Connect with us

National

ഡല്‍ഹിയില്‍ ആറിടത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഷീല ദീക്ഷിത് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍

Published

|

Last Updated

 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ആറെണ്ണത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയുമായ ഷീല ദീക്ഷിത് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ജനവിധി തേടും. ജെ പി അഗര്‍വാള്‍ (ചാന്ദ്‌നി ഛൗക്), അജയ് മാക്കന്‍ (ന്യൂഡല്‍ഹി), അര്‍വീന്ദര്‍ സിംഗ് ലൗലി (കിഴക്കന്‍ ഡല്‍ഹി), മഹാബല്‍ മിശ്ര (പശ്ചിമ ഡല്‍ഹി), രാജേഷ് ലിലോത്തിയ (വടക്കു പടിഞ്ഞാറന്‍ ഡല്‍ഹി) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

മുന്‍ മന്ത്രിയായ ലൗലി വിദ്യാഭ്യാസം, ടൂറിസം, നഗരകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ചു തവണയാണ് അദ്ദേഹം എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടത്. 1998 ഗാന്ധിനഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മത്സരിച്ച തിരഞ്ഞെടുപ്പുകളിലൊന്നും ലൗലി പരാജയമറിഞ്ഞിട്ടില്ല.

എന്നാല്‍, എ എ പിക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ച 2015ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. ഒളിംപിക് ഗുസ്തി താരം സുശീല്‍ കുമാറിനെയാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് പാര്‍ട്ടിയുടെ പൂര്‍വാഞ്ചല്‍ ഘടകം നേതാവായ മഹാബല്‍ മിശ്രക്കു നറുക്കു വീഴുകയായിരുന്നു. ദക്ഷിണ ഡല്‍ഹി മണ്ഡലത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ബാക്കിയുള്ളത്. ഇവിടെ രമേഷ് കുമാര്‍ ചൗഹാന്‍, സുശീല്‍ കുമാര്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

Latest