National
കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിന് സുപ്രീം കോടതിയില്‍ ഖേദപ്രകടനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള സത്യവാങ്മൂലം രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചൂടിലാണ് അങ്ങനെയൊരു പരാമര്‍ശം നടത്തിപ്പോയതെന്നും കോടതി രേഖപ്പെടുത്തുന്ന വിവരങ്ങളോ നിരീക്ഷണങ്ങളോ അല്ലാതെ മേലില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യവാങ്മൂലം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.
റഫാല്‍ ജെറ്റ് ഇടപാടു കേസില്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധിയോട് പ്രതികരിക്കവെയാണ് പ്രധാന മന്ത്രി അഴിമതിക്കാരനും കള്ളനുമാണെന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി രാഹുല്‍ പറഞ്ഞത്. പ്രസ്താവനക്കെതിരെ ബി ജെ പി സുപ്രീം കോടതിയില്‍ കോടതിലക്ഷ്യ ഹരജി നല്‍കിയിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ വിശേഷാധികാരമുള്ളതെന്ന് പറഞ്ഞ രേഖകള്‍ പുനപ്പരിശോധനാ ഹരജികള്‍ക്കൊപ്പം പരിഗണിക്കണോ എന്ന കാര്യത്തില്‍ തീരുമാനം പറയുക മാത്രമാണ് ചെയ്തതെന്നും കോടതി അന്നു തന്നെ വ്യക്തമാക്കിയിരുന്നു.