National
വിലക്കിനു പിന്നില്‍ രഹസ്യ അജന്‍ഡ; പിന്‍വലിച്ചില്ലെങ്കില്‍ മറുപടി ജനങ്ങള്‍ നല്‍കും: മായാവതി
ലക്‌നൗ: തിരഞ്ഞെടുപ്പു കമ്മീഷന്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയതിനു പിന്നില്‍ രഹസ്യ അജന്‍യുണ്ടെന്ന ആരോപണവുമായി ബി എസ് പി നേതാവ് മായാവതി. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ ഉത്തരവിനെതിരെ ജനങ്ങള്‍ രംഗത്തു വരണമെന്ന് ലക്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മായാവതിയെ രണ്ട് ദിവസം തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിന്ന് വിലക്കിക്കൊണ്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മൂന്ന് ദിവസത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആറ് മുതലാണ് വിലക്ക് നിലവില്‍ വരിക. ഈ സമയ പരിധിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലോ റോഡ് ഷോയിലോ പങ്കെടുക്കാനോ മാധ്യമങ്ങളെ കാണാനോ പാടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കമ്മീഷന്‍ തീരുമാനമെടുത്തത് ധൃതിപിടിച്ചാണെന്നും കമ്മീഷനെ അധികാരികള്‍ സ്വാധീനിച്ചിട്ടുണ്ടെന്നും പറഞ്ഞ മായാവതി വിലക്കേര്‍പ്പെടുത്തിയ ദിനങ്ങള്‍ കരിദിനങ്ങളായി ആചരിക്കുമെന്ന് വ്യക്തമാക്കി. “തന്റെ പ്രസംഗത്തില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായ ഒന്നുമില്ല. അതിനാല്‍ കമ്മീഷന്‍ തീരുമാനം പുനപ്പരിശോധിക്കണം. നടപടിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ നിങ്ങള്‍ക്കും ബി ജെ പിക്കുമുള്ള ഉചിതമായ മറുപടി ജനങ്ങള്‍ നല്‍കും.”- മായാവതി കൂട്ടിച്ചേര്‍ത്തു.
വിദ്വേഷ പ്രസംഗം നടത്തിയ മായാവതിക്കും യോഗി ആദിത്യനാഥിനുമെതിരെ നടപടിയെടുക്കാത്തത്തില്‍ സുപ്രീം കോടതി കമ്മീഷനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും എതിരെ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവിറക്കിയത്. ഇന്ത്യന്‍ സൈന്യത്തെ മോദിജി കി സേന എന്ന് വിശേഷിപ്പിച്ചതിനാണ് യോഗി ആദിത്യനാഥിന് എതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.