Kerala
തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച പ്രതി അറസ്റ്റില്‍
കൊച്ചി: തൊടുപുഴക്ക് സമീപം കുമാരമംഗലത്ത് ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത അര്‍ജുന്‍ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, കുട്ടികളോടുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അരുണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. 2008ല്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് സുഹൃത്തിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയാണ് ഇയാള്‍. സ്ഥിരമായി മദ്യപിക്കുന്ന ഇയാള്‍ ക്രിമിനല്‍ സ്വഭാവുമുള്ള വ്യക്തിയാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിയുന്നു കുുഞ്ഞിന്റെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലാണ്.
ലഹരിക്കടിമയായ ഇയാള്‍ കുട്ടിയേയും മൂന്നര വയസുകാരനായ സഹോദരനേയും ഇതിന് മുമ്പും മര്‍ദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇളയ കുട്ടിയുടെ ദേഹത്ത് കണ്ട പാടുകള്‍ ഇതിന് തെളിവാണ്. ഇയാളുടെ കാറില്‍നിന്നും മദ്യക്കുപ്പികള്‍, കോടാലി എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് കുട്ടികളുടെ പിതാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. തുടര്‍ന്നാണ് 35കാരനായ ഇയാള്‍ കുടുംബത്തിനൊപ്പം വാടക വീട്ടില്‍ താമസം തുടങ്ങിയത്. രണ്ടാം കല്‍സുകാരനായ കുട്ടിയെ മൃഗീയമായാണ് ഇയാള്‍ മര്‍ദിച്ചതെന്നാണറിയുന്നത്. കാലില്‍ പിടിച്ച് നിലത്തടിച്ചതിനെത്തുടര്‍ന്ന് തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്ന അവസ്ഥയിലാണ്. ദേഹം മുഴുവന്‍ പരുക്കേറ്റിട്ടുണ്ട്. മരണത്തോട് മല്ലടിക്കുന്ന കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടി . കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. അതേ സമയം കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടത്തിട്ടുണ്ട്. കുട്ടികളുടെ മുഴുവന്‍ ചികിത്സ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.