Connect with us

Articles

രാഹുലിനെ ചുരം കയറ്റുമ്പോള്‍ നേടുന്നതാര്?

Published

|

Last Updated

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവസാനരംഗം സൃഷ്ടിക്കുന്നതിന് കഥാഗതിയില്‍ പൊടുന്നനെയുണ്ടാക്കുന്ന മാറ്റം ചലച്ചിത്രങ്ങളില്‍ പതിവാണ്. ചിലപ്പോഴത് ഒരു അപകടമാകാം, അതുവരെ അപ്രധാനമെന്ന് കരുതിയ ഒരു കഥാപാത്രത്തിന് പൊടുന്നനെ കൈവരുന്ന പ്രാധാന്യമാകാം, പുതിയൊരു കഥാപാത്രത്തിന്റെ രംഗപ്രവേശമാകാം. പ്രേക്ഷകന്റെ യുക്തിചിന്തയെ ചോദ്യംചെയ്യാത്ത വിധത്തില്‍ കഥാഗതിയില്‍ മാറ്റം വരുത്തുന്നതിലെ കൈയടക്കമാണ് പലപ്പോഴും ചലച്ചിത്രത്തിന്റെ സാമ്പത്തിക വിജയത്തെ നിര്‍ണയിക്കുക. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചലച്ചിത്രങ്ങളെ വെല്ലുന്ന ഗതിമാറ്റങ്ങള്‍ പലകുറിയുണ്ടായിട്ടുണ്ട്. വോട്ടര്‍മാരുടെ സാമാന്യയുക്തിയെ ചോദ്യംചെയ്യും വിധത്തിലുള്ള മാറ്റങ്ങള്‍ പോലും ‘ബാലറ്റ് ബോക്‌സ്’ വിജയങ്ങളായിട്ടുണ്ട്. ഗ്രൂപ്പുതിരിഞ്ഞുള്ള തര്‍ക്കം ദിവസങ്ങള്‍ നീണ്ടതിന് ശേഷം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ടി സിദ്ദിഖിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചെന്ന് പ്രഖ്യാപിച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആ സീറ്റ് രാഹുല്‍ ഗാന്ധിയുടെ വരവിനായി ഒഴിച്ചിട്ട് കഥാഗതിയില്‍ മാറ്റം കൊണ്ടുവന്നിരിക്കയാണ്. ദേശീയ രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി പരിഗണിക്കുമ്പോള്‍ ആ ഒഴിച്ചിടല്‍ എത്രത്തോളം യുക്തിസഹമാണെന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്നതില്‍ തീരുമാനമായിട്ടില്ല. ഗ്രൂപ്പു തര്‍ക്കങ്ങള്‍ക്കു ശേഷം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയും പ്രചാരണത്തിന് തുടക്കമിടാന്‍ യു ഡി എഫ് കണ്‍വെന്‍ഷന്‍ നിശ്ചയിക്കുകയും ചെയ്തതിന് ശേഷമാണ് രാഹുലിനെ ക്ഷണിച്ചതായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതാക്കള്‍ അറിയിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണെന്നും ഇന്നോ നാളെയോ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറയുന്നുമുണ്ട്.

