Connect with us

Kollam

കൊല്ലത്ത് അഭിഭാഷക പോരാട്ടം

Published

|

Last Updated

എം കെ പ്രേമചന്ദ്രൻ, കെ എൻ ബാലഗോപാൽ, കെ വി സാബു

സംസ്ഥാനത്ത് തന്നെ ഏറ്റവും മികവുറ്റ രണ്ട് സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ തീ പാറുന്ന പോരാട്ടം. മൂന്ന് മുന്നണികളുടേയും സ്ഥാനാർഥികൾ അഭിഭാഷകരാണെന്ന പ്രത്യേകതയുള്ള മണ്ഡലത്തിലെ മത്സരഫലം പ്രവചനാതീതം. ജയപരാജയം മുന്നണികൾക്ക് അഭിമാനപ്രശ്‌നം.

സി പി എം നേതാവും അഭിഭാഷകനുമായ കെ എൻ ബാലഗോപാലിനെയാണ് മണ്ഡലം തിരികെ പിടിക്കാൻ ഇക്കുറി എൽ ഡി എഫ് നിയോഗിച്ചിരിക്കുന്നത്. യു ഡി എഫ് നിലവിലെ എം പിയും ആർ എസ് പി നേതാവുമായ എൻ കെ പ്രേമചന്ദ്രനെ തന്നെ കളത്തിലിറക്കി. നിയമ ബിരുദത്തിൽ ഒന്നാം റാങ്കുകാരനായ പ്രേമചന്ദ്രന് പുറമെ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി കെ വി സാബുവും അഭിഭാഷകനാണ്. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ മത്സരം നടന്ന മണ്ഡലമാണ് കൊല്ലം. തങ്ങളുടെ പരമ്പരാഗത മണ്ഡലം തിരിച്ചു വേണമെന്ന ആർ എസ് പി നിലപാട് ഇടതുമുന്നണിയിൽ സി പി എം അംഗീകരിക്കാതെ വന്നതും ഇതേ തുടർന്ന് ആർ എസ് പി മുന്നണി വിട്ട് യു ഡി എഫിലെത്തിയതുമാണ് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. തുടർന്ന് കൊല്ലത്ത് മത്സരിച്ച ആർ എസ് പി സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ സി പി എം പി ബി അംഗം എം എ ബേബിയെ 37,649 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയുടെ പരനാറി പ്രയോഗവും തുടർന്നുണ്ടായ വിവാദവും മറ്റുമണ്ഡലങ്ങളിലെയും വിജയത്തെ ബാധിച്ചുവെന്ന് കരുതുന്ന ഒരു വിഭാഗം ഇടതു മുന്നണിയിലുണ്ട്. ഇത്തവണ മത്സരച്ചൂട് കനക്കും മുമ്പേ എൻ കെ പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് യു ഡി എഫ് പ്രവർത്തനം തുടങ്ങിയിരുന്നു. സംസ്ഥാനത്ത് തന്നെ ആദ്യത്തെ സ്ഥാനാർഥി പ്രഖ്യാപനമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ മണ്ഡലത്തിൽ സ്ഥിതിയാകെ മാറി.

ശക്തമായ മത്സരം നടക്കുന്ന കൊല്ലത്ത് പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമാണ് ഇടത് വലത് മുന്നണികൾ. ആർക്കും വിജയം തങ്ങൾക്ക് ഒപ്പമാണെന്ന് ഉറപ്പിച്ച് പറയാൻ പറ്റാത്ത സാഹചര്യം. എന്ത് വിലകൊടുത്തും കൊല്ലം തിരിച്ച് പിടിക്കുമെന്ന് എൽ ഡി എഫും എം പി എന്ന നിലയിൽ പ്രേമചന്ദ്രന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് യു ഡി എഫും അവകാശപ്പെടുന്നു. ബൈപാസ്, പാരിപ്പള്ളി മെഡിക്കൽ കോളജ്, റെയിൽവേ ടെർമിനൽ തുടങ്ങി വികസനങ്ങൾ നടപ്പാക്കിയെന്ന് കാട്ടിയാണ് പ്രേമചന്ദ്രൻ വോട്ട് ചോദിക്കുന്നത്.

