Articles
അമിത് ഷായുടെ ആഗ്രഹങ്ങൾ; ആന്റണിയുടെയും
പതിനേഴാം ലോക്‌സഭയെ നിർണയിക്കാനുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ രാജ്യത്ത് ഇടതുപക്ഷം ഇല്ലാതാകുമെന്നാണ് ബി ജെ പിയുടെ പ്രസിഡന്റ് അമിത് ഷാ ആവർത്തിക്കുന്നത്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കവേ ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ഇന്ത്യൻ യൂനിയനിൽ നിന്ന് സി പി എമ്മും സി പി ഐയും ഇല്ലാതാകുമെന്ന് മലയാളത്തിലെ പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലും പറഞ്ഞു. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്കുണ്ടായ തുടർച്ചയായ (ഡൽഹിയും ബിഹാറും ഒഴികെ) വിജയങ്ങൾ കോൺഗ്രസ് മുക്ത ഭാരതം എന്ന ആഗ്രഹം പങ്കുവെക്കാൻ അമിത് ഷായെ പ്രേരിപ്പിച്ചിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലമാകണം കോൺഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം തത്കാലം മാറ്റിവെക്കാൻ കാരണം.
പശ്ചിമ ബംഗാളിൽ മമതാ ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിനോടേറ്റു തളർന്ന ഇടതുപക്ഷത്തിന്റെ തകർച്ച ഈ തിരഞ്ഞെടുപ്പോടെ ഏറെക്കുറെ പൂർത്തിയാകുമെന്നതാണ് സ്ഥിതി. എതിർക്കുന്നവരെ അടിച്ചമർത്താൻ മടിക്കാത്ത ഭരണകൂടവും അതിന്റെ തണലിൽ വളർന്ന അക്രമി സംഘങ്ങളും രാഷ്ട്രീയ പ്രവർത്തനം അസാധ്യമാക്കുന്ന ബംഗാളിലെ മണ്ണിൽ കേന്ദ്ര ഭരണത്തിന്റെ പിൻബലത്തിൽ ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നത് ബി ജെ പിയാണ്. അതുകൊണ്ടു തന്നെ തൃണമൂൽ ആധിപത്യം സ്ഥാപിച്ചതിന് ശേഷവും ഇടതു മനസ്സായി തുടർന്നവരൊക്കെ ബി ജെ പി പാളയത്തിലേക്ക് ചേക്കേറുകയാണ് ബംഗാളിൽ. വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് ഭൂരിപക്ഷ സമുദായ വോട്ടുകൾ ഏകീകരിക്കാൻ സംഘ്പരിവാരം നടത്തുന്ന ശ്രമം ഇതിലേക്ക് നൽകുന്ന സംഭാവന ചെറുതുമല്ല. പരസ്പരം കച്ചിത്തുരുമ്പാകാമെന്ന നിർദേശം പൂർണമായി സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകാതിരുന്നതോടെ, ശേഷിക്കുന്ന തുരുത്തുകൾ കൂടി ഇല്ലാതാകുമെന്ന സ്ഥിതിയിലാണ് ഇടതുമുന്നണി, പ്രത്യേകിച്ച് സി പി എം. ത്രിപുരയിലെ സ്ഥിതിയും ഇടതുപക്ഷത്തെ സംബന്ധിച്ച് ആശാവഹമല്ല. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വലിയ തോൽവിയിൽ നിന്ന് തിരിച്ചുവരാൻ അവർക്ക് സാധിച്ചിട്ടില്ല. രാഷ്ട്രീയ പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിച്ച്, ഇടതുപക്ഷത്തെ ജനങ്ങളിൽ നിന്ന് അകറ്റിനിർത്തുക എന്ന തന്ത്രമാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള സർക്കാർ പയറ്റുന്നത്. ഇടതുപക്ഷത്തെ മുഖ്യലക്ഷ്യമാക്കി സംഘ്പരിവാരം പ്രവർത്തിക്കുമ്പോൾ അൽപ്പമെങ്കിലും ശ്വാസം ലഭിക്കുന്നത് കോൺഗ്രസിനാണ്. ബംഗാളിലും ത്രിപുരയിലും ഈ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതിൽ ഇടതുപക്ഷത്തിനും അതിനെ നയിക്കുന്ന സി പി എമ്മിനുമുള്ള ഉത്തരവാദിത്വത്തെ കുറച്ചുകാണുന്നില്ല.
