Connect with us

Idukki

ഇടുക്കി: മൂന്നാറിലെ മഞ്ഞിനും ചൂട്

Published

|

Last Updated

ജോയ്‌സ് ജോർജ്, ജോയ്‌സ് ജോർജ്, ബിജു കൃഷ്ണൻ

ജനം കുളിര് തേടിയെത്തിയിരുന്ന മൂന്നാറിൽ പോലും ഇക്കുറി പതിവില്ലാത്ത ചൂടാണ്. അതിനൊപ്പം തിരഞ്ഞെടുപ്പിന്റെ താപമാപിനി കൂടി ഉയർന്നപ്പോൾ ഹൈറേഞ്ചിലെ മഞ്ഞിന് പോലും ചൂട്. സിറ്റിംഗ് എം പി എൽ ഡി എഫ് സ്വതന്ത്രൻ ജോയ്‌സ് ജോർജിനെ മുൻ എതിരാളി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് വീണ്ടും നേരിടുമ്പോൾ പടനിലം കാണാനാകാത്ത വിധം പോരിന്റെ പൊടിപടലം.

എൻ ഡി എക്ക് വേണ്ടി ബി ഡി ജെ എസിന്റെ ബിജു കൃഷ്ണൻ കളത്തിലുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കുന്നില്ല.
തുടക്കത്തിൽ കരുതിയിരുന്ന പോലെ ജോയ്‌സ് ജോർജിന് അത്ര എളുപ്പമല്ല കാര്യങ്ങൾ. ജന്മനാ വലതുപക്ഷ ജാതകക്കൂറുള്ള മണ്ഡലത്തിൽ യു ഡി എഫ് ഐക്യം പതിവില്ലാത്തതു പോലെ പ്രകടമാകുന്നതും കഴിഞ്ഞ തവണ ജോയ്‌സിനെ സഹായിച്ച കത്തോലിക്കാ സഭ പ്രത്യക്ഷ ചായ്‌വ് പുലർത്താത്തതും ഡീനിന് പ്രതീക്ഷ നൽകുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതിനെ തുണച്ച കസ്തൂരിരംഗന്റെ മൂർച്ച ഇക്കുറി കാര്യമായി കുറഞ്ഞിട്ടുണ്ട്. കസ്തൂരിരംഗൻ വിഷയത്തിന്റെ പേരിലുള്ള കുടിയിറക്ക് ഭീതിയിൽ പിറന്ന ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഇപ്പോൾ പഴയ കരുത്തുമില്ല.

കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ കരട് വിജ്ഞാപനത്തിലെ നിർമാണ നിബന്ധനകളിൽ ഇളവു നേടിയെടുത്തതും അഞ്ച് വർഷം മണ്ഡലത്തിൽ നിറസാന്നിധ്യമായിരുന്നതും കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള വ്യാപക വികസന പ്രവർത്തനങ്ങളുമാണ് ജോയ്‌സിന്റെ തുറുപ്പു ചീട്ട്. ഇതിനെ യു ഡി എഫ് പ്രതിരോധിക്കുന്നത് മൂന്ന് കാര്യങ്ങൾ കൊണ്ടാണ്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടതിന്റെ അനിവാര്യത, പ്രളയാനന്തര പുനരധിവാസത്തിലെ പോരായ്മ, രണ്ട് മാസത്തിനിടെയുണ്ടായ ഏഴ് കർഷക ആത്മഹത്യ. എന്നാൽ ദേശസാത്കൃത ബേങ്കുകളുടെ ജപ്തിഭീഷണിയാണ് ആത്മഹത്യകൾക്ക് കാരണമെന്നും അതിൽ നടപടി എടുക്കേണ്ടത് കേന്ദ്ര സർക്കാറാണെന്നും എൽ ഡി എഫ് വാദിക്കുന്നു.

50542 വോട്ടുകൾക്കാണ് എൽ ഡി എഫ് സ്വതന്ത്രനായി രംഗത്തിറക്കിയ ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകൻ ജോയ്‌സ് ജോർജ് 2014ൽ ഡീൻ കുര്യാക്കോസിനെ തറപറ്റിച്ചത്. ജില്ലയിലെ യു ഡി എഫ് ശക്തി കേന്ദ്രങ്ങളെല്ലാം വേനൽ മഴയിലെന്ന പോലെ അന്ന് കടപുഴകി. ഇടുക്കി നിയമസഭാ മണ്ഡലം (24227), ഉടുമ്പഞ്ചോല (22692), ദേവികുളം (9121), പീരുമേട് (5979) എന്നിങ്ങനെ എൽ ഡി എഫ് ഭൂരിപക്ഷം നേടി.

മൂവാറ്റുപുഴയിൽ 5572 വോട്ടിന്റെയും കോതമംഗലത്ത് 2476 വോട്ടിന്റെയും തൊടുപുഴയിൽ 3088 വോട്ടിന്റെയും മേൽക്കൈ മാത്രമാണ് ഡീൻ കുര്യാക്കോസിന് നേടാനായത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 37371 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ തിരിച്ചടി. 2009ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ഇടതുമുന്നണിയിലായിരുന്നിട്ടും കോൺഗ്രസിലെ പി ടി തോമസ് 74796 വോട്ടുകൾക്ക് വിജയിച്ച ഇടുക്കിയാണ് യു ഡി എഫിൽ നിന്ന് 2014ൽ ഒലിച്ചുപോയത്.

