Kozhikode
സൂര്യാതപം: കാലികളും കോഴികളും ചത്തൊടുങ്ങുന്നു
കടുത്ത ചൂടിൽ സൂര്യാതപമേറ്റ് കാലികൾ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ഒന്നര മാസത്തെ കണക്കനുസരിച്ച് നൂറ് കണക്കിന് കാലികളും കോഴികളുമാണ് സംസ്ഥാനത്ത് ചൂടിൽ ചത്തൊടുങ്ങിയത്. പോത്തുകളും ആടുകളും പശുക്കളുമാണ് വ്യാപകമായി ചാകുന്നത്. ജീവികളുടെ മരണനിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് പാലക്കാട്ടും തൃശൂരുമാണ്. മൃഗ സംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് പാലക്കാട് ജില്ലയിൽ മാത്രം കഴിഞ്ഞ മാസത്തിനിടക്ക് 60 പശുക്കളും 220 കോഴികളും സൂര്യാതപവും നിർജലീകരണവും കാരണം ചത്തൊടുങ്ങി. എന്നാൽ, യഥാർഥ കണക്ക് ഇതിന്റെ എത്രയോ ഇരട്ടിയാണെന്ന് മൃഗ സംരക്ഷണ വകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്.
വളർത്തുമൃഗങ്ങളിൽ പശുക്കളാണ് കൂടുതലും സൂര്യാഘാതത്തിന് വിധേയമാകുന്നത്. ഒഴിഞ്ഞ പറമ്പുകളിലും പാടങ്ങളിലും മറ്റും ഇവയെ കെട്ടിയിടുന്നതിനാൽ കാലികൾക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത എത്രയോ ഇരട്ടിയാണ്.
അതേസമയം, മനുഷ്യർക്ക് സൂര്യാഘാതമേൽക്കാനുള്ള മുന്നറിയിപ്പുകളും ബോധവത്കരണവും വ്യാപകമായി നടക്കുന്നുണ്ടെങ്കിലും മൃഗങ്ങളുടെ കാര്യത്തിൽ ആരും അത്ര ജാഗ്രത കാണിക്കുന്നില്ല.
കോഴികളേയും ഉഷ്ണഭീഷണി എളുപ്പം പിടികൂടാനിടയുണ്ട്. പൊതുവെ ശരീരോഷ്മാവ് കൂടിയ ജീവിയാണ് കോഴി. കൂടാതെ വിയർപ്പ് ഗ്രന്ഥികളില്ലാത്തതിനാലും മറ്റും വേനലിൽ കോഴി വസൂരി, കോഴി വസന്ത, ശ്വാസകോശ രോഗങ്ങൾ എന്നിവ വ്യാപകമായിട്ടുണ്ട്. ചൂട് കൂടുമ്പോൾ തീറ്റ കുറയുമെന്നതിനാൽ രോഗ പ്രതിരോധ ശേഷിയും കുറയും.
കോഴികൾക്കും മറ്റും വേനലിൽ ഓലയോ ഓടോ മേഞ്ഞ കൂടുകളൊരുക്കുന്നതാണ് നല്ലതെന്നാണ് അധികൃതർ പറയുന്നത്. കുടാതെ, കോഴിക്കൂടിനു ചുറ്റും ചെറു ചെടികളും പുൽത്തകിടുകളും വെച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. വേനൽക്കാലത്ത് തറയിൽ വിരിക്കുന്ന വിരിയുടെ കനം കുറക്കാനും ദിവസേന ഇളക്കിയിടാനുമുളള നിർദേശങ്ങൾ കർഷകർക്ക് മൃഗ സംരക്ഷണ വകുപ്പ് നൽകുന്നുണ്ട്.
കോഴികൾക്കും കാലികൾക്കും ഉച്ച സമയത്ത് തീറ്റ കൊടുക്കരുതെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ നിർദേശം. തീറ്റ ഉഷ്ണം കൂട്ടും. എന്നാൽ, കാലികൾക്ക് പച്ചപ്പുല്ല് കൊടുക്കാവുന്നതാണ്. തണുത്ത വെള്ളം ധാരാളമായി കൊടുക്കണം. സൂര്യാഘാതമേൽക്കാതിരിക്കാൻ ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുന്നത് ഒഴിവാക്കണമെന്നും മൃഗ സംരക്ഷണ വകുപ്പ് നിർദേശിക്കുന്നുണ്ട്.