാരം കുറക്കാനാണ് പാഠങ്ങള്‍ ഒഴിവാക്കുന്നതെന്ന ന്യായീകരണത്തിലെ കള്ളത്തരം പൊളിയുന്നത്.
ചരിത്ര പുസ്തകത്തില്‍ മാത്രമല്ല, രാഷ്ട്രമീമാംസയിലും ഇതിനകം തിരുത്തല്‍ വരുത്തിയിരുന്നു. ലോകത്ത് നടന്ന പ്രശസ്ത സമരങ്ങളെയും മുന്നേറ്റങ്ങളെയും പരാമര്‍ശിക്കുന്ന പാഠഭാഗമാണ് കഴിഞ്ഞ വര്‍ഷം സിലബസില്‍ നിന്ന് നീക്കം ചെയ്തത്. രാജ്യത്തെ ജലവിതരണം ബഹുരാഷ്ട്ര കമ്പനിക്ക് നല്‍കിയപ്പോള്‍ ബൊളീവിയയിലെ ജനങ്ങള്‍ നേരിട്ട ദുരിതവും അതിനെതിരെ നടന്ന മുന്നേറ്റവും അതിന്റെ വിജയവും നേപ്പാളിലെ രാജഭരണത്തിനെതിരെ ജനങ്ങള്‍ നടത്തിയ സമരങ്ങളും വിശദീകരിക്കുന്ന പാഠഭാഗമായിരുന്നു ഇത്.
ചരിത്ര പുസ്തകങ്ങള്‍ തിരുത്തുകയെന്നത് ബി ജെ പി സര്‍ക്കാറിന്റെ പുതിയ നടപടിയല്ല. 2017ല്‍ പാഠപുസ്തകങ്ങളില്‍ വ്യാപകമായി ഹിന്ദു മഹത്വവത്കരണം നടന്ന സംസ്ഥാനമാണ് ബി ജെ പി ഭരിക്കുന്ന രാജസ്ഥാന്‍. മൂന്നാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലുണ്ടായിരുന്ന അജ്മീര്‍ കെ സൈര്‍ എന്ന പാഠഭാഗത്ത് പരാമര്‍ശിച്ചിരുന്ന അജ്മീര്‍ ഉറൂസ് സംബന്ധമായ ഭാഗം ഒഴിവാക്കുകയും പകരം പ്രസ്തുത ഭാഗത്ത് ഹിന്ദു രാജാവായി അറിയപ്പെടുന്ന പൃഥ്വിരാജ് ചൗഹാനെ മഹത്‌വത്കരിച്ചുള്ള ഉള്ളടക്കം ചേര്‍ത്തുമാണ് പരിഷ്‌കരണം നടത്തിയത്.
രാജസ്ഥാന്‍ സ്‌കൂള്‍ ബോര്‍ഡ് പുറത്തിറക്കിയ 10, 11, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഗാന്ധിജിയെക്കാളും ഹിന്ദു തീവ്ര ദേശീയ വാദക്കാരനായിരുന്ന സവര്‍ക്കര്‍ക്ക് പ്രാധാന്യം നല്‍കി. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കുകയും ഗാന്ധിജിയെ കുറിച്ചുള്ള ഭാഗം പേരിന് മാത്രമാക്കി ചുരുക്കുകയും ചെയ്തു. ഏകീകൃത സിവില്‍ കോഡ്, രാഷ്ട്രഭാഷ ഹിന്ദി, നരേന്ദ്ര മോദിയുടെ വിദേശ നയം, പാക്കിസ്ഥാന്‍ പരാമര്‍ശങ്ങള്‍ തുടങ്ങിയവ 10, 11, 12 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഹിന്ദുത്വത്തെ മഹത്വവത്കരിക്കുന്നതിന് പുറമെ ന്യൂനപക്ഷത്തിന്റെ സ്വത്വത്തെ ഇല്ലായ്മ ചെയ്യുകയുമായിരുന്നു രാജസ്ഥാനിലെ ബി ജെ പി ഭരണകൂടം. ശാസ്ത്ര വിഷയങ്ങള്‍ ഹിന്ദു സാങ്കല്‍പ്പിക കഥകളിലൂടെ (മിത്ത്) അവതരിപ്പിക്കുന്നതും ഇവിടെ പതിവായിരുന്നു.
എട്ടാം തരത്തില്‍ നല്‍കിയിരിക്കുന്ന ഇന്ത്യയിലെ 15 മഹദ് വ്യക്തികള്‍ എന്ന ഭാഗത്ത് ഒറ്റ മുസ്‌ലിം മതവിശ്വാസിയെയും പരിഗണിച്ചിട്ടില്ല. വി ഡി സവര്‍ക്കര്‍, ജിജാ ഭായ്, ഭാഗിനി നിവേദിത, ശുശ്രുത, റാണി ദുര്‍ഗാവതി തുടങ്ങിയവരൊക്കെയാണ് പ്രസ്തുത പാഠത്തില്‍ ഇടംപിടിച്ചത്.
