Connect with us

Business

ചൂട് കാർഷിക വിപണിയെ തളർത്തി

Published

|

Last Updated

കൊച്ചി: പകൽ ചൂടും, തെരഞ്ഞടുപ്പ് ചൂടും കാർഷിക വിപണികളെ തളർത്തി. ഉൽപാദന മേഖലകളിൽ നിന്നുള്ള കുരുമുളക് വരവ് ചുരുങ്ങി, വിളവെടുപ്പും മന്ദഗതിയിൽ, വിദേശ ഓർഡറില്ല. ചുക്ക് വിപണിയും തളർച്ചയിൽ. ചരക്ക് ക്ഷാമം ഏലക്ക വില ഉയർത്തി. വിഷു പടിവാതുക്കൽ എത്തിയിട്ടും വെളിച്ചെണ്ണ വിപണി ചൂടുപിടിച്ചില്ല. ടയർ വ്യവസായികളുടെ പിൻമാറ്റം റബറിന് തിരിച്ചടിയായി. സ്വർണ വില ചാഞ്ചാടി.

ജലക്ഷാമം മൂലം കൃഷിയിടങ്ങൾ പലതും തരിശുഭൂമിയായി. ഇത് കർഷക കുടുംബങ്ങളുടെ സാമ്പത്തികമായി തളർത്തും. നിലവിലെ സ്ഥിതിയിൽ നിന്ന് രക്ഷനേടാൻ വേനൽ മഴ തന്നെ കനിയണം. എന്നാൽ മഴയ്ക്കുള്ള സാധ്യതകൾ ഇനിയും തെളിഞ്ഞിട്ടില്ല. കാലാവസ്ഥ കണക്കിലെടുത്താൽ നടപ്പ് വൾഷം സംസ്ഥാനത്ത് കാർഷികോൽപാദനത്തില്‍ വൻ ഇടിവിന് സാധ്യതയുണ്ട്.

പ്രതികൂല കാലാവസ്ഥ ഏലക്ക കൃഷിയെ കാര്യമായി ബാധിച്ചു. ഏലക്ക ഉൽപാദനം കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് പകുതിയായി കുറയുമെന്ന അവസ്ഥയാണ്. വരൾച്ചക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഏലചെടികൾ ജീവൻ മരണ പേരാട്ടം നടത്തുകയാണ്. ഹൈറേഞ്ചിലെ തോട്ടങ്ങളിൽ ചെടികൾ വാടി കരിഞ്ഞു തുടങ്ങി. കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വാങ്ങലുകാരും ലേല കേന്ദ്രങ്ങളിൽ സജീവമാണ്. ഇതോടെ ഉൽപ്പന്ന വില അതിന്റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ട് ആഴ്ചകളിൽ കിലോഗ്രാമിന് 2000 രൂപക്ക് മുകളിൽ ഇടം കണ്ടെത്തി. 2018 ൽ രേഖപ്പെടുത്തിയ 2253 രൂപയാണ് ഏലക്കയുടെ റെക്കോഡ് വില.

പകൽ ചൂടിന് കാഠിന്യമേറിയതോടെ കാർഷിക വിപണി നീർജീവമായി. വേനൽ മഴ ലഭ്യമാവാഞ്ഞതിനാൽ കൊടികളിൽ കുരുമുളക് മണികൾ അടർന്നു വീഴുന്നു. ജലസേചനം കുറഞ്ഞതിനാൽ പല തോട്ടങ്ങളിലും മുളക് മണികൾക്ക് വലിപ്പവുമില്ല. കനത്ത പകൽ ചൂടിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കുരുമുളക് ചെടികൾ പല ഭാഗങ്ങളിലും ഉണങ്ങി.

കൊച്ചിയിൽ കുരുമുളക് വരവ് കുറഞ്ഞു. ഉത്തരേന്ത്യകാർ ഉൽപ്പന്നം സംഭരിച്ചെങ്കിലും കരുതലോടെയാണ് അവർ നീക്കം നടത്തുന്നത്. യു എസ് യുറോപ്യൻ ബയ്യർമാരുടെ അഭാവം വിലക്കയറ്റത്തിന് തടസമായി. പ്രതികൂല കാലാവസ്ഥ മൂലം ഇക്കുറി ഉൽപാദനം അരലക്ഷം ടണ്ണിൽ ഒതുങ്ങാം. വിദേശ കുരുമുളക് ഇറക്കുമതി തടയാനായാൽ ഓഫ് സീസണിൽ ഉൽപ്പന്ന വിലയിൽ വൻ കുതിച്ചു ചാട്ടത്തിന് ഇടയുണ്ട്. അൺ ഗാർബിൾഡ് കുരുമുളക് 33,100 രൂപ.

ചുക്ക് വില സ്‌റ്റെഡി. കാർഷിക മേഖലകളിൽ നിന്ന് മുഖ്യ വിപണികളിലേക്കുള്ള ചുക്ക് വരവ് കുറഞ്ഞത് നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് സ്‌റ്റോക്കിസ്റ്റുകൾ. വ്യവസായികൾ ചുക്ക് സംഭരിക്കുന്നുണ്ടെങ്കിലും അവർ നിരക്ക് ഉയർത്താൻ തയ്യാറായില്ല. മികച്ചയിനം ചുക്കിൽ കയറ്റുമതി സ്ഥാപനങ്ങൾ കർണാടകത്തിൽ നിന്ന് നേരിട്ട് ചുക്ക് സംഭരിച്ചു. വിവിധയിനം ചുക്ക് 23,00026,500 രൂപയിലാണ്.

വെളിച്ചെണ്ണക്ക് വിഷു ഡിമാണ്ട് അനുഭവപ്പെട്ടില്ല. പ്രാദേശിക വിപണികളിൽ എണ്ണ വിൽപ്പന ചുരുങ്ങിയത് തിരിച്ചടിയായി. മില്ലുകാർ കൊപ്ര സംഭരണം കുറച്ചതും വിപണിയെ ബാധിച്ചു. കൊച്ചിയിൽ കൊപ്ര 9600 രൂപയിലും തമിഴ്‌നാട്ടിൽ 9300 രൂപയിലാണ് കൊപ്രയുടെ ഇടപാടുകൾ നടക്കുന്നത്. ഇവിടെ വെളിച്ചെണ്ണ 14,500 രൂപയിലാണ്.

റബർ മാർക്കറ്റിൽ ഓഫ് സീസണിലെ വിലക്കയറ്റത്തിനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു. വൻ വില പ്രതീക്ഷിച്ച് ഷീറ്റ് സംഭരിച്ചവർ സാമ്പത്തിക ഞെരുക്കത്തിലാണ്. വരൾച്ച കണക്കിലെടുത്താൽ റബർ വില 13,000 രൂപയ്ക്ക് മുകളിലേക്ക് നീങ്ങാം. അതേ സമയം വ്യവസായികൾ ഇറക്കുമതിക്ക് നീക്കം നടത്തിയാൽ മാന്ദ്യം തുടരാം. നാലാം ഗ്രേഡ് 12,800 രൂപയിലും അഞ്ചാം ഗ്രേഡ് 12,600 ലുമാണ്.
സ്വർണ വില പവന് 23,680 ൽ നിന്ന് 23,920 വരെ ഉയർന്ന ശേഷം 23,600 ലേക്ക് ഇടിഞ്ഞു. ശനിയാഴ്ചപവൻ 23,720 രൂപയിലാണ്. ആഗോള വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 1289 ഡോളർ.

Latest