National
പെരുമാറ്റച്ചട്ട ലംഘനം; നടപടി തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍, മനേകക്കും അസംഖാനും വിലക്ക്
ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന നേതാക്കള്‍ക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടികള്‍ തുടരുന്നു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി എസ് പി നേതാവ് മായാവതിക്കും പിന്നാലെ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കു വീണു. അസംഖാന് മൂന്നും മനേകക്ക് രണ്ടും ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സമയ പരിധിയില്‍ ഇവര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
യു പി സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയില്‍ തിരഞ്ഞെടുപ്പു പ്രചാരണ പൊതു യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് മനേകാ ഗാന്ധിക്കെതിരെ നടപടി സ്വീകരിച്ചത്. “മുസ്ലിങ്ങള്‍ എനിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ അത് നല്ല കാര്യമായിരിക്കില്ല. നിങ്ങളുടെ അനുഭവം മോശമായേക്കാം. ജനപിന്തുണയുള്ളതു കൊണ്ട് മണ്ഡലത്തില്‍ നിന്ന് ഞാന്‍ എന്തായാലും വിജയിക്കും. എന്നാല്‍, ഞാന്‍ എം പിയായിക്കഴിഞ്ഞ് എന്തെങ്കിലും ആവശ്യത്തിന് നിങ്ങളെന്നെ സമീപിക്കുകയാണെങ്കില്‍ ഒന്ന് ആലോചിക്കേണ്ടി വരും. എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മാ ഗാന്ധിയുടെ മക്കളല്ല.” -ഇങ്ങനെ പോയി മനേകയുടെ പരാമര്‍ശങ്ങള്‍. പ്രസംഗത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ബി ജെ പി സ്ഥാനാര്‍ഥിയും ചലച്ചിത്ര നടിയുമായ ജയപ്രദക്കെതിരെ മോശമായി സംസാരിച്ചതിനാണ് അസംഖാനെതിരെ നടപടി. യു പിയിലെ രാംപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ജയപ്രദക്കെതിരെ തിരഞ്ഞെടുപ്പു റാലിയില്‍ എതിര്‍ സ്ഥാനാര്‍ഥിയായ അസംഖാന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം.”ഞാനാണ് അവരെ രാംപൂരിന് പരിചയപ്പെടുത്തിയത്. പക്ഷെ, നിങ്ങളെ പത്തു വര്‍ഷക്കാലം ലോക്സഭയില്‍ പ്രതിനിധീകരിച്ച അവര്‍ നിങ്ങളെ പിഴിഞ്ഞെടുക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ അവര്‍ എന്താണെന്നു മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷം വേണ്ടിവന്നു. എന്നാല്‍, അവര്‍ ഉള്‍വസ്ത്രമായി ധരിച്ചിരുന്ന കാക്കിയായിരുന്നുവെന്ന് അറിയാന്‍ എനിക്കു 17 ദിവങ്ങള്‍ മാത്രമെ വേണ്ടിവന്നുള്ളൂ” എന്നായിരുന്നു അസംഖാന്റെ പരാമര്‍ശം.