2017 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയോടെ ഒരു കൂട്ടം പണ്ഡിതരെ ഒരുമിച്ചുകൂട്ടി ഇന്ത്യയുടെ ചരിത്രത്തില്‍ ഇടപെട്ട് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് വരുത്തി ത്തീര്‍ത്ത് പുതിയ വാദങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടന്നു. ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ ചരിത്രം മാറ്റി എഴുതാനാണ് ഇവരെ നിയോഗിച്ചത്. ഈ സംഭവം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വിശദമായിതന്നെ പുറത്തുവിട്ടതാണ്.
പുരാവസ്തു തെളിവുകളും ഡി എന്‍ എകളും പരിശോധിച്ച് ഹിന്ദുക്കള്‍ ഇന്ത്യയിലെ തദ്ദേശീയരുടെ പിന്‍ഗാമികളാണെന്ന നിഗമനമുണ്ടാക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഹിന്ദു പുരാണങ്ങള്‍ കെട്ടുകഥയല്ലെന്നും വസ്തുതാപരമായ ഗ്രന്ഥങ്ങളാണെന്നും തെളിയിക്കാന്‍ നിര്‍ദേശം നല്‍കി.
അക്കാദമികമായ കാര്യങ്ങളില്‍ ഹിന്ദു പുരാണങ്ങളും മിത്തുകളുമെല്ലാം വിശ്വസനീയമാണെന്ന് തെളിയിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഈ വര്‍ഷം ജലന്ധറില്‍ നടന്ന 106ാമത് ശാസ്ത്ര കോണ്‍ഗ്രസ്.
ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലറും കെമിസ്ട്രി പ്രൊഫസറുമായ ജി നാഗേശ്വര്‍റാവു ആണ് ഇത്തവണ പുതിയ സിദ്ധാന്തം അവതരിപ്പിച്ചത്. പുരാതന ഇന്ത്യയില്‍ വിത്തുകോശ ഗവേഷണം നടന്നതിന് മഹാഭാരതത്തില്‍ തെളിവുണ്ടെന്നായിരുന്നു “കണ്ടെത്തല്‍”. ചലിക്കുന്ന വസ്തുക്കളെ പിന്തുടരാനായി വിഷ്ണു “വിഷ്ണുചക്രം” എന്ന പേരില്‍ ഗൈഡഡ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നുവെന്നും രാവണന്റെ കൈവശം അനേകം തരത്തിലുള്ള വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞു.
ഇന്ത്യയില്‍ ശാസ്ത്ര മേഖലയുടെ പുരോഗതിക്കായി എല്ലാ വര്‍ഷവും ജനുവരി വാരാദ്യത്തില്‍ നടത്തപ്പെടുന്ന ഗൗരവമേറിയ അക്കാദമിക പരിപാടിയാണ് ശാസ്ത്ര കോണ്‍ഗ്രസ്. 30,000ത്തോളം ശാസ്ത്രജ്ഞന്മാര്‍ അംഗങ്ങളായ ഈ വേദി ഇന്ത്യയിലെ ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ പോഷിപ്പിക്കുക, പ്രചരിപ്പിക്കുക, ജേണലുകളിലൂടെയും നടപടിക്രമങ്ങളിലൂടെയും ഇടപാടുകളിലൂടെയും മറ്റ് പ്രസിദ്ധീകരണങ്ങളിലൂടെയും ശാസ്ത്രത്തിലെ അറിവുകള്‍ പങ്കുവെക്കുക എന്നിങ്ങനെ സ്പഷ്ടമായ ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന പരിപാടിയാണ് ഇത്.
ഭരിക്കുന്ന സര്‍ക്കാറുകള്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് ചിന്തിക്കുന്ന ജനതയെ വാര്‍ത്തെടുക്കാന്‍ എപ്പോഴും കൈവെക്കുന്നത് ചരിത്രത്തിലാണ്. ചില പുസ്തകങ്ങള്‍ അവര്‍ നിരോധിക്കുന്നു. മറ്റു ചിലതില്‍ കൈകടത്തി ആവശ്യമായ രീതിയില്‍ തിരുത്തലുകള്‍ വരുത്തുന്നു.
പത്താം തരത്തിലെ ലിംഗ സമത്വം-ജാതി-മതം എന്ന പാഠഭാഗത്ത് കൃത്യമായി ഇന്നത്തെ ഇന്ത്യയിലെ ജാതീയതയെ കുറിച്ച് പരമാര്‍ശമുണ്ട്. സവര്‍ണ ഹിന്ദുത്വം വായിക്കാന്‍ ഇഷ്ടപ്പെടാത്ത പാഠഭാഗമായതിനാല്‍ അടുത്തായി നീക്കം ചെയ്യാന്‍ പോകുന്ന പാഠഭാഗം ഇതായിരിക്കാന്‍ സാധ്യതയുണ്ട്.
ഒരു ജനതയെ നശിപ്പിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അവരുടെ ചരിത്രം നശിപ്പിച്ചാല്‍ മതി എന്നതാണ്. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയെന്നത് ഒരു രാഷ്ട്രീയ പ്രയോഗം കൂടിയാണ്. ചരിത്രപരമായ അറിവ്, ഒരു രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ബോധ്യമുള്ള, ഉത്തമ പൗരന്മാരാക്കി മാറ്റുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ചരിത്രത്തെയും ചരിത്ര പുസ്തകങ്ങളെയും ഫാസിസം ഭയക്കുന്നു.