Articles
രാജ്യത്തെ വീണ്ടെടുക്കാനുള്ള ചരിത്രനിയോഗം
ഇതൊരു ചരിത്ര ദൗത്യമാണ്. അഞ്ച് വർഷത്തെ ഭരണം കൊണ്ട് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ ഇളക്കിയ ബി ജെ പി ഭരണത്തിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള ചരിത്ര നിയോഗമാണ് ഈ തിരഞ്ഞെടുപ്പ് നമുക്ക് നൽകിയിട്ടുള്ളത്. അനേക ലക്ഷം ദേശസ്‌നേഹികളുടെ ത്യാഗോജ്ജ്വലമായ പോരാട്ടത്തിലൂടെയും സഹന സമരത്തിലൂടെയും ജീവത്യാഗത്തിലൂടെയും നേടിയെടുത്ത നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും മതസാഹോദര്യവും ബഹുസ്വരതയും ഇതേ പോലെ നിലനിൽക്കണോ എന്ന കാതലായ ചോദ്യമുയരുമ്പോൾ അവ കാത്തു സൂക്ഷിക്കാനായി നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന കടമയാണ് രാജ്യസ്‌നേഹിയായ ഏതൊരു ഇന്ത്യൻ പൗരനുമുള്ളത്.
നരേന്ദ്ര മോദിയുടെ അഞ്ച് വർഷത്തെ ഭരണം നമ്മുടെ രാജ്യത്തിനുണ്ടാക്കിയ ആപത്ത് വിവരണാതീതമാണ്. പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാകുകയും രാജ്യം ദാരിദ്ര്യത്തിൽ മുങ്ങിത്താഴുകയും കടംകയറി കർഷകർ കൂട്ടത്തോടെ ആത്മഹത്യ നടത്തുകയും ചെയ്തപ്പോൾ മോദിയുടെ സുഹൃത്തുക്കളായ ഏതാനും കോർപറേറ്റ് മുതലാളിമാർ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൈയടക്കി തടിച്ചു കൊഴുത്തു.
യു പി എ കാലത്ത് 570കോടി രൂപക്ക് വാങ്ങാൻ നിശ്ചയിച്ചിരുന്ന റാഫേൽ യുദ്ധവിമാനങ്ങൾ അതിന്റെ മൂന്നിരട്ടി തുകയായ 1,760 കോടി വച്ച് വാങ്ങാനാണ് മോദി കരാറുണ്ടാക്കിയത്. ഇത് വഴി 30,000 കോടി രൂപയാണ് റിലയൻസിന്റെ പോക്കറ്റിലെത്തിയത്. ബേങ്കുകളെ കബളിപ്പിച്ച് ശതകോടികളുമായി വിദേശത്തേക്ക് കടന്ന വിജയ്മല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയവർ നരേന്ദ്ര മോദിയുടെ അടുപ്പക്കാരാണ്. കൃഷിയിറക്കാനെടുത്ത പണം തിരിച്ചടക്കാനാവാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോഴാണ് ഇവർ ലക്ഷക്കണക്കിന് കോടികളുമായി സുരക്ഷിതമായി രാജ്യം വിട്ടത്. അവർക്ക് രാജ്യം വിടാനുള്ള ഒത്താശ ചെയ്തത് മോദി സർക്കാറാണ്. 15 ശതകോടീശ്വരന്മാർക്ക് മൂന്നര ലക്ഷം കോടിയുടെ ഇളവുകളാണ് അഞ്ച് വർഷം കൊണ്ട് മോദി സർക്കാർ നൽകിയത്.
