National
പരസ്പര വിരുദ്ധ സത്യവാങ്മൂലങ്ങള്‍: സ്മൃതി ഇറാനിക്ക് അയോഗ്യത കല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങള്‍ നല്‍കിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യത കല്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ ഉന്നത് വിദ്യാഭ്യാസ മേഖലയുടെ ഉള്‍പ്പടെ നിയന്ത്രണമുള്ള മാനവ വിഭവശേഷി വകുപ്പിന്റെ മന്ത്രി ബിരുദധാരി പോലുമല്ലെന്ന കോണ്‍ഗ്രസ് ആരോപണം സത്യമാണെന്ന് അവര്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമായിരിക്കുകയാണെന്ന് പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു. ഇക്കാലമത്രയും സത്യം മറച്ചുവെച്ച അവര്‍ കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
താന്‍ ബിരുദധാരിയാണെന്നാണ് സ്മൃതി ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, ബിരുദ കോഴ്‌സിനു ചേര്‍ന്നിരുന്നുവെങ്കിലും പൂര്‍ത്തിയാക്കിയില്ലെന്ന് അവര്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് കേന്ദ്ര മന്ത്രി പദവിയില്‍ തുടരാനുള്ള അര്‍ഹതയും അവകാശവുമില്ല. അവര്‍ തത്സ്ഥാനം രാജിവെക്കണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അവര്‍ക്ക് അയോഗ്യത കല്‍പ്പിക്കുകയും വേണം- പ്രിയങ്ക ആവശ്യപ്പെട്ടു.
പരസ്പര വിരുദ്ധമായ സത്യവാങ്മൂലങ്ങള്‍ നകകുകയും കള്ളം പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ സ്മൃതി ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം നടത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ കള്ളം പറയുകയും വ്യാജ രേഖകള്‍ നല്‍കുകയും ചെയ്യുന്നവര്‍ക്ക് ജനം മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
താന്‍ ബിരുദധാരിയല്ലെന്ന് വ്യാഴാഴ്ച നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്മൃതി ഇറാനി വ്യക്തമാക്കിയത്. ഡല്‍ഹി യൂനിവേഴ്സിറ്റിക്കു കീഴിലെ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗില്‍ നിന്ന് ബി കോമിനു ചേര്‍ന്നുവെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട.് തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യത്യസ്തമായ സത്യവാങ്മൂലങ്ങളാണ് സ്മൃതി ഇതുവരെ നല്‍കി വന്നത്.