Connect with us

Malappuram

നടന്നുനടന്ന്...

Published

|

Last Updated

ഉയരങ്ങളിലേക്ക് നടന്ന് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുകയാണ് ഒളിമ്പ്യൻ കെ ടി ഇർഫാൻ. അടുത്ത വർഷം ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ അരങ്ങേറുന്ന ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ പങ്കെടുക്കാൻ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാൻ ആയിരിക്കുകയാണ് അരീക്കോട് കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി ഇർഫാൻ. ജപ്പാനിലെ തന്നെ നോമിയിൽ നടന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാംപ്യൻഷിപ്പിൽ 20 കിലോ മീറ്റർ ദൂരം ഒരു മണിക്കൂർ 20 മിനുട്ട് 57 സെക്കൻഡ് കൊണ്ട് മറികടന്നാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. അടുത്ത വർഷം ജപ്പാനിൽ പോകുന്നത് മെഡലോടുകൂടിയ മിന്നും പ്രകടനം കാഴ്ച വെക്കാനാണെന്ന് 29കാരൻ ആത്മവിശ്വാസത്തോടെ പറയുന്നു.

തുകൽ പന്തും
ബാറ്റുമായിരുന്നില്ല ജ്വരം

തനിക്ക് ഇനി ഭാവിയില്ലെന്നും അന്താരാഷ്ട്ര വേദികളിൽ തുടർച്ചയായി തിരിച്ചടികൾ നേരിടുകയാണെന്നുമൊക്കെയുള്ള തൊടുന്യായങ്ങൾ ഉയർത്തി ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചവർക്കുള്ള മറുപടി കൂടിയായി ഈ നേട്ടം. നടത്തമാണ് തന്റെ മേഖലയെന്ന് തീർച്ചപ്പെടുത്തിയതിന് ശേഷമുള്ള പരിശ്രമങ്ങൾ കണ്ട് പരിഹസിച്ചവർ തന്നെയാണ്, തനിക്ക് വിവിധ കോണുകളിൽ നിന്ന് നേട്ടങ്ങൾ ലഭിച്ചപ്പോൾ സ്വീകരിക്കാൻ എത്തിയതെന്ന കാര്യവും ഇളംചിരിയോടെ ഇർഫാൻ ഓർക്കുന്നു. പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് മറ്റാരുടെയും പ്രേരണ കൂടാതെ നടന്ന് നീങ്ങിയപ്പോൾ പലരും പല നിലക്കായിരുന്നു നോക്കിക്കണ്ടിരുന്നത്. നാട്ടിലെ കുട്ടികളും യുവാക്കളുമെല്ലാം തുകൽപന്തിന്റെ മാസ്മരികതക്ക് പിന്നാലെയോടുമ്പോൾ, നടത്തമെന്ന അത്ര അറിയപ്പെടാത്ത ആകർഷണീയമല്ലാത്ത സ്‌പോർട്‌സ് ഇനത്തിൽ മനസ്സിനെ കുരുക്കുകയായിരുന്നു ഇർഫാൻ. പ്രഭാത നിസ്‌കാരത്തിന് ശേഷം നടത്തം പരിശീലിക്കുമ്പോൾ, ഇവനിതെന്തുപറ്റിയെന്ന് ശങ്കിച്ചവർ നിരവധിയുണ്ടായിരുന്നു അക്കാലത്ത്. പക്ഷേ അത്തരം ആശങ്കകൾക്കെല്ലാം മറുപടിയായി നടത്തത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ചു ഈ യുവാവ്.

സ്‌കൂൾ പഠനകാലത്ത് ജോസ് മാസ്റ്ററായിരുന്നു ആദ്യ പരിശീലകൻ. പ്ലസ്ടുവിന് പഠിക്കുമ്പോൾ അഞ്ച് കിലോമീറ്റർ നടത്തത്തിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടി. അതായിരുന്നു ആദ്യ പരീക്ഷണം. കോഴിക്കോട് ദേവഗിരി കോളജിൽ ഡിഗ്രി പഠനത്തോടൊപ്പം തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനുള്ള പരിശീലനവും നേടി. ഏതൊരു കായിക തത്പരനും ആഗ്രഹിക്കുന്ന സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യിൽ പരിശീലനത്തിന് അവസരം ലഭിച്ചു. തുടർന്ന് ബെംഗളൂരുവിൽ പരിശീലനത്തോടൊപ്പം സൈനിക ജോലിയും സ്വന്തമാക്കി. 2012ൽ ലണ്ടനിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ദേശീയ റെക്കോർഡ് തിരുത്തി. ഒരു മണിക്കൂർ 20 മിനിറ്റ് 20 സെക്കന്റിൽ 20 കിലോമീറ്റർ നടന്ന് 10ാം സ്ഥാനം നേടിയാണ് ഒളിമ്പിക്‌സ് അരങ്ങേറ്റം. ഗുർമീന്ദർ സിംഗിന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോർഡാണ് ഇർഫാൻ തിരുത്തിയത്. തുടർന്നുള്ള പ്രയത്‌നങ്ങളെല്ലാം ഉയരങ്ങളുടെ കൊടുമുടിയിലേക്കായിരുന്നു.