ജനങ്ങളെ വർഗീയമായി വേർതിരിക്കുകയും സംഘർഷം സൃഷ്ടിക്കുകയുമാണ് ബി ജെ പി ഭരണത്തിന് കീഴിൽ സംഘ്പരിവാർ ശക്തികൾ ചെയ്തത്. പശുവിന്റെ പേരിൽ പട്ടാപ്പകൽ തെരുവിൽ ആളുകളെ അടിച്ചു കൊല്ലാൻ സംഘ്പരിവാറിന്റെ ഗോരക്ഷാ സംഘങ്ങൾ എന്ന ഗുണ്ടാ സംഘങ്ങൾക്ക് യാതൊരു മടിയുമുണ്ടായില്ല. പശുവിന്റെ പേരിൽ മാത്രം 28പേരെയാണ് കൊന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ വാരിച്ചൊരിഞ്ഞാണ് കേന്ദ്രത്തിൽ ബി ജെ പി സർക്കാർ അധികാരത്തിലേറിയത്. വിദേശത്ത് നിന്ന് കള്ളപ്പണം തിരിച്ചു കൊണ്ടു വന്ന് ഒരോ ഇന്ത്യാക്കാരന്റെയും ബേങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നത് പോലുള്ള കള്ള വാഗ്ദാനങ്ങൾ നൽകി. അധികാരം കിട്ടിയാൽ ആധാർ കീറി കുട്ടയിലിടും എന്ന് പ്രസംഗിച്ച മോദി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആധാർ നിർബന്ധമാക്കി. ജി എസ് ടി വരുന്നതോടെ വില കുറയുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വൻവിലക്കയറ്റമാണ് അത് സൃഷ്ടിച്ചത്.
മോദി അധികാരത്തിലേറിയപ്പോൾ പെട്രോളിന്റെ പേരിൽ ഏറ്റവും വലിയ കൊള്ള നടത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഇടിയുന്നതനുസരിച്ച് ഇന്ത്യയിൽ പെട്രോളിയം വില കുത്തനെ കൂട്ടി. കേന്ദ്രം നികുതി വർധിപ്പിച്ചപ്പോഴൊക്കെ അതിന്റെ വിഹിതം സന്തോഷപൂർവം സംസ്ഥാനവും വാങ്ങി പോക്കറ്റിലിട്ടു. 2016 നവംബർ എട്ടിന് അർധരാത്രി 500 ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിച്ച മോദി സർക്കാറിന്റെ ഭ്രാന്തൻ നടപടി രാജ്യത്തിന് സൃഷ്ടിച്ച ആഘാതം വളരെ വലുതാണ്. ബി ജെ പിക്കാർ നോട്ട് നിരോധനത്തിന്റെ മറവിൽ നടത്തിയ കൊള്ളയുടെ വിവരങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
സുപ്രീം കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും റിസർവ് ബേങ്ക്, സി ബി ഐ പോലുള്ള ഉന്നത സ്ഥാപനങ്ങളെയും കൈപ്പിടിയിൽ ഒതുക്കി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിച്ചത്. ജെ എൻ യു, പൂനെ ഫിലം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും വിദ്വേഷത്തിന്റെ വിഷം ചീറ്റി.
ബി ജെ പി സർക്കാറിന്റെ മറ്റൊരു പതിപ്പാണ് കേരളത്തിലെ പിണറായി സർക്കാർ. അസഹിഷ്ണുതയും ചോരക്കൊതിയും തന്നെയാണ് സി പി എമ്മിന്റെയും മുഖമുദ്ര. പിണറായി അധികാരമേറ്റ അന്ന് തുടങ്ങിയ രാഷ്ട്രീയ കൊലപാതക പരമ്പരക്ക് അറുതിയില്ല. ഇതിനകം കൊല്ലപ്പെട്ടത് 29 പേരാണ്. ഏറ്റവും ഒടുവിൽ പെരിയയിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്തത്തിൽ ചവിട്ടി നിന്നാണ് സി പി എം വോട്ട് ചോദിക്കുന്നത്. ബി ജെ പിയും സി പി എമ്മും രാഷ്ട്രീയ കൊലപാതകങ്ങളിൽ മത്സരിക്കുകയാണ്. ക്രമസമാധാന നില പരിപാലിക്കുന്നതിൽ പിണറായി സർക്കാർ പൂർണമായാണ് പരാജയപ്പെട്ടത്. ഇപ്പോൾ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത ദിവസങ്ങളില്ല.
