National
ഗോവയില്‍ കുതിരക്കച്ചവടം; എം ജി പിയിലെ രണ്ട് എം എല്‍ എമാരെ ബി ജെ പി സ്വന്തം പാളയത്തിലെത്തിച്ചു
പനാജി: ഗോവയില്‍ തിരഞ്ഞെടുപ്പു ഗോദയില്‍ മറ്റു കക്ഷികളില്‍ നിന്ന് എം എല്‍ എമാരെ പിടിക്കുന്ന രാഷ്ട്രീയക്കളികള്‍ തുടരുന്നു. എം എല്‍ എമാരെ കൂറുമാറ്റുന്നതിന് എന്ത് കുതന്ത്രങ്ങള്‍ പയറ്റാനും രാഷ്ട്രീയ കക്ഷികള്‍ മടിക്കുന്നില്ല. ബി ജെ പിയാണ് ഇതില്‍ മുന്നില്‍. കഴിഞ്ഞ അര്‍ധരാത്രി നടന്ന നീക്കത്തില്‍ മൂന്ന് അംഗങ്ങള്‍ മാത്രമുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം ജി പി) യുടെ രണ്ട് എം എല്‍ എമാരെ പാര്‍ട്ടി പാളയത്തിലേക്ക് ബി ജെ പി കൊണ്ടുവന്നതാണ് ഇതില്‍ ഏറ്റവും അവസാനത്തേത്.
40 അംഗ ഗോവ നിയമസഭയില്‍ ഇതോടെ ബി ജെ പി അംഗങ്ങളുടെ എണ്ണം 14 ആയി. ബി ജെ പിയുടെ സഖ്യ കക്ഷി കൂടിയായ എം ജി പി ഒന്നിലേക്ക് ചുരുങ്ങുകയും ചെയ്തു.
എം എല്‍ എമാരായ മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവസ്‌കര്‍ എന്നിവരാണ് ബുധനാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ നിയമസഭാ സ്പീക്കറെ കണ്ട് തങ്ങളുടെ പാര്‍ട്ടി ബി ജെ പിയില്‍ ലയിക്കുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള കത്ത് നല്‍കുകയായിരുന്നു. ഇവരില്‍ മനോഹര്‍ അജ്‌ഗോന്കര്‍ ബി ജെ പി നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലെ ടൂറിസം മന്ത്രി കൂടിയാണ്. അതേസമയം, ഉപ മുഖ്യമന്ത്രി കൂടിയായ സുദിന്‍ ധവലികര്‍ കുതന്ത്രങ്ങള്‍ക്കു വഴങ്ങാതെ എം ജി പിയില്‍ ഉറച്ചുനിന്നു.
നിയമസഭാ ചട്ടമനുസരിച്ച് ഒരു കക്ഷിയുടെ എം എല്‍ എമാരില്‍ മൂന്നില്‍ രണ്ടുപേര്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ചതായി രേഖാമൂലം അറിയിച്ചാല്‍ സ്വാഭാവികമായി ബാക്കിയുള്ള എം എല്‍ എമാരും ലയനത്തിന്റെ ഭാഗമാകും. അതേസമയം, പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് എം ജി പി (ടു) എന്ന പുതിയ വിഭാഗത്തിനു രൂപം കൊടുത്ത ശേഷമാണ് അജ്‌ഗോന്‍കറും പവസ്‌കറും ബി ജെ പിയില്‍ ചേര്‍ന്നതെന്നും സൂചനയുണ്ട്.
നിയമസഭയില്‍ ബി ജെ പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇതോടെ തുല്യ അംഗങ്ങളായി. ഇതേവരെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസ് നേരത്തെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ മരണത്തിനു ശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.