Connect with us

Articles

ബറകത്തിന്റെ ബറാഅത്ത്; വിധിയെഴുത്തിന്റെ രാത്രി

Published

|

Last Updated

ആ ബറാഅത്തിന്റെ ദിവസം ഞാന്‍ ദമ്മാമിലായിരുന്നു. ശൈഖ് ഉസ്മാന്റെ വസതിയില്‍. ഗവര്‍ണറുടെ തസ്തികയിലുള്ള വ്യക്തിയാണിദ്ദേഹം. അന്ന് ആ വീട്ടില്‍ ബറാഅത്ത് രാവിന്റെ മഹത്വങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള മജ്‌ലിസും പ്രാര്‍ഥനകളും നോമ്പുതുറക്ക് അതിവിപുലമായ സജ്ജീകരണങ്ങളും ഉണ്ടായിരുന്നത് ഇന്നും ഓര്‍ക്കുന്നു. രണ്ട് വര്‍ഷം തമിഴ്‌നാട്ടിലെ വെല്ലൂര് ബാഖിയാത്തില്‍ പഠിച്ചിരുന്ന കാലത്ത് ബറാഅത്തിന്റെ ദിവസങ്ങളില്‍ അവിടെയുള്ള എല്ലാവരും മഖ്ബറകളിലേക്കും പുണ്യ കേന്ദ്രങ്ങളിലേക്കും സിയാറത്തിന് വേണ്ടിയെത്തുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഞാന്‍ അബൂദബിയിലായിരുന്നു. അവിടെ ഖുതുബയില്‍ മുഴുവന്‍ ബറാഅത്തിന്റെ ശ്രേഷ്ഠതകളും പവിത്രതകളുമായിരുന്നു. കഴിഞ്ഞ തവണ ബറാഅത്തിന്റെ ദിവസം ഞാന്‍ അമേരിക്കയില്‍ ഒരു എയര്‍പോര്‍ട്ടിലായിരുന്നു. അവിടെയിരുന്നു കൊണ്ടാണ് യാസീനും മറ്റ് അദ്കാറുകളും ചൊല്ലിയത്. ഇന്ന് പലര്‍ക്കും ആചാരങ്ങളും അനുഷ്ഠാനങ്ങളും പഴഞ്ചനാകുകയും യുക്തിക്ക് നിരക്കാത്തതാകുകയും ചെയ്തിട്ടുണ്ട്.
ശഅ്ബാന്‍ അറബി മാസങ്ങളില്‍ എട്ടാമത്തെ മാസമാണ്. റമസാനിനും റജബിനും ഇടയിലുള്ള മാസം. ഉസാമത്ത്ബ്‌നു സെയ്ദ് തങ്ങളെ തൊട്ട് നിവേദനം ചെയ്യുന്ന ഒരു ഹദീസ്:
ഞാന്‍ അശ്‌റഫുല്‍ ഖല്‍ഖി(സ്വ)നോട് ചോദിച്ചു: അല്ലഹുവിന്റെ റസൂലേ, ശഅ്ബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും (റമസാനൊഴിച്ച്) അങ്ങ് വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ?. അശ്‌റഫുല്‍ ഖല്‍ഖ്(സ്വ) പറഞ്ഞു:
റജബിനും റമസാനിനും ഇടയില്‍ ആളുകള്‍ അശ്രദ്ധരായി വിടുന്ന മാസമാണിത്. എന്നാല്‍ ശഅ്ബാന്‍ അല്ലാഹുവിങ്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങളെ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

ശഅ്ബാനിനെ അവിടുന്ന് കൂടുതല്‍ ആദരിച്ചിരുന്നു. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു: ഉമ്മുല്‍ മുഅ്മിനീന്‍ ആഇശാ(റ)വില്‍ നിന്നാണ് നിവേദനം. മഹതി പറഞ്ഞു: (റമസാനിനു ശേഷം) ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അവിടുന്ന് നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടേയില്ല.

