Connect with us

Eranakulam

'വണ്ടി നിങ്ങളുടേതായിരിക്കും പക്ഷേ സുരക്ഷ ജനങ്ങളുടേതാണ്'

Published

|

Last Updated

ഭംഗിക്കും സുരക്ഷക്കും കരുത്തിനും വേണ്ടി വാഹനങ്ങൾ നവീകരിക്കുന്നത് കുറ്റമല്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ വ്യപകമായി തെറ്റായ ക്യാന്പയിൻ. മോഡിഫിക്കേഷൻ നോട്ട് ക്രൈം എന്ന പേരിലാണ് ക്യാന്പയിൻ ആരംഭിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് എറണാകുളം മറൈൻ ഡ്രൈവിൽ വണ്ടി മോഡിഫിക്കേഷൻ നടത്തിയവരുടെ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇലക്‌ഷൻ പ്രചാരണ വാഹനങ്ങൾ മോഡിഫിക്കേഷൻ നടത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് കൂട്ടായ്മയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങൾ കൂടുതൽ ഭംഗിയും കരുത്തുമുള്ളതുമാക്കുകയാണ് മോഡിഫിക്കേഷൻ നടത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അതൊരു ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്നുമാണ് ഇവരുടെ അഭിപ്രായം. റൈഡേഴ്‌സിന്റെ കൂട്ടായ്മയാണ് ക്യാന്പയിനിംഗിന് മുന്പിൽ നിൽക്കുന്നത്.

അടുത്തിടെ കേരളത്തിൽ നടന്ന ഓട്ടോഷോയിൽ പ്രദർശിപ്പിച്ച മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾ അവിടെ നിന്ന് തന്നെ മോട്ടോർ വാഹനവകുപ്പ് പിടിച്ചുകൊണ്ടുപോയിരുന്നു. തുടർന്ന് ഉടമസ്ഥർ വാഹനങ്ങൾ പഴയരീതിയിലേക്ക് മാറ്റിയശേഷമാണ് ഇവ വിട്ടുനൽകിയത്. ഇതുകൂടാതെ പിഴയും ചുമത്തി.
വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പ്രധാനമായും ക്യാന്പയിൻ നടക്കുന്നത്. എന്നാൽ ക്യാന്പയിനിനെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഫ്രീക്കൻ പിള്ളേരുടെ അറിവില്ലായ്മയായിട്ടാണ് കണക്കാക്കുന്നത്. വാഹനം അനധികൃതമായി മോഡി പിടിപ്പിക്കുന്നത് മോട്ടോർ വാഹന വകുപ്പ് നിയമം അനുസരിച്ച് 500 മുതൽ 6,000 രൂപവരെ പിഴയടക്കാവുന്ന കുറ്റമാണന്ന് ഉദ്യോഗസ്ഥർ പറയുന്നു. മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് വാഹനത്തിന്റെ കളർ മാറ്റുന്നതിന് പോലും ആർ ടി ഒയുടെ അനുമതി വേണം. ആക്ട് പ്രകാരം വാഹനത്തിൽ വളരെ ചെറിയ മാറ്റങ്ങൾക്ക് മാത്രമേ അനുവദിക്കു.

വാഹനങ്ങളിലെ മോഡിഫിക്കേഷൻ നിയമപരമായി തടഞ്ഞിരിക്കുന്നത് ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ്. വാഹനങ്ങൾ റോഡിലിറങ്ങി കഴിഞ്ഞാൽ പിന്നെ അതിൽ മാറ്റം വരുത്താൻ അവകാശമില്ല. വൈപ്പർ മുതൽ വാഹനത്തിലെ എൻജിനുൾപ്പെടെയുള്ള എല്ലാ ഭാഗങ്ങൾക്കും അംഗീകൃത സ്ഥാപനങ്ങൾ മുഖേനെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് അനുമതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇൻഷ്വറൻസ് കമ്പനികൾ കവറേജും നൽകുന്നത്. അതിനാൽ മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷ്വറൻസ് പരിരക്ഷയെ ബാധിക്കും.

എ ആർ എ ഐ, വി ആർ ഡി, സി ഐ ആർ ടി എന്നീ സ്ഥാപനങ്ങളാണ് വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നത്. ചില്ലിൽ വീഴുന്ന വെള്ളം തുടച്ചുകളയാൻ വൈപ്പറുകൾക്ക് സാധിക്കുന്നുണ്ടോ എന്ന് വരെ സുരക്ഷാ പരിശോധനയിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ വാഹനത്തിന് അംഗീകരിച്ച് നൽകിയ വൈപ്പറുകൾ മാറ്റി ഭംഗിയുള്ളവ വെക്കുന്നത് കുറ്റകരമാണ്. വാഹനത്തിന്റെ എൻജിന്റെ ശക്തിക്കനുസരിച്ചുള്ള ടയറുകളും ബ്രേക്കുകളും സൈലൻസറുകളും സുരക്ഷാ പരിശോധന നടത്തിയാണ് അനുമതി നൽകിയിരിക്കുന്നത്. ഇവ അനുമതിയില്ലാതെ മാറ്റുന്നത് ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വണ്ടിയുടെ ഭംഗിക്കനുസരിച്ചല്ലാ പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് സുരക്ഷാപരിശോധന നടത്തിയിരിക്കുന്നത്. അതിനാൽ നിയമപരമായി ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി യഥാർഥപാർട്‌സുകൾ തിരികെ ഘടിപ്പിക്കാൻ നിയമം ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്നുണ്ട്. എല്ലാ വാഹനങ്ങളും രൂപമാറ്റം വരുത്താൻ നിയമം അനുവദിക്കുന്നില്ല. വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ ഇത്തരം വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താനാകു. അതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹനങ്ങളുടെ രൂപത്തിൽ മാറ്റം വരുത്തുന്നതിന് അനുമതി വേണം. എന്നാൽ ഇതുവരെ അത്തരം പരാതികളൊന്നും ആർ ടി ഓഫീസുകളിൽ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

sijukm707@gmail.com

Latest