Connect with us

National

പ്രചാരണത്തിനുള്ള തുക നല്‍കുക; അല്ലെങ്കില്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കുക; വിചിത്ര ആവശ്യവുമായി സ്ഥാനാര്‍ഥി

Published

|

Last Updated

ഭോപ്പാല്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപ അനുവദിക്കണമെന്നും അല്ലെങ്കില്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്നുമുള്ള വിചിത്ര ആവശ്യവുമായി മധ്യപ്രദേശിലെ സ്ഥാനാര്‍ഥി. ബലാഘട്ട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന സമാജ്‌വാദി പാര്‍ട്ടി മുന്‍ എം എല്‍ എ. കിഷോര്‍ സ്മൃതിയാണ് അധികൃതരെ അമ്പരപ്പിക്കുന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് വരണാധികാരിയായ ജില്ലാ കലക്ടര്‍ ദീപക് ആര്യക്ക് അദ്ദേഹം കത്തയച്ചു.

പ്രചാരണത്തിനു ചെലവിടാന്‍ തന്റെ കൈയില്‍ പണമില്ലെന്നും അതിനുള്ള തുക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുകയോ വായ്പ നല്‍കാന്‍ ബേങ്കുകളോട് ആവശ്യപ്പെടുകയോ വേണമെന്നും, ഇതിനു രണ്ടിനും കഴിയില്ലെങ്കില്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യമാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്.

“എതിര്‍ സ്ഥാനാര്‍ഥികളെല്ലാം അഴിമതിക്കാരാണ്. പൊതു ജനങ്ങളില്‍ നിന്ന് പണം തട്ടിയെടുത്താണ് അവര്‍ മത്സര രംഗത്തിറങ്ങുന്നത്. തിരഞ്ഞെടുപ്പിന് ആകെ 15 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ തനിക്ക് പ്രചാരണത്തിനാവശ്യമായ തുക കണ്ടെത്താന്‍ കഴിയില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പു കമ്മീഷനോട് പണം ആവശ്യപ്പെടുന്നത്”- കിഷോര്‍ കത്തില്‍ വ്യക്തമാക്കി.

Latest