Kerala
ട്രെൻഡ് മാറുന്നു, പതിനഞ്ചിടത്ത് തീപ്പാറും
പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണതിനൊപ്പം സംസ്ഥാനത്ത് ട്രെൻഡുകളും മാറിമറിയുന്നു. നിശ്ശബ്ദ പ്രചാരണത്തിന്റെ ഇടവേളയിൽ രൂപപ്പെടുന്ന അടിയൊഴുക്കുകൾ ആരെ തുണക്കുമെന്നതിലാണ് ഇനി ആകാംക്ഷ. തുടക്കത്തിൽ യു ഡി എഫ് മേൽക്കൈ പ്രവചിച്ചവർ പോലും മത്സരം കടുത്തെന്ന വിലയിരുത്തലിലേക്ക് മാറി. അവസാന നിമിഷവും അവകാശവാദത്തിന് കുറവില്ലെങ്കിലും സ്ഥാനാർഥികൾക്ക് നെഞ്ചിടിപ്പ് കൂടുകയാണ്.
ചില മണ്ഡലങ്ങളിലെങ്കിലും പ്രചാരണത്തിലെ പിന്നോട്ടടി മാറിയത് മത്സരത്തിന് കടുപ്പം കൂട്ടി. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടവും താഴേത്തട്ടിലെ സംഘടനാ സംവിധാനവും വോട്ടാകുമെങ്കിൽ മേൽക്കൈ ഇടതു പക്ഷത്തിനെന്ന് ഉറപ്പ്. പുറമേ നടന്ന പ്രചാരണങ്ങളാണ് ജനങ്ങളെ സ്വാധീനിച്ചതെങ്കിൽ നേട്ടം യു ഡി എഫിനും. അപ്പോഴും ഒന്ന് ഉറപ്പാണ്, ബി ജെ പി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ല.
രണ്ട് മണ്ഡലങ്ങളാണ് ഉറപ്പായും യു ഡി എഫ് ജയിക്കുമെന്ന് പറയാവുന്നത്. മൂന്നെണ്ണം എൽ ഡി എഫിനും ഉറപ്പിക്കാം. ശേഷിക്കുന്ന പതിനഞ്ചിടത്തും തീപ്പാറും പോരാട്ടം. ആർക്കും ജയിക്കാവുന്ന സാഹചര്യം. ബി ജെ പി ശക്തമായി രംഗത്തുള്ള തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരുമാണ് ത്രികോണ മത്സരം. ഇവിടെയും മറ്റിടങ്ങളിലും ബി ജെ പി പിടിക്കുന്ന വോട്ടുകൾ മറ്റ് സ്ഥാനാർഥികളുടെ ജയപരാജയങ്ങളിൽ നിർണായകമാകും.
തിരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് യു ഡി എഫിനുണ്ടായിരുന്ന മേധാവിത്വം മാറിയെന്നതാണ് ഇടത് ക്യാമ്പിൽ ആത്മവിശ്വാസം കൂട്ടുന്നത്. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതോടെ കേരളം യു ഡി എഫ് തൂത്തുവാരുമെന്ന് വിലയിരുത്തിയവർ പോലും ഇപ്പോൾ നിലപാട് മാറ്റുന്നു. സ്ഥാനാർഥി നിർണയത്തിലെ കരുതൽ പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും കാണിക്കാൻ എൽ ഡി എഫിന് കഴിഞ്ഞു. ജനകീയർ എന്ന് പേരെടുത്ത എം എൽ എമാരെ സ്ഥാനാർഥിയാക്കിയത് തന്നെയാണ് ഇടത് മുന്നണിയുടെ പ്രധാന പ്ലസ് പോയിന്റ്. പത്തിൽ കൂടുതൽ സീറ്റ് എന്ന് ഉറപ്പിക്കുകയാണ് എൽ ഡി എഫ്. പതിനഞ്ചിനപ്പുറത്തേക്ക് കടക്കാവുന്ന സാഹചര്യമാണെന്ന അവകാശവാദവും.
2004ൽ നേടിയ പതിനെട്ട് സീറ്റാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണക്ക്. കണക്കുകൾ നൽകുന്ന മേധാവിത്വവും എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവർത്തനവുമാണ് മുന്നണിയുടെ ആത്മവിശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം കൂട്ടി നോക്കിയാണ് അവകാശവാദം ഉന്നയിക്കുന്നത്. ഇതിന്റെ പകുതിയെങ്കിലും ലഭിച്ചാൽ പത്തിൽ കൂടുതൽ മണ്ഡലത്തിൽ ജയം ഉറപ്പാണെന്ന് മുന്നണി ആവർത്തിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും ചെറിയ തോതിലെങ്കിലും മുൻതൂക്കം ഇടതു പക്ഷത്തിനാണ്.
