Connect with us

Kozhikode

വരൾച്ചാ നിവാരണം: പദ്ധതികൾക്ക് വിദഗ്ധ സംഘം

Published

|

Last Updated

കോഴിക്കോട്: വരൾച്ച നിവാരണത്തിന് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ജില്ലാതല ഉദ്യോഗസ്ഥ സംഘം രൂപവത്കരിച്ചു. വരൾച്ച മുൻകരുതലുകൾ, പ്രതിരോധപ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യാനായി കളക്ടറുടെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. c

നിലവിൽ തദ്ദേശതലങ്ങളിൽ ഉൾപ്പെടെയുള്ള വരൾച്ചാ നിവാരണപ്രവർത്തനങ്ങൾ കൂട്ടിയിണക്കിയാണ് പ്രവർത്തിക്കുക. തെക്കു പടിഞ്ഞാറൻ മൺസൂണിലൂടെ ലഭ്യമാകുന്ന വെള്ളം പരമാവധി സംഭരിക്കാനുള്ള നടപടികൾ ആരംഭിക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും കലക്ടർ നിർദേശിച്ചു.
നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് ടീമിന്റെ പിന്തുണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണം. വ്യക്തിഗത കിണർ റീച്ചാർജിംഗ്, കുളം പുനരുജ്ജീവനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും ഇവയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതു സംബന്ധിച്ച ഹരിതകേരളം മിഷൻ ക്യാന്പയിൻ തുടരാനും കലക്ടർ നിർദേശം നൽകി. ഉദ്യോഗസ്ഥ സംഘത്തിന്റെ ആദ്യയോഗം ഈ മാസം 10ന് ചേരും.
അസിസ്റ്റന്റ‌് ഡയറക്ടർ ഓഫ് പഞ്ചായത്ത് അബ്ദുല്ലത്വീഫ് കൺവീനറായുള്ള സംഘത്തിന്റെ ഏകോപന ചുമതല കുന്ദമംഗലത്തുള്ള ജലവിഭവ വിനിയോഗ കേന്ദ്രത്തിനാണ്. സംഘത്തിനുള്ള സാങ്കേതിക സഹായവും ജലവിഭവവിനിയോഗ കേന്ദ്രം നൽകും.

വാട്ടർ അതോറിറ്റി, മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, മണ്ണ് സംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, ദുരന്ത നിവാരണ വകുപ്പ്, ഭൂഗർഭജല വകുപ്പ്, വനം വകുപ്പ്, ആരോഗ്യവകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും രണ്ട് പഞ്ചായത്ത് സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയാണ് സംഘം രൂപവത്കരിച്ചത്. വരൾച്ചാ പ്രതിരോധത്തിനായി തദ്ദേശതലങ്ങളിൽ പ്രത്യേക കർമസേനകൾ രൂപവത്കരിക്കാനും കലക്ടർ നിർദേശിച്ചു.
യോഗത്തിൽ ജലവിഭവ വിനിയോഗ വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. എ ബി അനിത, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എം വി അനിൽ കുമാർ, വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർമാരായ സന്തോഷ് കുമാർ, കെ വിനോദൻ, ഡി കെ പ്രേമാനന്ദൻ, ഭൂഗർഭജല വകുപ്പ് ജില്ലാ ഓഫീസർ കെ രാധാകൃഷ്ണൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ നീനാ കുമാർ, ഹരിതകേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ പി പ്രകാശൻ, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പി ഡോളി, മൃഗസംരക്ഷണവകുപ്പ് ടെക്‌നിക്കൽ അസിസ്റ്റന്റ‌് ഡോ. ബിജിലീ ഭാസ്‌കരൻ, അസിസ്റ്റന്റ‌് എക്‌സിക്യുട്ടീവ് എൻജിനീയർമാരായ സി സഹദേവൻ, ജി എസ് അഞ്ജന, പി വി പ്രീതി പങ്കെടുത്തു.

Latest