Ongoing News
വികസനം പറഞ്ഞ് ബിജു, പാട്ട് പാടി രമ്യ
ഇടത് മുന്നണി പാട്ടുംപാടി വിജയിക്കുന്ന ആലത്തൂർ മണ്ഡലത്തിൽ ഇത്തവണ അരങ്ങേറുന്നത് കടുത്ത പോരാട്ടം. പാട്ട് പാടി കോഴിക്കോട് കുന്ദമംഗലത്ത് നിന്ന് യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് വന്നതോടെയാണ് ഇവിടെ അങ്കം മുറുകിയത്. ഹാട്രിക് ജയം തേടിയിറങ്ങിയ എൽ ഡി എഫ് സ്ഥാനാർഥി പി കെ ബിജുവിന് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള യാത്ര അത്ര സുഖകരമല്ലെന്ന് മണ്ഡല ചിത്രം വ്യക്തമാക്കുന്നു.
മണ്ഡലം പുനർ നിർണയത്തിലൂടെ ഒറ്റപ്പാലം ആലത്തൂരായി പരിണമിക്കുകയായിരുന്നു. ശേഷം നടന്ന രണ്ട് തിരഞ്ഞടുപ്പിലും ആലത്തൂരിൽ ചെങ്കൊടി പാറി. ഇത്തവണ അട്ടിമറി ജയം നേടുമെന്ന വാശിയോടെ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് യു ഡി എഫ്. പാട്ടും വികസന വാഗ്്ദാനങ്ങളുമായി രമ്യ ഹരിദാസിന്റെ പ്രചാരണം അരങ്ങ് തകർക്കുമ്പോൾ എന്ത് വില കൊടുത്തും മണ്ഡലം നിലനിർത്തുമെന്ന വാശിയോടെ എൽ ഡി എഫും നിലയുറപ്പിച്ചിരിക്കുന്നു. ഇതാണ് ആലത്തൂരിലെ മത്സരത്തിന്റെ ചൂടേറ്റുന്നത്.
മുൻ രാഷ്ട്രപതി കെ ആർ നാരായണൻ പ്രതിനിധാനം ചെയ്ത ഒറ്റപ്പാലം മണ്ഡലം 2009ലാണ് ആലത്തൂരെന്ന സംവരണ മണ്ഡലമായി നിലവിൽ വന്നത്. കോട്ടയം വൈക്കം മാഞ്ഞൂർ സ്വദേശിയായ പി കെ ബിജു കന്നിപ്പോരാട്ടത്തിൽ യു ഡി എഫിലെ എൻ കെ സുനീറിനെയാണ് വീഴ്ത്തിയത്. 20,960 വോട്ടുകളുടെ ഭൂരിപക്ഷം. 2014ൽ രണ്ടാം അങ്കത്തിൽ ചിറ്റൂർ- തത്തമംഗലം നഗരസഭാ മുൻ ചെയർപേഴ്‌സൺ കെ ബി ഷീബയെ കീഴടക്കി. ഭൂരിപക്ഷം 37,444 ആയി ഉയർത്താനും ബിജുവിന് കഴിഞ്ഞു.
മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി എഫ് മുന്നിലെത്തി. എൻ ഡി എക്ക് 87,803 വോട്ടുകൾ ലഭിച്ചു. ഇത്തവണ പി കെ ബിജുവിനെ സ്ഥാനാർഥിയാക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നുവെങ്കിലും അവസാന നിമിഷം സിറ്റിംഗ് എം പി മതിയെന്ന തീരുമാനത്തിൽ എൽ ഡി എഫ് എത്തുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആറ് വർഷം മുമ്പ് ഡൽഹിയിൽ നടന്ന ടാലന്റ്ഹണ്ടിലൂടെ കണ്ടെത്തിയ രമ്യ ഹരിദാസ് വൈകിയാണ് എത്തിയതെങ്കിലും മണ്ഡലത്തിന്റെ മനസ്സ് കീഴടക്കിയത് ഏറെ വേഗത്തിലായിരുന്നു. പാട്ടിനെ ചൊല്ലിയുള്ള വിവാദം രമ്യ ഹരിദാസിനെ മണ്ഡലത്തിൽ മാത്രമല്ല പുറത്തും ശ്രദ്ധേയയാക്കി.