സ്ത്രീസുരക്ഷയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കി അധികാരത്തിൽ വന്ന പിണറായി സർക്കാറിന് കീഴിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടായി. നിഷ്‌ക്രിയത്വം അല്ലെങ്കിൽ അതിക്രമം എന്നതായി പിണറായിക്ക് കീഴിൽ പോലീസിന്റെ ശൈലി. ഈ സർക്കാറിന് കീഴിൽ കസ്റ്റഡിയിൽ മരിച്ചവരുടെ എണ്ണം 12 ആണ്.
കേരളത്തിന് പാഴായിപ്പോയ ആയിരം ദിവസങ്ങളാണ് പിണറായി സർക്കാറിന് കീഴിൽ കടന്നു പോയത്. വികസ പ്രവർത്തനങ്ങളെല്ലാം നിലച്ചു. പുതിയ ഒരൊറ്റ പദ്ധതികളില്ല. പിണറായി സർക്കാറിന്റെ കെടുകാര്യസ്ഥത കാരണം സാമ്പത്തികമായി സംസ്ഥാനത്തിന്റെ അടിത്തറ ഇളകി. കടം കയറി സംസ്ഥാനം മുടിഞ്ഞു. 43,708 കോടി രൂപയാണ് ഈ സർക്കാർ കടം വാങ്ങിയത്. സമ്പൂർണ ബജറ്റ് അവതരിപ്പിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം 66 ശതമാനം ആയിരുന്നു പദ്ധതി നിർവഹണം. അടുത്ത കാലത്തൊന്നും പദ്ധതി നിർവഹണം ഇങ്ങനെ തകർന്നിട്ടില്ല.
കെടുകാര്യസ്ഥത കൊണ്ട് രണ്ട് മഹാദുരന്തങ്ങൾ പിണറായി സർക്കാർ വരുത്തി വെച്ചു. 2017 നവംബർ 30ന് കേരള തീരത്തെ തകർത്തെറിഞ്ഞ ഓഖി ചുഴലിക്കാറ്റും 2018 ആഗസ്റ്റ് 15, 16, 17 തീയതികളിൽ കേരളത്തെ വിഴുങ്ങിയ മഹാപ്രളയവും. ഓഖി കൊടുങ്കാറ്റിന്റെ വരവ് സംബന്ധിച്ച ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ സംസ്ഥാന സർക്കാർ അവഗണിച്ചു. ഇത് കാരണം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് കടലിൽ കൊടുങ്കാറ്റിൽപ്പെട്ടത്. 2,000 കോടിരൂപയുടെ തീരദേശ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒരു പൈസ ചെലവാക്കിയില്ല. കേന്ദ്രം അനുവദിച്ച സഹായം പോലും ചെലവഴിക്കാത്ത നിരുത്തരവാദിത്വമാണ് സംസ്ഥാന സർക്കാർ കാട്ടിയത്. ഇത് കാരണം 143.53 കോടി രൂപ കേന്ദ്ര സർക്കാറിന് തിരിച്ചെടുക്കേണ്ടി വന്നു. നിയമാനുസൃതമായ മുൻകരുതലുകളെടുക്കാതെ ഡാമുകളെല്ലാം ഒന്നിച്ചു തുറന്നു വിട്ട സർക്കാറിന്റെ വിവേക ശൂന്യമായ നടപടിയാണ് മഹാപ്രളയത്തിന് കാരണമായത്. ഈ ദുരന്തം മനുഷ്യ നിർമിതമാണെന്ന പ്രതിപക്ഷ ആരോപണം പൂർണമായി ശരിവെക്കുന്നതാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി റിപ്പോർട്ട്. ഈ ദുരന്തങ്ങൾ വരുത്തി വെച്ചത് പോലെ പൊറുക്കാനാകാത്ത വീഴ്ചയാണ് അവയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഉണ്ടായത്. പ്രളയത്തിൽ സർവതും നശിച്ച കർഷകർക്ക് സർക്കാർ ഒരു സഹായവും നൽകിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിഞ്ഞു കിട്ടിയ തുക പോലും ചെലവഴിച്ചില്ല.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധി ഉണ്ടായപ്പോൾ വിവേകപൂർവം ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ അത് ആളിക്കത്തിക്കുകയാണ് സർക്കാർ ചെയതത്. അതോടെ ശബരി മല സംഘർഷ ഭൂമിയായി. ഇത് സുവർണാവസരമായിക്കണ്ട് ബി ജെ പി അതിൽ നിന്ന് മുതലെടുപ്പ് നടത്തി. ശബരിമല പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാറിനെക്കൊണ്ട് നിയമനിർമാണം നടത്തിക്കുകയോ ഓർഡിനൻസ് പുറപ്പെടുവിക്കുകയോ ചെയ്യാതിരുന്ന ബി ജെ പി ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുകയാണ്. ആചാര സംരക്ഷണത്തിനായി സുപ്രീം കോടതിയിൽ ഹരജി നൽകിയത് കോൺഗ്രസ് മാത്രമാണ്.
