Kerala
അവകാശവാദം, ആത്മവിശ്വാസം; പ്രതീക്ഷ കൈവിടാതെ മുന്നണികൾ

ജനവിധി കുറിക്കാൻ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോഴും തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്നണികൾ. പകുതിയിലധികം സീറ്റുകൾ ഉറപ്പിച്ചാണ് എൽ ഡി എഫും യു ഡി എഫും കണക്കുകൾ കൂട്ടുന്നത്. അത്ഭുതങ്ങൾ സംഭവിക്കുമെന്നും അട്ടിമറി ഉറപ്പാണെന്നും എൻ ഡി എയും അവകാശപ്പെടുന്നു. പഴുതടച്ച പ്രചാരണത്തിലൂടെ ലഭിച്ച മേൽക്കൈ വോട്ടിംഗിലും പ്രതിഫലിച്ചാൽ കാര്യങ്ങൾ ഇടത് മുന്നണിക്ക് അനുകൂലമാകും.
രാഹുലിന്റെ സാന്നിധ്യം നൽകിയ ഉണർവിലാണ് യു ഡി എഫിന്റെ പ്രതീക്ഷകളത്രയും. നിശബ്ദ പ്രചാരണത്തിന്റെ പകലിൽ ബൂത്ത് തിരിച്ചുള്ള കണക്കെടുപ്പിന്റെ തിരക്കിലായിരുന്നു പാർട്ടികൾ. ഇന്ന് വോട്ടിംഗ് അവസാനിക്കുന്നതോടെ ബൂത്ത് തലങ്ങളിൽ വിശദമായ കണക്കെടുപ്പുണ്ടാകും. വർഗീയത ചെറുക്കാൻ മുന്നിൽ നിൽക്കുന്നതും ബി ജെ പി വിരുദ്ധ നിലപാടിലെ കാർക്കശ്യവും സംസ്ഥാന സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നതുമാണ് എൽ ഡി എഫിനുള്ള പ്ലസ്‌പോയിന്റ്.
ജനങ്ങളുമായി അടുപ്പമുള്ളവരെ സ്ഥാനാർഥികളാക്കിയതിനൊപ്പം പാർട്ടി മെഷിനറിയെ പ്രചാരണ രംഗത്ത് സജീവമാക്കി നിർത്താൻ കഴിഞ്ഞതും നേട്ടമാകും. മുന്നണിയിലും പാർട്ടിയിലും അസ്വാരസ്യങ്ങളില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും ഇടത് ക്യാമ്പിനുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാതിരഞ്ഞെടുപ്പിലെയും സ്ഥിതി ഇതായിരുന്നില്ല. വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഭാഗീയത പാർട്ടിക്കുള്ളിലും സി പി ഐ ഉൾപ്പെടെ ഘടകകക്ഷികളുമായുണ്ടായിരുന്ന സ്വരചേർച്ചയില്ലായ്മയുമുണ്ടാക്കിയ പ്രതിസന്ധിക്കിടെയാണ് കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകൾ സി പി എം അഭിമുഖീകരിച്ചിരുന്നത്. ഇത്തവണ അങ്ങിനെയൊരു പ്രതിസന്ധിയില്ലെന്ന് മാത്രമല്ല, വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ മുന്നണിയിൽ മടങ്ങിയെത്തിയിട്ടുമുണ്ട്. ദളിന്റെ മടക്കം കോഴിക്കോട്, വടകരയിലെയും ഫലത്തെ സ്വാധീനിക്കും.
ബാലകൃഷ്ണപിള്ളയുടെ കേരളാകോൺഗ്രസ് എൽ ഡി എഫിലെത്തിയതിന്റെ നേട്ടം കൊല്ലത്തും മാവേലിക്കരയിലും ലഭിക്കുമെന്നാണ് സി പി എം കണക്ക് കൂട്ടൽ. എൻ എസ് എസിന്റെ അകൽച്ച മറികടക്കാൻ പിള്ളയുടെ സാന്നിധ്യം സഹായിക്കുമെന്നും പാർട്ടി കണക്ക് കൂട്ടുന്നു. സി പി എം- സി പി ഐയും തമ്മിൽ മുമ്പെങ്ങുമില്ലാത്ത വിധം രൂപപ്പെട്ട അടുപ്പവും മുന്നണിക്ക് നേട്ടമാകും. സംഘ്പരിവാറിനെതിരായ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ സഹായിക്കുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ. ശബരിമല വിഷയത്തിലടക്കം ആർ എസ് എസിനും മറ്റ് തീവ്രഹിന്ദു സംഘടനകൾക്കുമെതിരെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് ന്യൂനപക്ഷങ്ങളിലെ ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസം ആർജിക്കാൻ സഹായിക്കുമെന്നും സി പി എം കരുതുന്നു.
രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തിയതോടെ ന്യൂനപക്ഷങ്ങളുടെ പിന്തുണ തങ്ങൾക്ക് അനുകൂലമായി വരുമെന്നാണ് യു ഡി എഫിന്റെ വാദം. കേന്ദ്രത്തിൽ ഭരണമാറ്റം സാധ്യമാകാൻ കോൺഗ്രസിന്റെ അംഗസംഖ്യ വർധിക്കണമെന്ന സാഹചര്യം വോട്ടിംഗിലും പ്രതിഫലിക്കുമെന്നും കണക്ക് കൂട്ടുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുകയെന്ന പ്രചാരണം നന്നായി നടത്തിയിട്ടുമുണ്ട്.
മതനിരപേക്ഷ സർക്കാർ വരുന്നതിന് ഇടത് മുന്നണി തടസമല്ലെന്നും 2004ലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 18 സീറ്റ് ലഭിച്ചപ്പോഴാണ് ഒന്നാം യു പി എ അധികാരത്തിൽ വന്നതെന്ന് എൽ ഡി എഫും തിരിച്ചടിക്കുന്നു. അട്ടിമറിയുണ്ടാകുമെന്നാണ് എൻ ഡി എയുടെ അവകാശവാദം. തൃശൂരിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ബി ജെ പി ആവർത്തിക്കുന്നു. ഫലത്തിനായാനുള്ള കാത്തിരിപ്പ് മാസം നീളുമെന്നതിനാൽ കണക്ക് കൂട്ടാനും കുറക്കാനും സമയമേറെയുണ്ട്. ഒന്നരമാസത്തെ ശക്തമായ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുമെന്നുറപ്പാണ്. പോളിംഗ് ശതമാനം ഉയരുമെന്നാണ് ഇരുമുന്നണികളുടെയും പ്രതീക്ഷ.