National
പ്രധാന മന്ത്രി പദം ലേലത്തില്‍ വച്ചിട്ടില്ല; മമതക്കെതിരെ കടുത്ത വിമര്‍ശമുയര്‍ത്തി മോദി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടുത്ത വാക്കുകളില്‍ ആക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രധാന മന്ത്രി പദവി ലേലത്തിനു വച്ചിട്ടില്ലെന്നും മമതയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അവര്‍ കൊള്ളയടിച്ച പണം ഉപയോഗിച്ച് പ്രധാന മന്ത്രി പദം വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്നും
കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ മോദി ആരോപിച്ചു. കൈവശമുള്ള ഒരു പിടി സീറ്റുകള്‍ ഉപയോഗിച്ച് അടുത്ത പ്രധാന മന്ത്രിയാവാമെന്നാണ് മമത സ്വപ്‌നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ദീദീ, പ്രധാന മന്ത്രി പദവി ലേലത്തിനു വച്ചിട്ടില്ല. ശാരദ ചിട്ടി ഫണ്ട്, നാരദ കുംഭകോണങ്ങളിലൂടെ നേടിയ പണം ഉപയോഗിച്ച് അതു വാങ്ങാനാവില്ല. ആ പദവിയിലേറാന്‍ 130 കോടി വരുന്ന ഇന്ത്യന്‍ ജനതയുടെ അനുഗ്രഹാശിസ്സുകള്‍ കൂടിയേ കഴിയൂ.”- മോദി വ്യക്തമാക്കി.
ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ വിജയത്തില്‍ സംശയമുന്നയിക്കുന്ന മമതയുടെ നിലപാടിനെതിരെയും പ്രധാന മന്ത്രി ആഞ്ഞടിച്ചു. “പാക്കിസ്ഥാനുമായി എങ്ങനെ ഉഭയകക്ഷി ബന്ധം രൂപപ്പെടുത്താന്‍ കഴിയുമെന്ന് മമത വ്യക്തമാക്കണം. റോസ് വാലിയിലെ പൂക്കള്‍ കണ്ടതു കൊണ്ടു മാത്രം പാക്കിസ്ഥാന്‍ നിങ്ങളെ സ്വീകരിക്കുമെന്നാണോ കരുതുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ഭീകരരില്‍ നിന്നുതന്നെ തേടാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്.
ബാലാക്കോട്ടിലെ വ്യോമാക്രമണത്തിനു ശേഷം നിങ്ങള്‍ എന്തിനാണ് പാക്കിസ്ഥാന് അനുകൂലമായി കണ്ണീര്‍ പൊഴിച്ചതെന്ന് അറിയാന്‍ ബംഗാളിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. ഇതാണോ നിങ്ങളുടെ നയം. 130 കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വളരെ പ്രധാനമാണ്.”-നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.