ഈ പശ്ചാത്തലത്തിലാണ് ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തമായ മടങ്ങി വരവ് രാജ്യത്ത് പ്രകമ്പനം കൊള്ളിക്കുകയാണ്. പ്രിയങ്കാ ഗാന്ധി കൂടി എത്തിയതോടെ കോൺഗ്രസ് തരംഗം രാജ്യത്ത് ആഞ്ഞു വീശുന്നു. ദാരിദ്ര്യം തുടച്ചുമാറ്റുന്നതിന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി രാഷ്ട്രത്തിന് പുതിയ ആശ നൽകിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് തൊഴിൽ ഉറപ്പാക്കി അവരുടെ ബേങ്ക് അക്കൗണ്ടിലേക്ക് വർഷം 72,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. അഞ്ച് കോടി നിർധന കുടുംബങ്ങളിലെ 25കോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ചരിത്രപരമായ മറ്റൊരു പ്രാധാന്യം. ഇത് കേരളത്തിന് ലഭിച്ച അംഗീകാരവും ആദരവുമാണ്. കേരളത്തിന്റെ ഇരുപത് മണ്ഡലങ്ങളിലും രാഹുലിന്റെ സ്ഥാനാർഥിത്വത്തിന്റെ ഊർജ പ്രവാഹം ഉണ്ടായിരിക്കുന്നു. കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ രാഹുലിന്റെ വയനാടൻ മത്സരത്തിന്റെ ആവേശം പ്രസരിക്കുന്നുണ്ട്. ഇത് ബി ജെ പിയെ മാത്രമല്ല ഇടതു കക്ഷികളെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. രാഹുലിന്റെ വയനാടൻ മത്സരത്തെ വർഗീയവത്കരിക്കാനുള്ള മ്ലേച്ഛമായ ശ്രമമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയത്. കേരളത്തിൽ രാഹുൽ എത്തിയതോടെ ഒരൊറ്റ സീറ്റിലും ഇടതുപക്ഷത്തിന് ജയിക്കാനാകില്ല എന്ന സത്യം ഇടതു നേതാക്കളെയും രോഷം കൊള്ളിക്കുന്നു. പക്ഷേ ഇടതു രോഷത്തെ സ്‌നേഹം കൊണ്ട് നേരിടുമെന്ന രാഹുലിന്റെ നിലപാട് ഇടതുപക്ഷത്തെ നിസ്സഹായരാക്കുന്നു. ഇടതുപക്ഷത്തിന് ഒരു പ്രസക്തിയുമില്ലാത്ത തിരഞ്ഞെടുപ്പാണിത്. ഈ നിർണായക ഘട്ടത്തിൽ സി പി എമ്മിനും ഇടതുപക്ഷത്തിനും ചെയ്യുന്ന ഓരോ വോട്ടും പാഴാകും. മാത്രമല്ല, അത് ഫലത്തിൽ ബി ജെ പിക്ക് ശക്തി പകരുകയും ചെയ്യും. അതിനാൽ നമ്മുടെ രാജ്യത്തെ രക്ഷിക്കുന്നതിനായി കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിന് വോട്ട് ചെയ്യേണ്ടത് ഓരോ രാജ്യസ്‌നേഹിയുടേയും കടമയാണ്.
രമേശ് ചെന്നിത്തല