ഇടതുപക്ഷത്തിന് സാധ്യതകൾ ശേഷിക്കുന്ന കേരളത്തിൽ കൂടി അവരെ ഇല്ലാതാക്കുമെന്നാണ് അമിത് ഷാ പറയുന്നതിന്റെ പൊരുൾ. ഹിന്ദുത്വ വർഗീയതയെ അതിന്റെ പരമാവധി തീവ്രതയിൽ ഉപയോഗിക്കുന്ന, അതിന് വളമേകാൻ എന്തു നുണയും പറയാൻ ലജ്ജ തോന്നാതിരിക്കുന്ന സംഘ്പരിവാരത്തിന് ഇടതുപക്ഷത്തെ അവസാനിപ്പിക്കുക എന്നത് കേരളത്തിൽ അവർക്ക് സ്വാധീനമുറപ്പിക്കാനുള്ള മാർഗം മാത്രമല്ല. ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ നാമമാത്രമായ സ്വാധീനം മാത്രമേയുള്ളൂവെങ്കിലും സംഘ്പരിവാരത്തിന്റെ അജൻഡകളെ എതിർക്കുന്നതിനുള്ള ആശയാടിത്തറ തീർക്കുന്നതിൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. പശുസംരക്ഷകരെന്ന വ്യാജേന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘ് അക്രമികൾ അഴിഞ്ഞാടിയപ്പോൾ പ്രതിഷേധത്തിന്റെ അല ആദ്യമുയർന്ന ഇടങ്ങളിലൊന്ന് കേരളമായിരുന്നു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇവിടെ ശേഷിക്കുന്ന ഇടതുപക്ഷ മനസ്സാണ്. ആ പ്രതിഷേധത്തെ തെരുവുകളിലേക്ക് എത്തിക്കുന്നതിലും രാജ്യത്ത് വിവിധയിടങ്ങളിലേക്ക് വളർത്തുന്നതിലും ഇടതു രാഷ്ട്രീയ സംഘടനകൾ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ചരിത്രം കാവി ചേർത്ത് തിരുത്താൻ ശ്രമിക്കുമ്പോൾ, വലിയ നുണകളിലൂടെ ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒക്കെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ചലനങ്ങൾ കേരളത്തിൽ നിന്ന് ഉയിർകൊള്ളുന്നതിന്റെ ഒരു കാരണം (ഒരു കാരണമെന്നത് എടുത്തു പറയുന്നു) ഇവിടെ നിലനിൽക്കുന്ന ഇടതു കാഴ്ചപ്പാടും ആ കാഴ്ചപ്പാടിനൊപ്പം നിൽക്കുന്നുവെന്ന് ഇപ്പോഴും അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സാന്നിധ്യവുമാണ്. അതിനെ ഇല്ലാതാക്കുക എന്നത് സംഘ്പരിവാരത്തിന്റെ ആവശ്യമാണ്.
ഇടത്- ഐക്യ ജനാധിപത്യ മുന്നണികൾ ശക്തമായി തുടരുന്ന കേരളത്തിൽ അധികാരം പിടിക്കാൻ പാകത്തിലേക്ക് വളരണമെങ്കിൽ സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കുക എന്നതല്ലാതെ മറ്റൊരു മാർഗം സംഘ്പരിവാരത്തിന് മുന്നിലില്ല. അത് സാധിക്കണമെങ്കിൽ, നിലവിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ഹൈന്ദവ സമൂഹത്തെ അടർത്തിയെടുക്കണം. അതിനുള്ള മാർഗങ്ങളാണ് അമിത് ഷായും കൂട്ടരും ആലോചിക്കുന്നത്. ഈശ്വരന്റെ പേരു പറഞ്ഞാൽ അറസ്റ്റുചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്ന പെരുംനുണ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന നരേന്ദ്ര മോദി നാണത്തിന്റെ ലാഞ്ചന പോലുമില്ലാതെ ആവർത്തിക്കുന്നത് അതുകൊണ്ടാണ്. വംശഹത്യാ ശ്രമത്തിന് അധ്യക്ഷത വഹിച്ചവർക്കും വ്യാജ ഏറ്റുമുട്ടലുകൾക്ക് വളംവെച്ചു കൊടുത്തവർക്കും നുണ പറയാൻ നാണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതാണ് തെറ്റ്. വസ്തുതകളെയും വസ്തുനിഷ്ഠ സാഹചര്യങ്ങളെയും വൈകാരികതയും വ്യാജവും ആദേശം ചെയ്യുകയും അത് വർഗീയതക്ക് വളമാകുകയും ചെയ്യുന്ന ഉത്തരേന്ത്യൻ അവസ്ഥയുടെ പകർപ്പായി കേരളത്തെ രൂപാന്തരപ്പെടുത്താൻ അവർക്ക് മുഖ്യമായും ലക്ഷ്യമിടേണ്ടത് ഇടതുപക്ഷത്തെ തന്നെയാണ്.
