Kerala
ആരോപണങ്ങളിലും തളരാത്ത പോരാളി
2011-16 കാലത്തെ യു ഡി എഫ് സര്‍ക്കാറിനെ പിടിച്ചുലച്ച സംഭവമായിരുന്നു ബാര്‍ കോഴയുമായി ബന്ധപ്പെട്ട വിവാദം. അന്ന് ധനമന്ത്രി സ്ഥാനം വഹിച്ച കെ എം മാണിയുടെ രാജിയിലാണ് ഇത് കലാശിച്ചത്. എന്നാല്‍, തനിക്കെതിരെ കടുത്ത ആരോപണങ്ങളുയര്‍ന്നിട്ടും തളരാതെയും പതറാതെയും രാഷ്ട്രീയ മേഖലയില്‍ അടിയുറച്ചു നില്‍ക്കാനും ധീരതയോടെ മുന്നോട്ടു പോകാനും അദ്ദേഹത്തിനായി.
2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരുകോടി രൂപ കൈക്കൂലി കൊടുത്തതായി ബിജു രമേശ് ആരോപിച്ചതോടെ സര്‍ക്കാറിനെ തന്നെ പ്രതിസന്ധിയിലാക്കി വിഷയം കത്തിപ്പടര്‍ന്നു. മാണിയെ പ്രതിയാക്കി സംസ്ഥാന വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണവും പ്രഖ്യാപിച്ചു. ഇതിനെതിരെ വിജിലന്‍സ് വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു.
ആരോപണങ്ങളെല്ലാം നിഷേധിച്ച മാണി നിയമസഭക്കകത്തും പുറത്തുമായുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ ആക്രമണങ്ങളെ തെല്ലും കൂസാതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്ന് ബാര്‍കോഴക്കേസ് പരിഗണിക്കവെ കേരള ഹൈക്കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടായതോടെ രാജിക്ക് സമ്മര്‍ദമേറുകയായിരുന്നു. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്ന പരാമര്‍ശവും കോടതി നടത്തി. ഈ സാഹചര്യത്തില്‍ മാണി രാജിവെക്കുന്നതാണ് നല്ലതെന്ന് മന്ത്രിസഭക്കകത്തു നിന്നുപോലും അഭിപ്രായമുയര്‍ന്നിട്ടും തുടരാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്വന്തം പാര്‍ട്ടിയുടെ ശക്തമായ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു.
എന്നാല്‍, കേസിലെ വിധി പ്രതികൂലമായതോടെ 2015 നവംബര്‍ 10ന് അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു. മാണിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി സമര്‍പ്പിച്ചു.
ബാര്‍കോഴ, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ കൂരമ്പുകളായി പാഞ്ഞെത്തിയിട്ടും അതിനെയെല്ലാം നേരിട്ട് രാഷ്ട്രീയത്തില്‍ പതിന്മടങ്ങ് ശക്തമായി മുന്നോട്ടു പോകാന്‍ തുടര്‍ന്നും മാണിക്ക് സാധിച്ചു.