ബാലഗോപാൽ സി പി എം കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് നിയമസഭാ മണ്ഡലങ്ങളെല്ലാം മുന്നണി പിടിച്ചെടുത്തത്. ഈ ആത്മവിശ്വാസവും സംസ്ഥാന സർക്കാറിന്റെ വികസന നയങ്ങളും തുണയാകുമെന്ന കണക്ക്കൂട്ടലിലാണ് എൽ ഡി എഫ്. സ്ഥാനാർഥി മണ്ഡലത്തിൽ പരിചിതനല്ലെന്ന ആരോപണങ്ങൾ ശക്തമാകുമ്പോഴും ശബരിമല വിഷയത്തിലൂടെ ലഭിച്ച മൈലേജ് വോട്ടാക്കാനുള്ള തന്ത്രങ്ങളാണ് ബി ജെ പി ക്യാന്പ് മെനയുന്നത്.

ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. ഈ ഏഴ് മണ്ഡലവും നിലവിൽ ഇടതുപക്ഷത്തിന് സ്വന്തമാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്ക്പ്രകാരം 1,39,758 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ഇടതു പക്ഷത്തിനുണ്ട്. എൻ കെ പ്രേമചന്ദ്രന്റെ വ്യക്തി പ്രഭാവം കൊണ്ട് ഈ കണക്കിനെ മറികടക്കാമെന്നാണ് യു ഡി എഫ് പ്രതീക്ഷ. പുറമെ മികച്ച പാർലിമെന്റേറിയൻ എന്ന ഖ്യാതിയും നേട്ടമാകുമെന്ന് യു ഡി എഫ് കണക്ക് കൂട്ടുന്നുണ്ട്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ ഷിബു ബേബി ജോണിനോട് ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിച്ച് 6,061 വോട്ടിന് പരാജയപ്പെട്ടത് ഒഴിച്ചാൽ ഗ്രാമപഞ്ചായത്ത് മുതൽ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും വിജയിച്ച ചരിത്രമാണ് പ്രേമചന്ദ്രന്റേത്. 1996 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക്ക് വിജയത്തിന്റെ പകിട്ടുമായി കൊല്ലത്ത് നിന്ന് ലോക്സഭയിലേക്ക് നാലാമൂഴത്തിനെത്തിയ മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാറിനെ 78,370 വോട്ടിന് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ പ്രേമചന്ദ്രൻ കൊല്ലത്തിന്റെ മണ്ണിൽ കാലൂന്നിയത്. 1998 ൽ അദ്ദേഹം 71,762 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചെങ്കിലും 1999 ൽ സി പി എം മണ്ഡലം പിടിച്ചെടുത്ത് മത്സരിച്ചു. അന്നത്തെ എൽ ഡി എഫ് തീരുമാന പ്രകാരം ആർ എസ് പിക്ക് ലഭിച്ച രാജ്യസഭാ സീറ്റിൽ പ്രേമചന്ദ്രൻ എം പിയായി. തുടർന്ന് 2006 ൽ ചവറയിൽ നിന്ന് 1,786 വോട്ടിന് വിജയിച്ച് വി എസ് മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായി. പിന്നീടാണ് കൊല്ലത്തെച്ചൊല്ലി തർക്കം മുറുകുന്നതും പ്രേമചന്ദ്രനും ആർ എസ് പിയും യു ഡി എഫിലെത്തുന്നതും.

