Kerala
സുരേഷ് ഗോപിക്ക് കലക്ടര്‍ നോട്ടീസ് നല്‍കിയത് ചട്ടം ലംഘിച്ചതായി കണ്ടതിനാല്‍: ടിക്കാറാം മീണ
തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനാലാണ് ജില്ലാ കലക്ടര്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ദൈവത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥിക്കുന്നത് ചട്ട ലംഘനം തന്നെയാണ്. അതു ബോധ്യപ്പെട്ടതിനാലാണ് കലക്ടര്‍ നോട്ടീസയച്ചത്. അതിനു മറുപടില്‍ നല്‍കേണ്ടത് സുരേഷ് ഗോപിയുടെ ഉത്തരവാദിത്തമാണ്. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കലക്ടര്‍ തന്നെ യുക്തമായ തീരുമാനമെടുക്കും. ഈ വിഷയത്തില്‍ തനിക്ക് ഇടപെടേണ്ട കാര്യമില്ല.”- മീണ പറഞ്ഞു.
പെരുമാറ്റച്ചട്ടത്തെ കുറിച്ച് കലക്ടര്‍ക്ക് വ്യക്തമായറിയാം. അതു സംബന്ധിച്ച് അവരെ പഠിപ്പിക്കാന്‍ ആരും മെനക്കെടേണ്ടതില്ല. ദൈവത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ചട്ടലംഘനമാണ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബാധ്യസ്ഥരാണ്. നിങ്ങള്‍ക്ക് വിഷയങ്ങള്‍ ഉന്നയിക്കാം. എന്നാല്‍, അതിലേക്ക് ദൈവത്തെ വലിച്ചിഴക്കരുത്. സാമുദായിക സൗഹാര്‍ദത്തിന് തടസ്സമാകുന്ന പരാമര്‍ശങ്ങള്‍ നടത്താനോ മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടു ചോദിക്കാനോ പാടില്ല. ഇതെല്ലാം പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. അല്ലാതെ തിരഞ്ഞെടുപ്പു കമ്മീഷനല്ല. ഇവര്‍ക്കൊന്നും തിരഞ്ഞെടുപ്പു ചട്ടങ്ങളെ കുറിച്ച് അറിയില്ലെന്നു പറയുന്നത് ബാലിശമാണ്- ടിക്കാറാം മീണ പറഞ്ഞു.
കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന എന്‍ ഡി എ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് സുരേഷ് ഗോപി വിവാദ പ്രസംഗം നടത്തിയത്. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ അത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയം മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കുകയായിരുന്നു. സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.