Connect with us

National

ജെ ഡി യുവിന്റെ പ്രചാരണ ചുമതല വഹിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍; നേതൃത്വത്തോടുള്ള അതൃപ്തിയെന്ന് സൂചന

Published

|

Last Updated

പാറ്റ്‌ന: ജനതാദള്‍ യുനൈറ്റഡിന്റെ പ്രചാരണ ചുമതലയില്‍ നിന്ന് പിന്‍വാങ്ങി പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. അനുഭവ സമ്പത്തുള്ള, മുതിര്‍ന്ന നേതാവ് ആര്‍ സി പി സിംഗായിരിക്കും തിരഞ്ഞെടുപ്പിന്റെയും സ്ഥാനാര്‍ഥികളുടെയുമെല്ലാം കാര്യത്തില്‍ ചുമതല വഹിക്കുകയെന്ന് കിഷോര്‍ ട്വിറ്ററില്‍ അറിയിച്ചു.

തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഈ പ്രാരംഭ ഘട്ടത്തില്‍ പഠിക്കുകയും സഹകരിക്കുകയുമാണ് തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തില്‍ ബീഹാറില്‍
എന്‍ ഡി എ ശക്തമായ പോരാട്ടം നടത്തുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. 2014ല്‍ എന്‍ ഡി എക്കും 2015ല്‍ നിതീഷ് കുമാറിനും വേണ്ടി നിര്‍ണായക ഇടപെടലുകള്‍ നടത്തിയ തിരഞ്ഞെടുപ്പു തന്ത്രജ്ഞനാണ് കിഷോര്‍.

പാര്‍ട്ടി നേതാക്കളില്‍ ചിലരുടെ നിലപാടുകളോടുള്ള അതൃപ്തിയാണ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കിഷോറിനെ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ജെ ഡി യുവില്‍ ചേര്‍ന്ന പ്രശാന്ത് കിഷോറിനെ നിതീഷ് കുമാര്‍ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചത് നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് സൂചന.
.

Latest