Palakkad
അടിയൊഴുക്കറിയാതെ പാലക്കാട്
ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലുമ്പോൾ കിട്ടുന്ന ആവേശം സ്ഥാനാർഥികൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും പാർട്ടികൾക്കുള്ളിലെ അടിയൊഴുക്കുകൾ എങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് കണ്ടറിയേണ്ടത്. സൗന്ദര്യപ്പിണക്കവും പടലപ്പിണക്കവും വ്യക്തിപരമായ അനിഷ്ടവും തിരിച്ചറിയാതെ കിടക്കുമ്പോൾ അതിനെ എങ്ങനെ നേരിടുമെന്നതാണ് സ്ഥാനാർഥികളെ വലക്കുന്നത്.
മുൻ തിരെഞ്ഞടുപ്പുകളിൽ ഇടതു പക്ഷം ഭൂരിപക്ഷത്തെ കുറിച്ച് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ഇത്തവണ ജയത്തെ കുറിച്ചേ അവർ സംസാരിക്കുന്നുള്ളൂ. ഭൂരിപക്ഷത്തെ കുറിച്ച് പറഞ്ഞ് അഹങ്കരിക്കാൻ താനില്ലെന്ന് എം ബി രാജേഷ് നേരത്തേ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് രാജേഷ് കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത്.
യു ഡി എഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനും വിജയ പ്രതീക്ഷയോടെയാണ് മണ്ഡലത്തിൽ കറങ്ങുന്നത്. സി കൃഷ്ണകുമാറും ഇരു മുന്നണി സ്ഥാനാർഥികളെ പോലെ ശുഭപ്രതീക്ഷയിലാണ്. മണ്ഡലം ത്രികോണ മത്സരത്തിന്റെ പ്രതീതിയിലാണെന്ന് എൻ സി പി അവകാശപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ യുദ്ധം യഥാർഥത്തിൽ യു ഡി എഫും എൽ ഡി എഫും നേർക്കുനേരാണ്.
ദേശീയ- സംസ്ഥാന രാഷ്ട്രീയ വിഷയത്തിനൊപ്പം പ്രാദേശിക കാര്യങ്ങളും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വവും ഉയർത്തിയാണ് മുന്ന് മുന്നണികളും പ്രചരണം കൊഴുപ്പിക്കുന്നത്.
ആറ് നഗരസഭകളും 47 പഞ്ചായത്തുകളും ചേർന്നാണ് പാലക്കാട് മണ്ഡലത്തിന്റെ കിടപ്പ്. വള്ളുവനാടിന്റെ ഭാഗമായ പട്ടാമ്പിയും ഷൊർണൂരും ഒറ്റപ്പാലവും. സംസ്ഥാനത്തെ ആദിവാസി മേഖലകളിലൊന്നായ അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട്. തൊട്ടുടുത്ത് കോങ്ങാട് മണ്ഡലം. വ്യവസായ മേഖലയായ കഞ്ചിക്കോട് ഉൾപ്പെടുന്ന മലമ്പുഴ. പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച കൽപ്പാത്തി ഉൾപ്പെടുന്ന പാലക്കാട്. ഇവയൊക്കെ മുന്നോട്ടു വെക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്ത പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങളെല്ലാം മൂന്ന് മുന്നണികളെയും വ്യത്യസ്ത തരത്തിൽ ബാധിക്കുന്നതിനെക്കാൾ രാഷ്ടീയത്തിലെ അടിയൊഴുക്കുകളാണ് മുന്നണികളെ തളർത്തുന്നത്.
എം ബി രാജേഷ് കഴിഞ്ഞ തവണ 1,05,300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സി പി എമ്മിൽ കഴിഞ്ഞക്കാല തിരെഞ്ഞടുപ്പുകളിൽ വിഭാഗീയത വെല്ലുവിളി ഉയർത്തിയിരുന്നു. അതെല്ലാം പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ കെട്ടടങ്ങി. എന്നാൽ പ്രാദേശികതലത്തിലെ സി പി എം- സി പി ഐ തർക്കം, സി പി എമ്മിലെ ചെറിയ ചെറിയ പ്രശ്‌നങ്ങൾ എന്നിവ ബാധിക്കാതെ നോക്കുന്നുണ്ട് എൽ ഡി എഫ്. യു ഡി എഫിലും പ്രശ്‌നങ്ങൾ വി കെ ശ്രീകണ്ഠനെ അലട്ടുകയാണ്.