2012ൽ ബെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2017ൽ ജപ്പാനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഐ എ എ എഫ് വേൾഡ് ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനം, 2014ൽ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനം, 2018ൽ ആസ്‌ത്രേലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 13ാം സ്ഥാനവും നേടി രാജ്യത്തിന്റെ അഭിമാനമായി. 2012, 2014, 2016, 2018 വർഷങ്ങളിലെ ലോക കപ്പുകളിലും പങ്കെടുത്തു. അവസാന ഏഴ് വർഷം ദേശീയ ചാമ്പ്യൻഷിപ്പിൽ താരമായി. അടുത്ത സെപ്തംമ്പറിൽ ഖത്വറിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.


ജപ്പാനിൽ മെഡൽ നേടും

2010ൽ ബെംഗളൂരുവിൽ പഠിച്ച് കൊണ്ടിരിക്കേ പഞ്ചാബ് പാട്യാല സ്വദേശി ഗുരുദേവ് സിംഗിളിലൂടെയാണ് ഔദ്യോഗിക പരിശീലനം. ഇടക്ക് റഷ്യക്കാരനായ അലക്‌സാണ്ടറുടെ കീഴിലും പരിശീലിച്ചു. നിലവിൽ ഹർമീന്ദർ സിംഗിന്റെ കീഴിലാണ് പരിശീലനം. റഷ്യ, ലണ്ടൻ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സ്‌പെയിൻ, പോർച്ചുഗൽ, പോളണ്ട്, ഇറ്റലി, ആസ്‌ത്രേലിയ, ഇന്തോനേഷ്യ, ഖത്വർ, യു എ ഇ എന്നിവിടങ്ങിൽ രാജ്യത്തിന്റെ അഭിമാന പുരുഷനായി നടന്ന് നീങ്ങിയിട്ടുണ്ട്. ടോക്യോ ഒളിമ്പിക്‌സിൽ യോഗ്യത നേടി എന്നത് രാജ്യത്തെ 130 കോടി ജനങ്ങളുടെയും അഭിമാനമായാണ് ഇർഫാൻ കാണുന്നത്.
മദ്രാസ് റെജിമെന്റിൽ ജൂനിയർ കമ്മീഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ഇർഫാൻ, നടത്തത്തിൽ തന്റെ പിൻതലമുറക്കാരെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. പത്ത് നടത്ത താരങ്ങളെയെങ്കിലും സൃഷ്ടിക്കാനാണ് ഉറച്ചതീരുമാനം. ജന്മനാട്ടിൽ എത്തുമ്പോഴെല്ലാം സഹപാഠികളെയും മറ്റുള്ളവരെയും കണ്ട് പരിശീലനത്തിനായി ക്ഷണിക്കാറുണ്ട്.

 

പലരും രംഗത്ത് വന്നിട്ടുണ്ട്. ഒന്നര ദശകമായി ആരംഭിച്ച നടത്തം ആരോഗ്യത്തിനും ഏറെ ഗുണകരമായി. ചെറുപ്രായത്തിൽ സെറ്റ് ഒപ്പിച്ചുള്ള നടത്തമാണ് പടിപടിയായി ഉന്നതിയിൽ എത്തിച്ചത്. നാട്ടിൽ വരുമ്പോഴെല്ലാം പഞ്ചായത്ത് ഗ്രൗണ്ടിൽ രണ്ട് മണിക്കൂർ വരെ സ്വന്തമായി പരിശീലനം നടത്തും. ജോലി സ്ഥലമായ ബെംഗളൂരിവിലും പരിശീലിക്കുന്നുണ്ട്. കർഷക കുടുംബത്തിൽ ജനിച്ച് ഉന്നതിയിൽ എത്തിയതോടെ ആശീർവാദങ്ങളുടെ പെരുമഴയായിരുന്നു. വിവിധ സംഘടനകളും ക്ലബുകളും ആദരിക്കലിനായി മത്സരിച്ചു. സഹ്‌ല കെ വിയാണ് സഹധർമിണി. ഒന്നരവയസ്സുള്ള മകനുണ്ട്. വിവാഹ ദിവസം ഭാര്യാവീട്ടിലേക്ക് നടന്നുപോയത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇർഫാനിലൂടെ കുനിയിൽ ഗ്രാമവും കായിക ഭൂപടത്തിൽ ഇടം പിടിച്ചു. തന്റെ പാതയിൽ മകനെയും പരീശീലിപ്പിക്കാൻ മോഹമുണ്ട്. പരിശീലന തുടക്കത്തിൽ പലകോണുകളിൽ നിന്നും പരിഹാസങ്ങൾ നേരിട്ട് ലോകത്തിന്റെ നെറുകയിൽ യശ്ശസ് ഉയർത്തിക്കാണിച്ച ഇർഫാൻ വിശ്രമമില്ലാതെ നടന്ന് നീങ്ങുകയാണ് തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി. ട്രോഫികളും അഭിനന്ദനങ്ങളും കൂടെക്കൂടെ ലഭിക്കുന്നുണ്ടെങ്കിലും അവക്ക് വീട്ടിലെ ഷോക്കേസിൽ വിശ്രമം നൽകി ഒളിമ്പിക് മെഡൽ എന്ന സ്വപ്‌ന സഫലീകരണത്തിനായുള്ള നടത്തത്തിലാണ് മുസ്തഫ- ഫാത്വിമ ദമ്പതികളുടെ മകൻ ഇർഫാൻ.
.

Latest