അടിയൊഴുക്കുകൾ കാര്യങ്ങൾ മാറ്റിമറിച്ചില്ലെങ്കിൽ ഫലം എൽ ഡി എഫിനെ തുണക്കും. സിറ്റിംഗ് സീറ്റുകൾക്കൊപ്പം വടകരയും കോഴിക്കോടും പൊന്നാനിയും ആലപ്പുഴയും കൊല്ലവും പിടിക്കുമെന്നാണ് സി പി എമ്മിന്റെ കണക്ക്. ആഞ്ഞുപിടുത്തം ഫലം കണ്ടാൽ എറണാകുളവും മാവേലിക്കരയും പത്തനംതിട്ടയും തിരുവനന്തപുരവും വരെ കൂടെപ്പോരുമെന്നും പ്രചരണം വിലയിരുത്തി സി പി എം അവകാശപ്പെടുന്നു.
മോദി ഭീതിയും രാഹുലിന്റെ വരവുമാണ് യു ഡി എഫ് ക്യാമ്പിന്റെ പ്രതീക്ഷ. കേന്ദ്രത്തിൽ ഭരണമാറ്റം വേണമെന്ന കേരളത്തിന്റെ മനസ്സ് തങ്ങൾക്ക് അനുകൂല വോട്ടായി മാറുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതിനെ തുണച്ച ന്യൂനപക്ഷങ്ങൾ തങ്ങൾക്കൊപ്പം വരുമെന്നും കരുതുന്നു. രാഹുലിന്റെ സ്ഥാനാർഥിത്വം ഇതിന് സഹായിക്കും. മാധ്യമങ്ങൾ പൊതുവിൽ യു ഡി എഫിനൊപ്പം നിന്നതും നേട്ടമാകുമെന്നും കണക്ക് കൂട്ടൽ. സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ആലത്തൂരും കണ്ണൂരും തൃശൂരും ചാലക്കുടിയും പിടിച്ചെടുക്കുമെന്നാണ് യു ഡി എഫ് അവകാശവാദം. കാസർകോട്, ഇടുക്കി, ആറ്റിങ്ങൽ മണ്ഡലങ്ങളിലും പ്രതീക്ഷ പുലർത്തുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷ പുലർത്തുന്നുണ്ടെങ്കിലും ബി ജെ പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും താഴേത്തട്ടിൽ കാര്യങ്ങൾ എളുപ്പമല്ല. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ബി ജെ പിക്ക് തിരിച്ചടിയാകും. ത്രികോണ മത്സരം നടക്കുന്ന ഇവിടെ മുന്ന് മുന്നണികളും ഒരു പോലെ പ്രതീക്ഷയിലാണ്. സി പി ഐ സ്ഥാനാർഥി മത്സരിക്കുന്ന ഇവിടെ സി പി എം പ്രവർത്തകർ പതിവിൽ നിന്ന് വ്യത്യസ്തമായി സജീവമായി രംഗത്തുണ്ടെന്നതാണ് സി ദിവാകരന് നൽകുന്ന പ്രതീക്ഷ.
ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിൽ ജയിക്കാമെന്ന് ശശി തരൂരും കണക്ക് കൂട്ടുന്നു. ശബരിമലയുടെ പശ്ചാത്തലത്തിൽ ഹൈന്ദവ വോട്ടുകൾ വലിയ തോതിൽ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബി ജെ പിയുടെ വാദം.
പത്തനംതിട്ടയിൽ പ്രചാരണം കൊഴുപ്പിക്കാൻ കെ സുരേന്ദ്രനായെങ്കിലും കാര്യങ്ങൾ അനുകൂലമല്ല. സിനിമാ താരം എന്ന നിലയിൽ സുരേഷ് ഗോപിയെ കാണാൻ തടിച്ചു കൂടുന്ന ആൾക്കൂട്ടം തൃശൂരിൽ വോട്ടാകുമെന്നാണ് ബി ജെ പിയുടെ വാദം. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും മൂന്നിടത്തും വിജയിക്കാവുന്ന സാഹചര്യമില്ല.