Connect with us

Ongoing News

വോട്ട് പെട്ടിയിലായിട്ടും കൊല്ലത്തെ ഇടത് - വലത് വാക്‌പോര് തുടരുന്നു

Published

|

Last Updated

വോട്ട് പെട്ടിയിലായിട്ടും കൊല്ലത്തെ ഇടത് വലത് മുന്നണികൾ തമ്മിൽ വാക്‌പോര് തുടരുന്നു. മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയും ആർ എസ് പി നേതാവുമായ എൻ കെ പ്രേമചന്ദ്രൻ മന്ത്രിമാരായ തോമസ് ഐസകിനും കെ ടി ജലീലിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയതാണ് പുതിയ വിവാദത്തിനിടയാക്കിയത്.

തോമസ് ഐസക്കും കെ ടി ജലീലും ന്യൂനപക്ഷ മേഖലകളിൽ മതസ്പർധ വളർത്തുന്ന രീതിയിൽ തനിക്കെതിരെ പ്രചാരണം നടത്തിയെന്നാണ് പ്രേമചന്ദ്രൻ ആരോപിക്കുന്നത്. മണ്ഡലത്തിൽ ക്യാന്പ് ചെയ്ത് ന്യൂനപക്ഷ മേഖലകളിൽ തനിക്കെതിരെ ഐസക് അപവാദപ്രചാരണം അഴിച്ചു വിട്ടു. മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി ജയിച്ചാൽ അത് അപവാദപ്രചാരണത്തിലൂടെ നേടിയ ജയമാകുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

പ്രാദേശിക തലങ്ങളിൽ, ബൂത്ത് തലങ്ങളിൽ പ്രവർത്തകരുടെ പ്രതികരണങ്ങൾ അനുസരിച്ച് നല്ല ഭൂരിപക്ഷത്തിൽ ജയിക്കണം. പക്ഷേ, സി പി എമ്മിന്റെ പി ബി അംഗവും മന്ത്രിയുമായ തോമസ് ഐസക് കൊല്ലത്ത് തങ്കശ്ശേരിയിൽ ഹോട്ടലിൽ ക്യാമ്പ് ചെയ്ത് യതീം ഖാനകളിലും ജമാഅത്തുകളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും എനിക്കെതിരെ അപവാദപ്രചാരണത്തിന് നേതൃത്വം നൽകി.

ജയിച്ചാൽ താൻ ബി ജെ പിയിലേക്ക് പോകുമെന്നും തന്റേത് ഒരു ആർ എസ് എസ് കുടുംബമാണെന്നും ന്യൂനപക്ഷ കേന്ദ്രങ്ങളിൽ പോയി തോമസ് ഐസകിന്റെ സംഘം പറഞ്ഞു. പ്രത്യയശാസ്ത്രപരമായി ഉന്നതങ്ങളിൽ നിൽക്കുന്നയാളെന്ന് പൊതുജനം പറയുന്ന തോമസ് ഐസക് പച്ചയായ വർഗീതയ പറയുകയല്ലേ ചെയ്തത്? തോമസ് ഐസകിന് മന്ത്രിയായി തുടരാൻ അവകാശമുണ്ടോ?

പ്രേമചന്ദ്രൻ ചോദിച്ചു. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യാതെ സി പി എം വ്യക്തിപരമായി വേട്ടായാടിയെന്നും ന്യൂനപക്ഷ മേഖലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ വ്യാജ പ്രചാരണം നടത്തിയെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
അതേസമയം പ്രേമചന്ദ്രന്റെ ആരോപണങ്ങൾ നിഷേധിച്ച എൽ ഡി എഫ് സ്ഥാനാർഥി തരംതാണ പ്രചാരണവും വ്യക്തിഹത്യയും നടത്തിയത് പ്രേമചന്ദ്രനാണെന്ന് പ്രതികരിച്ചു. യു ഡി എഫ് സ്ഥാനാർഥിയുടെ ബി ജെ പി ബന്ധം ജനങ്ങളോട് പറയുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ എൻ ബാലഗോപാൽ പറഞ്ഞു. മണ്ഡലത്തിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ പോളിംഗ് നിരക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും. ദേശീയതലത്തിൽ ഇടതു കൂട്ടായ്മയുടെ ഭാഗമായ ആർ എസ് പിയും സി പി എമ്മും നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലമായ കൊല്ലത്തെ വിജയം ഇരുമുന്നണികൾക്കും അഭിമാനപ്രശ്‌നമാണ്.

---- facebook comment plugin here -----

Latest