എ ഐ സി സിയുടെ പ്രസിഡന്റ് ഒന്നിലേറെ സീറ്റുകളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുക എന്ന ആശയം പുതുതല്ല. ഉത്തര്‍ പ്രദേശിലെ അമേഠിക്ക് പുറമെ, മത്സരിക്കാന്‍ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലം തിരഞ്ഞെടുക്കുമ്പോള്‍ അത് കോണ്‍ഗ്രസിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന പ്രതീക്ഷയും അസ്ഥാനത്തല്ല. അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുകയും മത്സരിക്കാന്‍ വയനാട് തിരഞ്ഞെടുക്കുകയും ചെയ്താല്‍ വൈകിയ വേളയില്‍ എന്തുകൊണ്ട് ഈ തീരുമാനമെന്ന ചോദ്യം സ്വാഭാവികമായി ഉയരും. രാഷ്ട്രീയ തന്ത്രമെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്ന് കൂടി മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍ ആലോചനയുണ്ടായിരുന്നുവെങ്കില്‍ പറ്റിയ മണ്ഡലമേതെന്ന അന്വേഷണം നേരത്തെ ആരംഭിക്കാമായിരുന്നു. ദക്ഷിണേന്ത്യയിലെ ഏത് സംസ്ഥാനത്തു നിന്ന് മത്സരിച്ചാലാണ് കോണ്‍ഗ്രസിനും അതുള്‍പ്പെടുന്ന സഖ്യത്തിനും കൂടുതല്‍ നേട്ടമുണ്ടാകുക എന്ന് നേരത്തെ ആലോചിക്കാമായിരുന്നു. അതൊന്നുമുണ്ടാകാതിരിക്കെ, പൊടുന്നനെ ഇത്തരമൊരു ആലോചന ഉടലെടുക്കുമ്പോള്‍, അമേഠിയിലെ പരാജയ ഭീതിയാണ് രണ്ടാം സീറ്റിനെക്കുറിച്ച് ചിന്തിക്കാനുള്ള പ്രേരണയെന്ന പ്രചാരണം ശക്തമാക്കാന്‍ ബി ജെ പിക്ക് വഴിയൊരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. അത് ഇതിനകം അവര്‍ ആരംഭിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ അമേഠിയില്‍ തോല്‍വി മുന്നില്‍ക്കാണുന്നു എന്ന പ്രചാരണം ആ പാര്‍ട്ടിക്ക് ദേശീയ തലത്തിലുണ്ടാക്കുന്ന പ്രതിസന്ധി ചെറുതാകില്ല. ബി ജെ പിയുടെയും സംഘ്പരിവാരത്തിന്റെയും പ്രചാരണ സംവിധാനത്തോട് മത്സരിക്കാന്‍ തത്കാലം കോണ്‍ഗ്രസിന് സാധിക്കില്ലെന്നിരിക്കെ പ്രത്യേകിച്ചും.

ദക്ഷിണേന്ത്യയില്‍ നിന്നൊരു സീറ്റില്‍, അത് വയനാടായാലും മറ്റേത് മണ്ഡലമായാലും, മത്സരിക്കുക എന്ന തീരുമാനത്തിലേക്ക് ഈ വൈകിയ വേളയില്‍ രാഹുല്‍ ഗാന്ധി എത്തുന്നുവെങ്കില്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇതിനകം കാണിച്ച അബദ്ധങ്ങളുടെ തുടര്‍ച്ചയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആരംഭിച്ചതാണ് ഈ രാഷ്ട്രീയ അബദ്ധം. ബി ജെ പി അധികാരത്തിലിരുന്ന ഈ സംസ്ഥാനങ്ങളിലൊക്കെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന പ്രതീക്ഷയും. എല്ലായിടത്തും ഒറ്റക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. മൂന്നിടത്തും ചെറുതല്ലാത്ത സ്വാധീനമുള്ള ബി എസ് പിയുമായി സഖ്യമുണ്ടാക്കാന്‍ അവര്‍ തയ്യാറായില്ല. മൂന്നിടത്തും കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും ബി എസ് പിയുമായി സഖ്യമുണ്ടാക്കുകയും എസ് പിയെ പരിഗണിക്കുകയും ചെയ്തിരുന്നുവെങ്കില്‍ മൂന്നിടത്തും ബി ജെ പിയെ വലിയ തോതില്‍ പിന്തള്ളാന്‍ സാധിക്കുമായിരുന്നു. ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ വര്‍ധിച്ച വീര്യം കോണ്‍ഗ്രസിനുണ്ടാകുകയും ചെയ്യുമായിരുന്നു.

