Eranakulam
സംസ്ഥാനത്തെ വൈദ്യുതി മേഖല പ്രതിസന്ധിയിലേക്ക്
കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമോ എന്ന ആശങ്കയും ഉയരുന്നു. സംസ്ഥാനത്തിന്റെ വൈദ്യുതിയാവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ.കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതിയെയാണ് സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്നത്. സംസ്ഥാനം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പ്രധാന പങ്കും ജലവൈദ്യുത പദ്ധതികളിലൂടെയാണ്. അതിനാൽ വേനൽ കടുക്കുന്നത് കെ എസ് ഇ ബിയേയും പ്രതിസന്ധിയിലാക്കും.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാൽ അധിക വൈദ്യുതി, കേന്ദ്രത്തിൽ നിന്ന് മാത്രമായി ലഭിക്കാൻ സാധ്യതയില്ല. വീടുകൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന സൗരപദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ വൈദ്യുതിയാവശ്യങ്ങൾ നിറവേറ്റാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നതെങ്കിലും ഇത് 2022 ഓടെ മാത്രമേ പൂർത്തിയാകുകയുള്ളൂ.
സംസ്ഥാനത്തിന് 70.12 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് വേണ്ടതെങ്കിൽ 17.29 ദശലക്ഷം യൂനിറ്റാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 31.2586 ദശലക്ഷം യൂനിറ്റ് വൈദ്യുതി കേന്ദ്രത്തിൽ നിന്ന് ലഭ്യമാകും. കരാറുകളെയും സോളാർ ഉൾപ്പെടെയുള്ള മാർഗങ്ങളേയുമാണ് നിലവിൽ ആശ്രയിക്കുന്നത്. വേനൽ കടുത്താൽ സംസ്ഥാനത്തെ ഡാമുകളിൽ ജലത്തിന്റെ അളവ് ഇനിയും താഴും. വേനൽ മഴയെ ആശ്രയിച്ചാണ് സംസ്ഥാനത്തെ മാർച്ച് മുതലുള്ള മാസങ്ങളിലെ വൈദ്യുതോത്പാദനം.
പ്രളയത്തിന് ശേഷം ജലവൈദ്യുത പദ്ധതികൾ തകരാറിലായിരുന്നു. നിലവിൽ ഇവയൊക്കെ പരിഹരിച്ചിട്ടുണ്ടെങ്കിലും വൈദ്യുതോത്പാദനം പൂർണതോതിലായിട്ടില്ല. ഡാമുകളിൽ വെള്ളത്തിന്റെ അളവിൽ കുറവുണ്ടായതും ഇതിന് കാരണമായിട്ടുണ്ട്. 2943 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ജനുവരിയിൽ ഉണ്ടായിരുന്നത്. മെയ് 31 വരെയുള്ള വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം ഡാമുകളിൽ ഉണ്ടെന്നാണ് വിലയിരുത്തിയത്. എന്നാൽ കടുത്ത വേനലിന് ഒപ്പം വേനൽ മഴമാറി നിൽക്കുക കൂടി ചെയ്യുന്നത് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കും. പ്രതിമാസം സംസ്ഥാനത്തിന്റെ ശരാശരി വൈദ്യുതി ഉപയോഗം 69.45 യൂനിറ്റാണ്. എന്നാൽ വേനൽചൂട് അസഹ്യമായത് വൈദ്യുതോപഭോഗം കൂട്ടും. സൗര പദ്ധതിപ്രകാരം 500 മെഗാവാട്ട് പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയിൽ 12,1260 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.