വിഷം, വിഷത്തെ മാത്രമേ ഉത്പാദിപ്പിക്കൂ എന്നതിനാൽ സംഘ് അജൻഡയെ മനസ്സിലാക്കാൻ പ്രയാസമില്ല. പക്ഷേ, അവരെ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്ന കോൺഗ്രസും അതിന്റെ നേതാക്കളും കേരളത്തിൽ ഇടതുപക്ഷത്തെ അപ്രസക്തമാക്കാൻ നടത്തുന്ന ശ്രമം, അതുത്പാദിപ്പിക്കാൻ പോകുന്ന അപകടത്തെ മനസ്സിലാക്കാതെയാണെന്ന് കരുതാൻ വയ്യ. മത്സരം കോൺഗ്രസും ബി ജെ പിയും തമ്മിലാണെന്നും ഇടതുപക്ഷം വെറും കാഴ്ചക്കാരാണെന്നുമാണ് സോണിയ- രാഹുൽ ദ്വന്ദ്വത്തിന്റെ വിശ്വസ്തനായി വിശേഷിപ്പിക്കപ്പെടുന്ന പ്രവർത്തക സമിതി അംഗം എ കെ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞത്. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുടെ വയനാട് പ്രവേശത്തോടെ ഇല്ലാതായ ഇടതുപക്ഷത്തെക്കുറിച്ച് മാത്രമാണ് ഇപ്പോൾ സംസാരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന തൊട്ടുടനുള്ള ലക്ഷ്യം മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് അപ്പുറത്ത് ബി ജെ പിയാണ് കേരളത്തിലെ മുഖ്യ എതിരാളിയെന്ന പ്രതീതി ജനിപ്പിക്കുന്നതിലൂടെ സ്വന്തം കാൽക്കീഴിലെ മണ്ണ് കൂടിയാകും ഒലിച്ചുപോകുക എന്ന് ഇവർക്ക് ഇനിയും മനസ്സിലായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അവരെ പഠിപ്പിച്ചിട്ടുമില്ല.
കോൺഗ്രസും ബി ജെ പിയും തമ്മിലാണ് മുഖ്യ മത്സരമെന്ന് അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ബി ജെ പിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ പ്രചാരണം കാരണമായിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. സ്വയം ജയിക്കുന്നതിനൊപ്പം പ്രധാനമാണ് കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവം നിലനിർത്തുക എന്നത് മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങി മുഖ്യമന്ത്രിക്കസേരക്കപ്പുറം ചിന്തയില്ലാത്ത നേതാക്കൾക്ക് ബോധ്യമുണ്ടാകില്ലെങ്കിലും എ കെ ആന്റണിക്ക് ഉണ്ടാകേണ്ടതാണ്.