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്‍ക്കൊണ്ട പാഠത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍ പ്രദേശില്‍, ബി ജെ പി്‌ക്കെതിരായ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ എസ് പിയും ബി എസ് പിയും തീരുമാനിച്ചത്. അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ച് കോണ്‍ഗ്രസിനോട് ഒരു ഔദാര്യം കാണിക്കാന്‍ ആ പാര്‍ട്ടികള്‍ തയ്യാറായെങ്കിലും ഏതാണ്ടെല്ലാ സീറ്റിലും ഒറ്റക്ക് മത്സരിക്കാനും പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശിലേക്ക് നിയോഗിച്ച് മത്സരം കടുപ്പിക്കാനുമാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെയും സംഘ്പരിവാരത്തിന്റെയും ദളിത്‌വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായി രംഗത്തുവന്ന ചന്ദ്രശേഖര്‍ ആസാദെന്ന പുതിയ നേതാവിനെ ഒപ്പം നിറുത്തി, മുന്‍കാല വോട്ടുബേങ്കിനെ തിരികെപ്പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുകയും ചെയ്യുന്നു. ദളിതുകള്‍, വിശിഷ്യാ ജാദവ് സമുദായം, നിലവില്‍ മായാവതിയുടെ നേതൃത്വത്തിലുള്ള ബി എസ് പിക്കൊപ്പം ഉറച്ചുനില്‍ക്കുന്നവരാണ്. അവരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചാല്‍, ബി എസ് പി ശക്തമായി ചെറുക്കുമെന്നുറപ്പ്. അങ്ങനെ വന്നാല്‍ അതിന്റെ പ്രതിഫലനം അമേഠിയിലും റായ്ബറേലിയിലുമുണ്ടാകും. 2009ല്‍ അമേഠിയില്‍ ലഭിച്ച മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം 2014ല്‍ ഒരു ലക്ഷം വോട്ടായി ചുരുങ്ങിയെന്നതും അവിടെ രാഹുലിനെ പരാജയപ്പെടുത്താന്‍ സകല അടവും ബി ജെ പി പയറ്റുമെന്നതും പരിഗണിക്കുമ്പോള്‍ ബി എസ് പിയുടെ അതൃപ്തി പരിഗണിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. അതുകൊണ്ടാകണം രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുക എന്ന ചിന്ത വൈകിയ വേളയില്‍ രാഹുലിന് ഉണ്ടായിട്ടുണ്ടാകുക. അല്ലെങ്കില്‍ രാഹുലിനെ രണ്ടാമതൊരു സീറ്റില്‍ മത്സരിപ്പിക്കുക എന്ന ചിന്ത കോണ്‍ഗ്രസ് നേതാക്കളിലൊരു വിഭാഗത്തിന് ഉണ്ടായിട്ടുണ്ടാകുക.
ദളിത് പ്രശ്‌നങ്ങളോട് ചന്ദ്രശേഖര്‍ ആസാദിനുള്ള ആഭിമുഖ്യത്തില്‍ സംശയമില്ല. ആ സമുദായത്തില്‍ ചെറുതല്ലാത്ത സ്വാധീനം അദ്ദേഹം നേടിയെടുത്തിട്ടുമുണ്ട്. പക്ഷേ, അതിനെ രാഷ്ട്രീയ സംവിധാനമാക്കി വളര്‍ത്തിയെടുക്കാന്‍ സാധിച്ചുവെന്ന് തത്കാലം കരുതുക വയ്യ. അപ്പുറത്ത് ഉത്തര്‍പ്രദേശിലെ ആകെ വോട്ടര്‍മാരിലെ 20 ശതമാനത്തിന്റെ ഉറച്ച പിന്തുണ ബി എസ് പിക്കുണ്ട്. അവര്‍ തകര്‍ന്നടിഞ്ഞ, 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍പ്പോലും 19 ശതമാനം വോട്ട് നിലനിര്‍ത്താന്‍ ബി എസ് പിക്ക് സാധിച്ചിരുന്നു. അതില്‍ വിശ്വസിക്കണോ, ചന്ദ്രശേഖര്‍ ആസാദിനെ ഒപ്പം കൂട്ടി ദളിത് വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന സംശയത്തിലേക്ക് ബി എസ് പിയെ നയിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.