തൃശൂർ ഇഞ്ചമുടി മാട്ടമ്മൽ സ്വദേശി ടി വി ബാബുവാണ് ബി ഡി ജെ എസിനെ പ്രതിനിധീകരിച്ച് എൻ ഡി എ രംഗത്തിറക്കിയ സ്ഥാനാർഥി. കെ പി എം എസ് സംസ്ഥാന ഉപദേശക സമിതി ചെയർമാൻ കൂടിയാണ് ബാബു. കർഷകരും കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളും ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾളും റോഡും കുടിവെള്ളവുമാണ് യു ഡി എഫും എൽ ഡി എഫും ഉയർത്തുന്ന പ്രധാന തിരഞ്ഞെടുപ്പ് വിഷയം.
വികസനത്തിന്റെ പേരിൽ ഇരുമുന്നണികളും വാക്പോര് നടത്തുമ്പോൾ ശബരിമലയടക്കമുള്ള വിഷയത്തിലൂന്നി വോട്ട് നേടാനുള്ള ശ്രമത്തിലാണ് എൻ ഡി എ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 2,206.06 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് പി കെ ബിജു ഉയർത്തിക്കാണിക്കുന്നത്. എം പിയുടെ മണ്ഡലത്തിലെ അസാന്നിധ്യവും കാർഷിക മേഖലയിലെ പ്രതിസന്ധിയും വാളയാർ- മണ്ണുത്തി ദേശീയപാത നിർമാണം പൂർണതയിലെത്താത്തതുമാണ് യു ഡി എഫിന്റെ പ്രചാരണായുധം. മോദി സർക്കാറിന്റെ വികസനവും സംസ്ഥാന സർക്കാറിന്റെ വിശ്വാസികളോടുള്ള സമീപനവും എൻ ഡി എയുടെ പ്രചാരണ തന്ത്രങ്ങളാണ്.
2016 നിയമസഭാ തിരഞ്ഞടുപ്പിൽ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, ചേലക്കര, കുന്നംകുളം മണ്ഡലങ്ങൾ എൽ ഡി എഫ് സ്വന്തമാക്കിയപ്പോൾ വടക്കാഞ്ചേരി മാത്രമാണ് നേരിയ ഭൂരിപക്ഷത്തിൽ യു ഡി എഫിനെ പിന്തുണച്ചത്. ഇത്തവണയും മണ്ഡലത്തിൽ ചെങ്കൊടി പാറുമെന്നാണ് എൽ ഡി എഫിന്റെ പ്രതീക്ഷ. സി പി എമ്മിന്റെ ചിട്ടയായ പ്രവർത്തനം കൊണ്ട് ഇത് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എന്ന നിലയിലെ പ്രവർത്തന പരിചയം രമ്യ ഹരിദാസിനുണ്ടെങ്കിലും സംഘടനാതലത്തിലെ ദൗർബല്യവും തിരഞ്ഞെടുപ്പ് സമയത്തുള്ള ബൂത്ത്തല പ്രവർത്തനത്തിലെ കാര്യക്ഷമതക്കുറവും യു ഡി എഫിന് വിലങ്ങുതടിയാകും.
വിജയപ്രതീക്ഷയൊന്നുമില്ലെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് നേടാനാണ് എൻ ഡി എയുടെ ലക്ഷ്യം. സി പി എമ്മിനെതിരെയുള്ള വികാരമൊന്നും മണ്ഡലത്തിലില്ല. മുഖ്യമന്ത്രി പിണറായി അടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയതോടെ സി പി എം അണികൾക്കിടയിൽ ആവേശം ഇരട്ടിച്ചിട്ടുണ്ട്.
എൽ ഡി എഫ്
സാധ്യത: മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ. സി പി എമ്മിന്റെ ചിട്ടയായ പ്രവർത്തനം.
ആശങ്ക: കർഷകർ നേരിടുന്ന പ്രശ്നങ്ങൾ. മണ്ഡലത്തിൽ എം പി യുടെ അസാന്നിധ്യമെന്ന പ്രചാരണം.
യു ഡി എഫ്
സാധ്യത: രമ്യ ഹരിദാസിന്റെ വരവോടെ യു ഡി എഫ് പ്രവർത്തകരിലുണ്ടായ ഉണർവ്. വിവാദങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷ.
ആശങ്ക: സംഘടനാ തലത്തിലെ ദൗർബല്യം.
എൻ ഡി എ
സാധ്യത: ശബരിമല വിഷയത്തിലെ സർക്കാർ നിലപാട് വോട്ടായി മാറുമെന്ന വിശ്വാസം.
ആശങ്ക: ബി ജെ പിക്ക് മണ്ഡലത്തിലെ സ്വാധീനക്കുറവ്. മത്സരം എൽ ഡി എഫും യു ഡി എഫും തമ്മിലെന്നത്.