Kerala
കെ എം മാണി രാഷ്ട്രീയത്തിലെ അതികായന്‍, സംഭാവനകള്‍ എപ്പോഴും ഓര്‍ക്കും: പ്രധാന മന്ത്രി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ വേര്‍പാടില്‍ ഭരണ-രാഷ്ട്രീയ തലത്തിലെ പ്രമുഖര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ അതികായനായ മാണിയുടെ സംഭാവനകള്‍ എപ്പോഴും ഓര്‍ക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍
ലോക പാര്‍ലിമെന്ററി ചരിത്രത്തില്‍ തന്നെ സ്ഥാനം നേടിയ അത്യപൂര്‍വ വ്യക്തിത്വമാണ് കെ എം മാണി. 54 വര്‍ഷത്തോളം നിയമനിര്‍മാണ സഭയില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെത് കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത റെക്കോഡാണ്. കേരള രാഷ്ട്രീയത്തില്‍ പുതിയ രീതി വളര്‍ത്തിയെടുക്കാന്‍ മാണിക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് കേരള കോണ്‍ഗ്രസിനു മാത്രമല്ല, സംസ്ഥാനത്തിനു പൊതുവിലും നിയമസഭക്കു വിശേഷിച്ചും കനത്ത നഷ്ടമാണ്.
സ്പീക്കര്‍. പി. ശ്രീരാമകൃഷ്ണന്‍
കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ സാമാജികരില്‍ അദ്വിതീയനായിരുന്നു അദ്ദേഹം. ഒരു സാമാജികന്‍ എന്ന നിലയില്‍ തന്നിലര്‍പ്പിതമായ കടമകള്‍ നിര്‍വ്വഹിക്കുന്നതിലും സഭാനടപടികളില്‍ പങ്കെടുക്കുന്നതിലും മാണിസാര്‍ കാണിച്ച പ്രാഗത്ഭ്യം സാമാജികര്‍ക്ക് ഒരു പാഠപുസ്തകമാണ്.സ്പീക്കര്‍ പദവി ഏറ്റെടുക്കുമ്പോള്‍ എന്റെ പ്രായത്തേക്കാള്‍ കൂടുതല്‍ വര്‍ഷങ്ങള്‍ നിയസഭയില്‍ അംഗമായ ബഹു. മാണിസാനെ ഞാന്‍ പ്രത്യേകം പരാമര്‍ ശിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ഉപദേശനിര്‍ ദേശങ്ങള്‍ സഭാനടപടികള്‍ മാതൃകാപരമായി നടത്തുന്നതിന് ഏറെ സഹായകരമായിരുന്നു.
എ കെ ആന്റണി
കേരളത്തിലെ കര്‍ഷക സമൂഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച നേതാക്കന്മാരില്‍ അഗ്രഗണ്യനായിരുന്നു കെ എം മാണി. കര്‍ഷകന്റെ മോചനം ലക്ഷ്യമിട്ട് പുതിയ സിദ്ധാന്തം തന്നെ അദ്ദേഹം അവതരിപ്പിച്ചു. കേരളം കണ്ടതില്‍ വച്ച് ഏറ്റവും പ്രഗത്ഭനായ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം. മാണിയുടെ വേര്‍പാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്.
രമേശ് ചെന്നിത്തല
ഏത് കൊടുങ്കാറ്റുണ്ടായാലും മഹാമേരുവിനെ പോലെ അക്ഷോഭ്യനായി നിന്ന വ്യക്തിത്വമായിരുന്നു മാണി സാര്‍. മണ്ണില്‍ അധ്വാനിക്കുന്നവര്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ മനസ്സില്‍ എന്നും ഇടമുണ്ടായിരുന്നു. മാണി സാറിന്റെ പ്രശസ്തമായ അധ്വാന വര്‍ഗ സിദ്ധാന്തത്തിന്റെ അടിസ്ഥാനം കര്‍ഷകരുടെ ക്ഷേമമായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഒരു യുഗമാണ് മാണി സാറിന്റെ വേര്‍പാടിലൂടെ അസ്തമിക്കുന്നത്.