യു ഡി എഫ്, എൻ ഡി എ മുന്നണികളെ പരാജയപ്പെടുത്തുന്നതിലുപരി എൻ കെ പ്രേമചന്ദ്രനെ വീഴ്ത്തുകയെന്നത് സി പി എമ്മിന്റെ അഭിമാന പ്രശ്‌നം കൂടിയാണ്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു വരുത്തി കളം എൻ ഡി എക്ക് ഒരുക്കി നൽകിയെന്ന ആരോപണമാണ് പ്രേമചന്ദ്രനെതിരേ ഇടതുമുന്നണി പ്രധാന ആയുധമാക്കുന്നത്. യു ഡി എഫിലും എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയ തീരുമാനം പ്രേമചന്ദ്രന് കനത്ത തലവേദനയാണ്. പ്രേമചന്ദ്രൻ സംഘ്പരിവാർ അജൻഡ നടപ്പാക്കുകയാണെന്ന് മന്ത്രിമാരടക്കമുള്ള മുതിർന്ന സി പി എം നേതാക്കൾ തിരഞ്ഞെടുപ്പ് വേദികളിൽ നിരന്തരം ആരോപണം ഉന്നയിക്കുന്നു. മാത്രമല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിനോടകം കൊല്ലം മണ്ഡലത്തിൽ നിരവധി തവണ പ്രചാരണത്തിന് എത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണ പ്രേമചന്ദ്രനെതിരെ നടത്തിയ പരനാറി പ്രയോഗത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയത്തിൽ നെറിവേണമെന്ന ഒളിയമ്പ് എറിഞ്ഞ് പ്രചാരണത്തിന്റെ കൊഴുപ്പ് കൂട്ടി. ആർ എസ് പിക്കെതിരെ പരസ്യവിമർശം നടത്താതിരുന്ന സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇത്തവണ ആർ എസ് പിയെ വിമർശിച്ച് രംഗത്ത് വന്നതും ശ്രദ്ധേയമാണ്.

ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും എല്ലാ നിയമസഭാ മണ്ഡലങ്ങളും കൈപ്പിടിയിലാണെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം എ ബേബിക്ക് അടിതെറ്റിയത് എൽ ഡി എഫ് മറന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ശക്തനായ സ്ഥാനാർഥിയെ എൽ ഡി എഫ് രംഗത്തിറക്കിയത്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോ. സെക്രട്ടറി, പ്രസിഡന്റ്തുടങ്ങിയ സ്ഥാനങ്ങളിൽ മികവ് കാട്ടിയ നേതാവാണ് കെ എൻ ബാലഗോപാൽ. 2006 ൽ വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി. പിന്നീട് രാജ്യസഭാ അംഗമായ അദ്ദേഹം എം പി എന്ന നിലയിൽ മികച്ച പ്രകടനമാണ് നടത്തിയത്. പത്തനംതിട്ട സ്വദേശിയായ ഇദ്ദേഹത്തിന്റെ തട്ടകം എന്നും കൊല്ലമായിരുന്നു. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനോട് മത്സരിച്ചെങ്കിലും 9,201 വോട്ടിന് പരാജയപ്പെട്ടു. എൻ എസ് എസിനോട് അടുപ്പം സൂക്ഷിക്കുന്ന പ്രേമചന്ദ്രനെ വീഴ്ത്താൻ എൻ എസ് എസ് നേതാവായ കലഞ്ഞൂർ മധുവിന്റെ സഹോദരനായ ബാലഗോപാലിനെ തന്നെ തിരഞ്ഞെടുത്തതിന് പിന്നിലും സി പി എമ്മിന് വ്യക്തമായ കണക്ക് കൂട്ടലുണ്ട്.

എന്തായാലും മണ്ഡലത്തിൽ പ്രചാരണം പൊടിപൊടിക്കുകയാണ്. സി പി എം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള അടക്കമുള്ള നേതാക്കൾക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ഐസക് ഉൾപ്പെടെ ഉള്ളവരാണ് മണ്ഡലത്തിൽ എൽ ഡി എഫ് പ്രചാരണത്തിന് ആവേശം പകരാനെത്തിയത്. യു ഡി എഫിന് വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാണ് താരപ്രചാരകനായി രംഗത്തിറങ്ങിയത്. ഇതിന് പുറമെ അവസാന ലാപ്പിൽ പ്രവർത്തകർക്ക് ആവേശം പകരാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തന്നെ രംഗത്ത് ഇറക്കാനാണ് യു ഡി എഫ് ശ്രമം.

