Ongoing News
ലക്ഷദ്വീപും ഇന്ന് ബൂത്തിലേക്ക്
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണങ്കിലും മലയാളികളുടെ സ്വന്തം ലക്ഷദ്വീപ് ഇന്ന് കൈവിരലിൽ മഷിപതിപ്പിക്കും. രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപിൽ ആദ്യഘട്ട പോളിംഗാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരുന്നത്. അതിനാൽ സംസ്ഥാനത്ത് സ്ഥാനാർഥി ചർച്ച നടക്കുമ്പോൾ ലക്ഷദ്വീപിൽ പ്രചാരണം പൊടിപൊടിക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചുകഴിഞ്ഞിരുന്നു.
കേരളത്തിൽ സി പി എമ്മും സി പി ഐയുമെല്ലാം സഖ്യകക്ഷികളാണെങ്കിൽ ലക്ഷദ്വീപിൽ ഇരുവർക്കും സ്ഥാനാർഥിയുണ്ട് എന്നതാണ് കൗതുകം. മണ്ഡലത്തിൽ ആറ് സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. സിറ്റിംഗ് എം പിയും എൻ സി പി സ്ഥാനാർഥിയുമായ മുഹമ്മദ് ഫൈസലും മുൻ എം പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഹംദുല്ല സഈദും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണയും ഇരുവരും ഏറ്റുമുട്ടിയപ്പോൾ 1,535 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മുഹമ്മദ് ഫൈസലിന്റെ വിജയം. കോൺഗ്രസിനും എൻ സി പിക്കും പുറമെ സി പി എം, സി പി ഐ, ബി ജെ പി, ജെ ഡി യു തുടങ്ങിയ പാർട്ടികളാണ് മത്സര രംഗത്തുള്ളത്. വോട്ട് വിഹിതം കൂട്ടുകയാണ് മറ്റ് പാർട്ടികളുടെ മത്സര ലക്ഷ്യം.
ലോക്സഭാ തിരഞ്ഞെടുപ്പാണെങ്കിലും പ്രാദേശിക വിഷയങ്ങളാണ് ലക്ഷദ്വീപിൽ മുഖ്യ പ്രചാരണ വിഷയമായത്. സമ്പൂർണ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, വിദഗ്ധ ഡോക്ടർമാരുടെ സേവനം, കുടിവെള്ള പദ്ധതികൾ എന്നിവ ഉയർത്തിക്കാട്ടി മുഹമ്മദ് ഫൈസൽ പ്രചാരണം നടത്തി. അതേസമയം, കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത്തവണ വലിയ തോതിലുള്ള പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്. മുൻ കേന്ദ്രമന്ത്രിയും ദീർഘകാലം ദ്വീപിനെ ലോക്സഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത പി എം സഈദിന്റെ മകനായ ഹംദുല്ല സഈദ് 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
ദ്വീപുകാർക്കുള്ള എം ബി ബി എസ് സീറ്റുകളിലെ കുറവ്, പഞ്ചസാര സബ്സിഡി, മാസ് മീൻ സംഭരണത്തിൽ വന്ന അപാകതകൾ തുടങ്ങിയവയാണ് കോൺഗ്രസിന്റെ പ്രചാരണത്തിലെ പ്രധാന ആരോപണങ്ങൾ. പരസ്യ പ്രചാരണം അവസാനിച്ചതിനാൽ വീടുകൾ സന്ദർശിച്ച് ഓരോ വോട്ടും ഉറപ്പിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ സ്ഥാനാർഥികൾ.
55,057 വോട്ടർമാരാണ് ലക്ഷദ്വീപിൽ ആകെയുള്ളത്. 10,212 വോട്ടർമാരുള്ള അന്ത്രോത്ത് ദ്വീപിലാണ് കൂടുതൽ വോട്ടർമാർ. കുറവ് ബിത്ര ദ്വീപിലും (255). കോൺഗ്രസിന്റെ ശക്തി കേന്ദ്രമാണ് അന്ത്രോത്ത് ദ്വീപ്. കൽപ്പേനിയിൽ എൻ സി പിക്കാണ് കരുത്ത്.
ഈ ദ്വീപുകൾക്ക് പുറമേ കവരത്തി, അമേനി, അഗത്തി, മിനിക്കോയ് എന്നീ ദ്വീപുകളിലെ ലീഡ് നിലയുടെ അടിസ്ഥാനത്തിലായിരിക്കും ഇരു പാർട്ടികളുടെയും വിജയ സാധ്യതകൾ.
ലക്ഷദ്വീപ് പോലീസിന് പുറമേ കേരളാ ആംഡ് ഫോഴ്സ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, സി ആർ പി എഫ് എന്നിവരുൾപ്പെടുന്ന ആയിരത്തോളം സേനാംഗങ്ങളാണ് പത്ത് ദ്വീപുകളിലായി 51 പോളിംഗ് സ്റ്റേഷനുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കുക.