ലോക്‌സഭയിലെ 543 സീറ്റിൽ, ഇടതുപക്ഷത്തിന് ലഭിക്കാനിടയുള്ളത് തുലോം തുച്ഛമായിരിക്കും. അപ്പോഴും അവർ വെറും കാഴ്ചക്കാരാകില്ലെന്ന് തിരിച്ചറിയേണ്ട ഉത്തരവാദിത്വമുണ്ട്, ദേശീയ രാഷ്ട്രീയ സാഹചര്യം നന്നായി മനസ്സിലാകുന്നുണ്ടെങ്കിൽ, എ കെ ആന്റണിക്ക്. 2004ലെ തിരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭയിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂട്ടുകക്ഷി സർക്കാറുണ്ടാക്കുന്നതിന് ചാലക ശക്തിയായത് ഇതേ ഇടതുപക്ഷമായിരുന്നു. അധികാരത്തിന്റെ പങ്കുപറ്റാതെ, സർക്കാറിനെ പിന്തുണക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനമാണ് യു പി എ എന്ന മുന്നണിക്ക് സിമന്റിട്ടത്. കോൺഗ്രസിന്റെ പല നയങ്ങളോടും വിയോജിപ്പുള്ള പാർട്ടികൾ, മുൻകാലത്ത് ബി ജെ പിയുമായി സഖ്യമുണ്ടാക്കാൻ മടിക്കാത്ത പാർട്ടികൾ ഒക്കെ, മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ സർക്കാറുണ്ടാക്കാനും അതിനെ സ്ഥിരതയോടെ നിലനിർത്താനും ഒത്തുനിന്നതിൽ ഹർകിഷൻ സിംഗ് സുർജിതിന്റെയും പ്രണാബ് കുമാർ മുഖർജിയുടെയും പങ്ക് ഓർക്കാൻ ആന്റണിക്കെങ്കിലും സാധിക്കണം. ഇടതുപക്ഷത്തിന്റെ നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് തയ്യാറാക്കിയ പൊതു മിനിമം പരിപാടിയിലെ ഇനങ്ങൾ നടപ്പാക്കിയതുകൊണ്ടാണ് 2009ൽ യു പി എക്ക് അധികാരത്തിൽ രണ്ടാമൂഴമുണ്ടായത്.
അതൊക്കെ പഴയ കഥ. എണ്ണത്തിൽ അത്രയും വലിയ സാന്നിധ്യമാകാൻ ഇടതുപക്ഷത്തിന് സാധിക്കില്ലെന്നത് വസ്തുത. 2004ലോ 2009ലോ കിട്ടിയ സീറ്റുകളുടെ അടുത്തെത്താൻ കോൺഗ്രസിനും സാധിക്കുമെന്ന് തോന്നുന്നില്ല. നരേന്ദ്ര മോദിയെന്ന ഏകാധിപതിയെയും സംഘ്പരിവാരത്തിന്റെ വർഗീയ അജൻഡകളെയും നീക്കിനിർത്താൻ അവസരമുണ്ടായാൽ അതിന് ചാലകശക്തിയാകാൻ, എണ്ണത്തിൽ കുറവാണെങ്കിലും ഇടതുപക്ഷത്തിനാണ് കൂടുതൽ സാധിക്കുക. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനും മതനിരപേക്ഷ സ്വഭാവം നിലനിർത്താനും വേണ്ടി, അധികാരത്തിന്റെ പങ്ക് ചോദിക്കാതെ പിന്തുണ വാഗ്ദാനം ചെയ്യാൻ ഇടതുപക്ഷത്തു നിന്ന് ജയിച്ചുവരുന്നവരേ ഉണ്ടാകൂ. അപൂർവമായ അത്തരം നിശ്ചയദാർഢ്യങ്ങളുടെ ബലത്തിലേ, വർഗീയ ഫാസിസത്തെ തത്കാലം പ്രതിരോധിക്കാനാകൂ. അത് മനസ്സിലാകുന്നതുകൊണ്ടാണ് ഇടതുപക്ഷത്തെ തുടച്ചുനീക്കാൻ അമിത് ഷായും സംഘ്പരിവാരവും ശ്രമിക്കുന്നത്. അതിലേക്ക് സംഭാവനചെയ്യാനാണ് എ കെ ആന്റണിയുടെയും കൂട്ടരുടെയും പുറപ്പാട്. ഇന്ത്യൻ യൂനിയൻ അഭിമുഖീകരിക്കുന്ന അപകടസന്ധിയിൽ, എണ്ണത്തേക്കാൾ പ്രാധാന്യം ചിലപ്പോൾ നിലപാടുകൾക്കുണ്ടാകും.
ആർ വിജയലക്ഷ്മി