International
നീരവ് മോദി സാക്ഷികള്‍ക്കെതിരെ വധ ഭീഷണി മുഴക്കി, കൈക്കൂലി വാഗ്ദാനം ചെയ്തു: ബ്രിട്ടീഷ് അഭിഭാഷകന്‍
ലണ്ടന്‍/ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്ക് തട്ടിപ്പു കേസിലെ മുഖ്യ പ്രതി നീരവ് മോദി ഒരു സാക്ഷിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ക്ക് 20 ലക്ഷം രൂപയുടെ കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തതായി ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍ ലണ്ടന്‍ കോടതിയില്‍ ആരോപിച്ചു. നീരവിന്റെ ജാമ്യാപേക്ഷയില്‍ വാദം നടക്കവെയാണ് പ്രോസിക്യൂട്ടര്‍ ഇക്കാര്യം പറഞ്ഞത്. വാദം അംഗീകരിച്ച കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു. കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും.
പ്രതി ഒളിവില്‍ പോകാനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും മറ്റുമുള്ള സാധ്യത കണക്കിലെടുത്ത് ജാമ്യമനുവദിക്കരുതെന്ന് കേസില്‍ ഇന്ത്യന്‍ സര്‍ക്കാറിനു വേണ്ടി ഹാജരായ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സി പി എസ്) വാദിച്ചു. കേസുമായി ബന്ധപ്പെട്ട ടെലിഫോണ്‍ രേഖകള്‍ നീരവിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ വച്ചുതന്നെ നശിപ്പിക്കപ്പെട്ടതായും സി പി എസ് പറഞ്ഞു.
എന്നാല്‍, തന്റെ കക്ഷി ലണ്ടനില്‍ ഒരു ഫ്‌ളാറ്റ് വാടകക്കെടുക്കുകയും മാര്‍ച്ച് 20നു അറസ്റ്റിലായ ശേഷം ഒരു ബേങ്ക് അക്കൗണ്ട് തുടങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരിക്കലും ഒളിവില്‍ പോകില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ക്ലെയര്‍ മോണ്ട്‌ഗോമെറി പറഞ്ഞു.
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം തുടങ്ങിയ ഉടന്‍ തന്നെ നീരവ് മോദിക്കെതിരായ കൂടുതല്‍ തെളിവുകളുടെ രേഖകള്‍ സി പി എസ് സമര്‍പ്പിച്ചിരുന്നു. മറ്റൊരു തട്ടിപ്പു കേസിലെ പ്രതി മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യക്കു കൈമാറാന്‍ കഴിഞ്ഞ ഡിസംബറില്‍ ഉത്തരവിട്ട ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബുനോട്ട് തന്നെയാണ് നീരവ് മോദിക്കെതിരായ കേസിലും വാദം കേള്‍ക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബേങ്ക് ഇടപാടുമായി ബന്ധപ്പെട്ട് 13,000
കോടിയുടെ തട്ടിപ്പു നടത്തിയെന്നാണ് വജ്ര വ്യാപാരി നീരവ് മോദിക്കെതിരായ കേസ്.