National
'ബാബ്‌രി മസ്ജിദ് പൊളിച്ചതില്‍ അഭിമാനം': വീണ്ടും വിവാദ പരാമര്‍ശം, പ്രഗ്യക്ക് കമ്മീഷന്‍ നോട്ടീസ്
ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹേമന്ദ് കാര്‍ക്കരെയെ അധിക്ഷേപിച്ചതിലൂടെ ബി ജെ പിക്കു തലവേദന സൃഷ്ടിച്ച പ്രഗ്യാ സിംഗ് വീണ്ടും വിവാദത്തില്‍. ബാബ്‌രി മസ്ജിദ് തകര്‍ക്കാന്‍ പള്ളിയുടെ മുകളില്‍ കയറി സഹായിച്ചിരുന്നുവെന്നും അതില്‍ അഭിമാനമുണ്ടെന്നുമുള്ള
പ്രസ്താവനയാണ് പുതിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഗ്യക്ക് പെരുമാറ്റച്ചട്ട ലംഘനത്തിന് രണ്ടാമത്തെ നോട്ടീസ് നല്‍കി.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതുള്‍പ്പടെയുള്ള ആവര്‍ത്തിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഓഫീസര്‍ വി എല്‍ കാന്ത റാവു എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നറിയിപ്പു നല്‍കി.
ഭോപ്പാലില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രഗ്യ ശനിയാഴ്ച തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഒരു ടി വി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. “മികച്ച രീതിയിലുള്ള രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യുമെന്നും അതു തീരുമാനിച്ച ശേഷമാണ് ബാബ്‌രി മസ്ജിദ് പൊളിച്ചതെന്നും ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. തുടര്‍ന്നായിരുന്നു പള്ളി പൊളിക്കുന്നതില്‍ തന്റെ പങ്ക് വ്യക്തമാക്കി കൊണ്ടുള്ള പരാമര്‍ശം. “പള്ളി തകര്‍ക്കാന്‍ ഞാനതിന്റെ മുകളില്‍ കയറിയിരുന്നു. അതു ചെയ്യാന്‍ ദൈവം എനിക്ക് അവസരവും കരുത്തും തന്നതില്‍ അഭിമാനിക്കുന്നു. ഞാനതു ചെയ്തു. രാജ്യത്തെ ഒരു കളങ്കം ഞങ്ങള്‍ തുടച്ചു നീക്കി. ഇനി ഞങ്ങള്‍ അവിടെ രാമക്ഷേത്രം പണിയും.”- മലേഗാവ് സ്‌ഫോടന കേസില്‍ പ്രതി കൂടിയായ ബി ജെ പി നേതാവ് പറഞ്ഞു. പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യക്ക് നോട്ടീസ് നല്‍കുകയായിരുന്നു.