മാസങ്ങളുടെ സവിശേഷതകള്‍ പറയുന്നിടത്ത് പണ്ഡിതന്മാര്‍ ശഅ്ബാനിനെ അശ്‌റഫുല്‍ ഖല്‍ഖിന്റെ(സ്വ)മാസമെന്ന് പ്രത്യേകം പറഞ്ഞതു കാണാം. ഇമാം മഗ്‌റബി(റ) പറയുന്നു: വിശുദ്ധ ഖുര്‍ആനിന്റെ അവതരണം മൂലം മാസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് റമസാനാണ്. പിന്നീട് ശ്രേഷ്ഠതയുള്ളത് തിരുനബി(സ്വ) ജനിച്ച റബീഉല്‍ അവ്വലിനും. ശേഷം റജബാണ്. അത് യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍ വേറിട്ടു നില്‍ക്കുന്നതും അല്ലാഹുവിന്റെ മാസവുമാണ്. അടുത്ത ശ്രേഷ്ഠത ശഅ്ബാനിനാണ്. അത് അല്ലാഹുവിന്റെ ഹബീബിന്റെ മാസവും പ്രവര്‍ത്തനങ്ങളും അവധികളും വിതരണം ചെയ്യുന്ന മാസവും റജബ്, റമസാന്‍ എന്നിവയുടെ മധ്യത്തില്‍ നില്‍ക്കുന്നതുമാണ്. മഹത്വമുള്ള രണ്ട് മാസങ്ങള്‍ക്കിടയിലാണെന്ന സവിശേഷതയും ശഅ്ബാനിനുണ്ട്. വെള്ളിയാഴ്ചയുടെ സമീപത്തുള്ള വ്യാഴത്തിനും ശനിക്കും പ്രാധാന്യമുള്ളതുപോലെയാണിത്.
ശഅ്ബാന്‍ പതിനാല് കഴിഞ്ഞുള്ള രാവാണ് ബറാഅത്ത് രാവ്. ബറാഅത്തിന്റെ ദിവസം അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം വര്‍ഷിക്കുന്നതാണ്. ആ ദിവസം അല്ലാഹു അവിശ്വാസികള്‍ക്കും വിദ്വേഷം വെച്ചു പുലര്‍ത്തുന്നവരും അല്ലാത്ത എല്ലാവര്‍ക്കും പൊറുത്തുകൊടുക്കുമെന്ന് അര്‍ഥം വരുന്ന ഹദീസ് ഇബ്‌നുമാജ ഉദ്ധരിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ 44ാം അധ്യായമായ സൂറത്തു ദുഖാനില്‍ പരാമര്‍ശിച്ച “ലൈലതുന്‍ മുബാറക്ക” കൊണ്ടുള്ള ഉദ്ദേശ്യം ബറാഅത്ത് രാവാണെന്ന് പ്രബലരായ പണ്ഡിതര്‍ ഉദ്ധരിച്ചതായി കാണാം. ലൈലത്തുന്‍ മുബാറക(അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്(മോചന രാത്രി), ലൈലത്തുല്‍ റഹ്മ(കാരുണ്യം വര്‍ഷിക്കുന്ന രത്രി), കാര്യങ്ങളെ രേഖപ്പെടുത്തുന്ന രാത്രി തുടങ്ങി വ്യത്യസ്ത പേരുകളില്‍ ഈ രാത്രിയെ പണ്ഡിതര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ രാവില്‍ ഒട്ടേറെ നന്മകള്‍ വര്‍ധിപ്പിക്കപ്പെടുമെന്നും അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും ഹദീസുകളില്‍ കാണാം. ഈ രാവിന്റെ മറ്റൊരു പ്രത്യേകതയാണ്, കാര്യങ്ങളുടെയെല്ലാം തീരുമാനങ്ങള്‍ രേഖപ്പെടുത്തുകയെന്നത്. യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു തന്നെ സ്പഷ്ടമാക്കിയതാണ്.

ബറാഅത്ത് രാവില്‍ വ്യത്യസ്ത ആവശ്യങ്ങളെ മുന്‍നിര്‍ത്തി മൂന്ന് യാസീനോതുന്നതും ദുആ ചെയ്യുന്നതും വിശ്വാസി ലോകത്തിന്റെ പാരമ്പര്യമാണ്. ഇവയില്‍ ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തെ യാസീന്‍ സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകാന്‍ വേണ്ടിയും മൂന്നാമത്തെത് ജീവിതാന്ത്യം നന്നാകാനും വിശ്വാസത്തോടെ മരിക്കാനും വേണ്ടിയാണ്. ബറാഅത്ത് രാവിനെ കുറിച്ചുള്ള പരാമര്‍ശം വന്ന ഖുര്‍ആനിക അധ്യായം ദുഖാനായതുകൊണ്ടു തന്നെ ഈ രാവില്‍ സൂറത്തു ദുഖാന്‍ പാരായണം ചെയ്യലും പാരമ്പര്യമാണ്. ശഅ്ബാന്‍ പതിനഞ്ചിന്റെ പകലില്‍ നോമ്പനുഷഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ടെന്ന് ഇമാം റംലിയെപോലുള്ള പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റജബും ശഅ്ബാനും റമസാനിന്റെ മുമ്പിലുള്ള രണ്ട് മാസങ്ങളായത് കൊണ്ട് വേണ്ട വിധത്തില്‍ അവയെ പരിഗണിച്ച് റമസാനിനെ മാനിക്കാന്‍ നമുക്ക് സാധിക്കണം.

സയ്യിദ് ഇബ്‌റാഹീമുല്‍ഖലീല്‍
അല്‍ ബുഖാരി