ഇക്കാര്യത്തില്‍ ബുദ്ധിപൂര്‍വമായ തീരുമാനം കോണ്‍ഗ്രസ് എടുക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വന്നതിന് ശേഷം ബീഹാര്‍ നിയമസഭയിലേക്ക് 2005ല്‍ നടന്ന തിരഞ്ഞെടുപ്പ് ഉദാഹരണമാണ്. അവിടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് മുഖ്യ അജണ്ടയെന്ന് പ്രഖ്യാപിച്ച രാഹുല്‍, സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം അവഗണിച്ച്, ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം തികച്ചും പ്രതികൂലമായിരുന്നു. നിയമസഭയിലെ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം ഒറ്റയക്കമായിമാറി. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയുമായും മറ്റുമുള്ള സഖ്യത്തിലേക്ക് മടങ്ങി കോണ്‍ഗ്രസിന്റെ വിലാസം നിലനിര്‍ത്താനുള്ള തീരുമാനത്തിലേക്ക് രാഹുല്‍ പിന്നീടാണ് എത്തുന്നത്. പ്രിയങ്കാ ഗാന്ധിയെ മുന്നില്‍ നിറുത്തി ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളും ബി എസ് പിയെ പ്രതിരോധത്തിലാക്കും വിധത്തിലുള്ള നീക്കങ്ങളും ബീഹാര്‍ പരീക്ഷണത്തിന്റെ ആവര്‍ത്തനമായി മാറാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടാണ് അമേഠിക്ക് പുറത്തൊരു സുരക്ഷിത മണ്ഡലമെന്ന ചിന്തയിലേക്ക് കോണ്‍ഗ്രസിലെ നേതാക്കള്‍ എത്തുന്നതും.

ആ ചിന്തയുടെ തുടര്‍ച്ചയിലാണ് വയനാടെന്ന സുരക്ഷിത താവളത്തിലേക്ക് രാഹുലിനെ ക്ഷണിക്കാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറാകുന്നത്. അല്ലെങ്കില്‍ അങ്ങനെ ക്ഷണിക്കാന്‍ കെ പി സി സിയോട് എ ഐ സി സിയിലെ നേതാക്കള്‍ നിര്‍ദേശിക്കുന്നത്. ഗ്രൂപ്പുപോരിന്റെ കനലിലേക്ക് വെള്ളമൊഴിക്കാനുള്ള അവസരമായി കൂടി അതിനെ ഉപയോഗിക്കുകയാണ് കേരളത്തിലെ നേതാക്കള്‍. വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ തീരുമാനിച്ചുവെന്ന് തന്നെ കരുതുക.. അക്കാര്യം എ ഐ സി സിയുടെ തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനമായി പുറത്തുവരിക എന്നതായിരുന്നു ഉചിതമായ മാര്‍ഗം. അതിനുപകരം രാഹുലിനെ ക്ഷണിച്ചു, അദ്ദേഹം സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷയെന്നൊക്കെ കേരളത്തിലെ നേതാക്കളെക്കൊണ്ട് പറയിപ്പിച്ച് അത് വാര്‍ത്തകളില്‍ നിറക്കുമ്പോള്‍ അഭ്യൂഹങ്ങളുടെ വലിയ കുമിളകള്‍ സൃഷ്ടിക്കപ്പെടും. അതിനപ്പുറത്തുള്ള നേട്ടമൊന്നുമുണ്ടാക്കില്ല. രാഹുല്‍ പോലും പരാജയഭീതിയിലാണെന്ന വലിയ പ്രചാരണം ബി ജെ പിക്ക് നടത്താനുള്ള വഴിതുറന്നതിലൂടെ ഉണ്ടാക്കുന്ന കോട്ടത്തേക്കാള്‍ വലുതാകുന്നില്ല ആ നേട്ടം.

സംഘ്പരിവാരത്തിന്റെ തീവ്ര വര്‍ഗീയ അജണ്ടയും ഏകാധിപത്യച്ഛായ പുലര്‍ത്തുന്ന നരേന്ദ്ര മോദിയുടെ നേതൃത്വവും രാജ്യത്ത് പരാജയപ്പെടുക എന്നതാണോ ‘ബാലറ്റ് ബോക്‌സില്‍” പരാജയപ്പെടുമെന്നുറപ്പുള്ള ക്ലൈമാക്‌സുണ്ടാക്കാന്‍ പാകത്തില്‍ കഥാഗതിയില്‍ മാറ്റം വരുത്തുക എന്നതാണോ പ്രധാനമെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കണം. മാറ്റം വയനാട്ടില്‍ മത്സരിക്കുക എന്നത് മാത്രമല്ല, ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ വോട്ടു ബേങ്കിനെ പിളര്‍ത്താന്‍ ശ്രമിക്കുക എന്നത് കൂടിയാണ്.

---- facebook comment plugin here -----

Latest