പരസ്പര ആരോപണ പ്രത്യാരോപണങ്ങൾകൊണ്ട് ഓരോ ദിവസവും ശ്രദ്ധേയമായിരിക്കുകയാണ് മണ്ഡലം. പ്രേമചന്ദ്രന് മൃദുഹിന്ദുത്വ നയമാണെന്ന ആരോപണം എൽ ഡി എഫ് നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയവും വികസനവും പറയാൻ കഴിയാത്തതിനാലാണ് ഇടതു മുന്നണി ഇത്തരത്തിൽ വ്യക്തിഹത്യ നടത്തുന്നതെന്ന് പറഞ്ഞാണ് ഈ ആരോപണത്തെ യു ഡി എഫ് പ്രതിരോധിക്കുന്നത്. പ്രേമചന്ദ്രനെ സഹായിക്കാനാണ് മണ്ഡലത്തിൽ യാതൊരു പരിചയവുമില്ലാത്ത കെ വി സാബുവിനെ എൻ ഡി എ രംഗത്തിറക്കിയതെന്ന ആരോപണവും സി പി എം മുന്നോട്ട് വെക്കുന്നു. മുൻകാലങ്ങളിൽ ന്യൂനപക്ഷങ്ങളുടെ വോട്ടാണ് പ്രേമചന്ദ്രനെ തുണച്ചതെങ്കിൽ ഇത്തവണ അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾ പ്രതികൂലമാകുമോയെന്ന ആശങ്ക യു ഡി എഫ് കേന്ദ്രങ്ങൾക്കുമുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ആരോപണപ്രത്യാരോപണങ്ങൾ ശക്തമാണ്. തങ്ങളുടെ സ്ഥാനാർഥിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് കാട്ടി യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പ്രചാരണരംഗത്ത് പ്രേമചന്ദ്രൻ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന് കാണിച്ച് എൽ ഡി എഫും പരാതി നൽകി. പോളിംഗ് ബൂത്തിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു വശത്ത് എൽ ഡി എഫിന്റെ സംഘടനാ സംവിധാനവും കെ എൻ ബാലഗോപാലെന്ന മികച്ച സ്ഥാനാർഥിയും, മറുവശത്ത് എൻ കെ പ്രേമചന്ദ്രന്റെ ജനസമ്മതിയും ഒത്തുചേരുമ്പോൾ പോരാട്ടം വാശിയേറിയതാകുമെന്നതിൽ തർക്കമില്ല. കൂടാതെ മണ്ഡലത്തിൽ കാര്യമായ സ്വാധീനം ഇല്ലെങ്കിലും ബി ജെ പി സ്ഥാനാർഥിക്ക് മുൻവർഷങ്ങളിലേതിനേക്കാൾ വോട്ട് കുറഞ്ഞാൽ അത് എവിടേക്ക് പോയി എന്ന കണക്കുകളും തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ചർച്ചയാകും. മണ്ഡലത്തിൽ ആകെ ഒമ്പത് സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മുന്നണി സ്ഥാനാർഥികൾക്ക് പുറമെ ട്വിങ്കിൾ പ്രഭാകരൻ (എസ് യു സി ഐ), സ്വതന്ത്ര സ്ഥാനാർഥികളായ ടി സജിമോൻ, ജയരാജൻ, എസ് സുനി, ജെ ശ്രീകുമാർ, ജി നാഗരാജ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിലുള്ളത്. മണ്ഡലം രൂപവത്കരിച്ചതിന് ശേഷമുള്ള എട്ട് തിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫും ആറെണ്ണം യു ഡി എഫും ജയിച്ച ചരിത്രമാണ് കൊല്ലത്തിനുള്ളത്.

എൽ ഡി എഫ്
സാധ്യത: മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷം. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ് പിന്തുണ.
ആശങ്ക: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ

യു ഡി എഫ്
സാധ്യത: മികച്ച പാർലിമെന്റേറിയൻ എന്ന ഖ്യാതി, ജനകീയനെന്ന പ്രതിച്ഛായ.
ആശങ്ക: ബൈപാസ് ഉദ്ഘാടനത്തിന് നരേന്ദ്ര മോദിയെക്കൊണ്ടുവന്നതിനെ തുടർന്നുള്ള വിവാദങ്ങൾ, സംഘ്പരിവാർ അനുകൂല സമീപനമെന്ന ആരോപണം.

എൻ ഡി എ
സാധ്യത: ശബരിമല വിഷയത്തെ തുടർന്നുള്ള വിവാദങ്ങൾ.
ആശങ്ക: വോട്ടർമാർക്ക് അപരിചിതനായ സ്ഥാനാർഥി എന്ന ആരോപണം. മത്സരം ഇടത് വലത് മുന്നണികൾ തമ്മിലാണെന്നത്.