National
രാഹുല്‍ അമേത്തിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
അമേത്തി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേതി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മാതാവും യു പി എ അധ്യക്ഷയുമായ സോണിയാ ഗാന്ധി, സഹോദരിയും കിഴക്കന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി,
സഹോദരീ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്നിവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. പട്ടണത്തില്‍ നടന്ന റോഡ് ഷോക്കു ശേഷമാണ് രാഹുലും സംഘവും കലക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക നല്‍കിയത്.
ബി ജെ പിയുടെ സ്മൃതി ഇറാനിയാണ് മണ്ഡലത്തില്‍ രാഹുലിന്റെ പ്രധാന എതിര്‍ സ്ഥാനാര്‍ഥി. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കണക്കിലെടുത്ത് ഇവിടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് എസ് പി-ബി എസ് പി-ആര്‍ എല്‍ ഡി സഖ്യം നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് അമേത്തി. മെയ് ആറിനാണ് അമേത്തിയില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്.
കേരളത്തിലെ വയനാട് മണ്ഡലത്തിലും ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കഴിഞ്ഞ നാലിന് ഇവിടെ പത്രിക സമര്‍പ്പിച്ചിരുന്നു.