പാലക്കാട്ട് മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നതിന് ശോഭാ സുരേന്ദ്രനും സി കൃഷ്ണകുമാറും തമ്മിൽ പോരാട്ടം ശക്തമായിരുന്നു. ഒടുവിൽ സി കൃഷ്ണകുമാർ വിജയിച്ചുവെങ്കിലും കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച ശോഭാ സുരേന്ദ്രൻ അത്ര സുഖത്തിലല്ല ആറ്റിങ്ങലിലേക്ക് പുറപ്പെട്ടത്. ജില്ലയിൽ ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന ഒരു വിഭാഗമുണ്ട്. ഈ വിഭാഗം തിരെഞ്ഞടുപ്പ് പ്രചരണത്തിനുണ്ടെങ്കിലും വോട്ടെടുപ്പ് സമയത്ത് ഏത് രീതിയിൽ പ്രതികരിക്കുമെന്ന് കണ്ടറിയണം.
2009ൽ പാലക്കാട് ലോകസഭ മണ്ഡലം പുനഃക്രമീകരിക്കപ്പെട്ടതിന് ശേഷം രണ്ട് തവണയും ഇടതിനൊപ്പമാണ് നിലയുറപ്പിച്ചത്. രണ്ട് തവണയും എം ബി രാജേഷായിരുന്നു വിജയി. ആദ്യ തവണ യു ഡി എഫിലെ സതീശൻ പാച്ചേനിയെ 1,820 വോട്ടിനാണ് തോൽപ്പിച്ചതെങ്കിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വീരേന്ദ്ര കുമാറിനെയാണ് തോൽപ്പിച്ചത്. വീരേന്ദ്ര കുമാർ ഇത്തവണ ഇടതിനൊപ്പമാണ്. 12, 05,798 വോട്ടർമാരിൽ 9,09,060 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്.
2016ലെ നിയമസഭ തിരെഞ്ഞടുപ്പിൽ എൽ ഡി എഫിന് ആകെ കിട്ടിയത് 4,30,953 വോട്ടുകളായിരുന്നു. യു ഡി എഫിന് ലഭിച്ചത് 3,62,916 വോട്ടുകളും. ഇടത് മുന്നണിയുടെ ഭൂരിപക്ഷം 68,037. ബി ജെ പിക്ക് ലഭിച്ചതാകട്ടെ 1,82,386 വോട്ടുകളും. മലമ്പുഴയിലും പാലക്കാടും ബി ജെ പി രണ്ടാം സ്ഥാനത്തിയിരുന്നു. മണ്ണാർക്കാടും പാലക്കാടുമാണ് യു ഡി എഫിനൊപ്പം നിലയുറപ്പിച്ചത്.
സി പി എമ്മിന്റെ സംഘടനാ സംവിധാനം വൻ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് എൽ ഡി എഫ് കണക്കു കൂട്ടൽ. യു ഡി എഫിന് സംഘടനാ തലത്തിൽ ദൗർബല്യമുണ്ടെങ്കിലും രാഹുൽ തരംഗത്തിലൂടെ അതിനെ മറികടക്കാനാകുമെന്ന് യു ഡി എഫ് കണക്കുകൂട്ടുന്നു.
വിജയ പ്രതീക്ഷയോടെ എൻ ഡി എ ഇരു മുണണികൾക്കും പിറകെ ഓടുന്നുണ്ടെങ്കിലും അവരുടെ തിരെഞ്ഞടുപ്പിൽ പെട്ടിയിൽ വീഴുന്ന വോട്ടുകൾ ബാധിക്കുക യു ഡി എഫിനെയായിരിക്കും. അതോടൊപ്പം എൽ ഡി എഫിന്റെ വിജയ സാധ്യതക്ക് അത് ആക്കം കൂട്ടുകയും ചെയ്യും.
എൽ ഡി എഫ്
സാധ്യത: ഇടത് പക്ഷത്തിന്റെ ചിട്ടയായ പ്രവർത്തനം. സ്ഥാനാർഥിയുടെ വ്യക്തിത്വവും മികച്ച പാർലിമെന്റേറിയനെന്ന ഖ്യാതിയും വികസനവും.
ആശങ്ക: പാർട്ടിക്കുള്ളിലെ ചെറിയ പടലപ്പിണക്കങ്ങൾ, പ്രാദേശികതലത്തിൽ സി പി എം – സി പി ഐ അകൽച്ച.
യു ഡി എഫ്
സാധ്യത: സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്പേ മണ്ഡലത്തിലെ പര്യടനം.
ആശങ്ക: പ്രചാരണത്തിലെ മാന്ദ്യം. വിഭാഗീയത.
എൻ ഡി എ
സാധ്യത: മോദി സർക്കാറിന്റെ വിശ്വാസികൾക്കുള്ള നയ പ്രഖ്യാപനം, നഗരസഭാ വൈസ് ചെയർമാനായുള്ള ഭരണ പരിചയം.
ആശങ്ക: പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളൊഴികെ പാർട്ടിക്കുള്ള സ്വാധീനക്കുറവ്. ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കാൻ കഴിയാത്തത്.