Connect with us

National

പാറ്റ്‌നയില്‍ രവിശങ്കര്‍ പ്രസാദിന് ബി ജെ പി പ്രവര്‍ത്തകരുടെ 'ഗോ ബാക്ക്'; ആര്‍ കെ സിന്‍ഹക്ക് സിന്ദാബാദ്

Published

|

Last Updated

പാറ്റ്‌ന: ബീഹാറിലെ പാറ്റ്‌ന സാഹേബ് ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ കെ സിന്‍ഹയെ തഴഞ്ഞ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബി ജെ പിക്കുള്ളില്‍ വന്‍ പ്രതിഷേധമുയരുന്നു. പാറ്റ്‌ന വിമാനത്താവളത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഒരു വിഭാഗം ബി ജെ പി പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദിന് ഗോ ബാക്കും രാജ്യസഭാ എം പി കൂടിയായ ആര്‍ കെ സിന്‍ഹക്ക് സിന്ദാബാദും വിളിച്ചു.

സ്ഥാനാര്‍ഥിത്വം ലഭിച്ച രവിശങ്കര്‍ പ്രസാദ് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും സിന്‍ഹയാണ് തങ്ങളുടെ നേതാവെന്നും പ്രതിഷേധിച്ചവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
സിറ്റിംഗ് എം പിയായ ശത്രുഘ്‌നന്‍ സിന്‍ഹക്ക് സീറ്റ് നിഷേധിച്ചാണ് ബി ജെ പി രവിശങ്കര്‍ പ്രസാദിനെ ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാന്‍ തീരുമാനിച്ച ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും നിരന്തരം വിമര്‍ശിച്ചതാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത്.