അതേസമയം, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം യു ഡി എഫിന് പ്രതീക്ഷ പകരുന്നു. ഏഴിൽ അഞ്ച് മണ്ഡലങ്ങളും എൽ ഡി എഫിനെ തുണച്ചെങ്കിലും 19068 വോട്ടിന്റെ മേൽക്കൈ യു ഡി എഫ് നേടി. തൊടുപുഴയിൽ പി ജെ ജോസഫ് നേടിയ 45587 വോട്ടിന്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷമാണ് ഈ മുൻതൂക്കത്തിന് പിന്നിൽ. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ 9333 വോട്ടിനാണ് ജനാധിപത്യ കേരള കോൺഗ്രസ് അധ്യക്ഷൻ ഫ്രാൻസീസ് ജോർജിനെ പിന്തള്ളിയത്. കോതമംഗലത്ത് ആന്റണി ജോൺ മാത്രമാണ് എൽ ഡി എഫിന് 10000 വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടിക്കൊടുത്തത്-19282. ദേവികുളം( എസ് രാജേന്ദ്രൻ-5752), ഉടുമ്പഞ്ചോല-( എം എം മണി-1109), പീരുമേട്(ഇ എസ് ബിജിമോൾ-334), മൂവാറ്റുപുഴ ( എൽദോ എബ്രഹാം-9375) എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം.

2014ൽ 50438 വോട്ടു നേടി ബി ജെ പിയുടെ സാബു വർഗീസ് ഇടുക്കിയിലും മോദി തരംഗത്തിന്റെ സൂചന നൽകിയിരുന്നു. 2009ൽ ബി ജെ പിക്ക് കിട്ടിയത് 28227 വോട്ടു മാത്രമായിരുന്നു. ഇക്കുറി ശബരിമലയുടെ ബലത്തിൽ ഒരു ലക്ഷം വോട്ടെങ്കിലും നേടുമെന്നാണ് എൻ ഡി എയുടെ അവകാശവാദം.

1977ൽ മണ്ഡലം പിറന്നപ്പോൾ മുതൽ 1999 വരെ ഒരിക്കലൊഴികെ ഇടുക്കി യു ഡി എഫിനൊപ്പമായിരുന്നു. കോൺഗ്രസ് ദേശീയ നേതാവും ജനത ഭരണത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവുമായിരുന്ന സി എം സ്റ്റീഫനായിരുന്നു ആദ്യ വിജയി. ആന്റണി കോൺഗ്രസും കേരള കോൺഗ്രസ് മാണി വിഭാഗവും എൽ ഡി എഫിലായിരുന്ന 80ൽ സി പി എമ്മിന്റെ എം എം ലോറൻസ് പാർലിമെന്റിലെത്തി. പക്ഷേ പിന്നീട് അഞ്ച് തിരഞ്ഞെടുപ്പുകളിൽ യു ഡി എഫിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

എന്നാൽ 99ൽ ഫ്രാൻസിസ് ജോർജ് കോൺഗ്രസിന്റെ കരുത്തനായ പി ജെ കുര്യനെ 9298 വോട്ടുകൾക്ക് അടിയറവ് പറയിച്ചു. 2004ൽ ബെന്നി ബഹനാനെ 69384 വോട്ടുകൾക്ക് കീഴ്‌പ്പെടുത്തി വീണ്ടും പാർലിമെന്റിലെത്തിയ ഫ്രാൻസീസ് ജോർജ് 2009ൽ പി ടി തോമസിന് മുന്നിൽ അടിയറവ് പറഞ്ഞു.

1176099 വോട്ടർമാരാണ് പുതിയ കണക്കനുസരിച്ച് ഇടുക്കി ലോകസഭാ മണ്ഡലത്തിൽ ഉള്ളത്. 591171 വനിതകളും 584925 പുരുഷൻമാരും മൂന്ന് ഭിന്നലിംഗക്കാരും. തൊടുപുഴ നിയമസഭാ മണ്ഡലമാണ് വോട്ടർമാരുടെ എണ്ണത്തിൽ മുന്നിൽ-179163. ഇടുക്കി- 177622, മൂവാറ്റുപുഴ-174183, ദേവികുളം-166584, പീരുമേട്-163575, ഉടുമ്പൻചോല-158133, കോതമംഗലം-156839. മൂവാറ്റുപുഴയിൽ രണ്ടും ദേവികുളത്ത് ഒന്നുമാണ് ഭിന്നലിംഗക്കാർ. 2014ൽ 1157419 വോട്ടർമാരാണ് ഉണ്ടായിരുന്നത്.

എൽ ഡി എഫ്
സാധ്യത: സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം, എം പി എന്ന നിലയിലെ മികച്ച പ്രവർത്തനം.
ആശങ്ക: പരമ്പരാഗത യു ഡി എഫ് മണ്ഡലം, കത്തോലിക്ക സഭയുടെ നിഷ്പക്ഷത.

യു ഡി എഫ്
സാധ്യത: യു ഡി എഫ് ഐക്യം, മണ്ഡലത്തിന്റെ യു ഡി എഫ് ആഭിമുഖ്യ പശ്ചാത്തലം.
ആശങ്ക: പ്രചാരണത്തിലെ പോരായ്മ, ഹൈറേഞ്ചിൽ എൽ ഡി എഫ് സ്ഥാനാർഥിക്കുള്ള വ്യക്തിബന്ധം.

എൻ ഡി എ
സാധ്യത: ശബരിമലയുടെ പേരിലുള്ള ധ്രുവീകരണം, എസ് എൻ ഡി പി സ്വാധീനം.
ആശങ്ക: സജീവമല്ലാത്ത പ്രവർത്തനം, ബി ജെ പി അണികളിലെ മരവിപ്പ്.

Latest